
പാലക്കാട്: കഞ്ചിക്കോട് അന്യസംസ്ഥാന തൊഴിലാളി ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നിൽ ആർഎസ്എസെന്ന് സിപിഎം. അന്യസംസ്ഥാന തൊഴിലാളിയായ രാംനാരായൺ ഭയ്യാൽ കൊല്ലപ്പെട്ട സംഭവത്തിലാണ് സിപിഎം നേതാക്കൾ ആർഎസ്എസിനെതിരെ ഗുരുതര ആരോപണം ഉയർത്തുന്നത്. രാംനാരായൺ ഭയ്യാൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ സംഘപരിവാർ പ്രചരിപ്പിക്കുന്ന വിദ്വേഷ രാഷ്ട്രീയമാണെന്ന് മന്ത്രി എം.ബി. രാജേഷ് ആരോപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കൊലപാതകത്തിന് പിന്നിൽ ആർ എസ് എസാണെന്ന് കുറ്റപ്പെടുത്തി.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പതിവായി കണ്ടുവരുന്ന ആൾക്കൂട്ടക്കൊലകളുടെ മാതൃകയിലാണ് കേരളത്തിലും ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ട് വിദ്വേഷ പ്രചാരണം നടക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികളെ ‘ബംഗ്ലാദേശികൾ’ എന്ന് മുദ്രകുത്തി ശത്രുക്കളായി ചിത്രീകരിക്കുന്ന പ്രവണത കേരളത്തിലും ശക്തിപ്പെടുകയാണെന്നും, അത്തരം വർഗീയ–വംശീയ വിഷത്തിന്റെ ഇരയായാണ് രാംനാരായൺ ഭയ്യാൽ കൊല്ലപ്പെട്ടതെന്നും മന്ത്രി വ്യക്തമാക്കി. ഈ കേസിൽ ഇതുവരെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായ പ്രതികൾ മുമ്പ് രണ്ട് സിപിഎം പ്രവർത്തകരെ വീടുകയറി ആക്രമിക്കാൻ ശ്രമിച്ച കേസിലെ പ്രതികളാണെന്ന നിർണ്ണായക വിവരവും പുറത്തുവന്നിട്ടുണ്ട്. പ്രതികളുടെ രാഷ്ട്രീയവും ക്രിമിനൽ പശ്ചാത്തലവും മറച്ചുവെച്ച് സംഭവത്തെ വെറുമൊരു ആൾക്കൂട്ട ആക്രമണമായി മാത്രം ചിത്രീകരിക്കുന്നത് നിർഭാഗ്യകരമാണെന്നും മന്ത്രി വിമർശിച്ചു.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനായി സർക്കാർ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും, കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തോടൊപ്പം സർക്കാർ ഉറച്ചുനിൽക്കുന്നതായും എം.ബി. രാജേഷ് പറഞ്ഞു. രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പാലക്കാട് നടന്ന ആൾക്കൂട്ട കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ആരോപിച്ചു. കൊടും ക്രൂരതകൾ ചെയ്യാൻ മടിയില്ലാത്ത ആർഎസ്എസ് ക്രിമിനലുകളുടെ സംഘമാണ് രാംനാരായൺ ഭയ്യാലിനെ ആക്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യവും മതനിരപേക്ഷതയും ഉയർത്തിപ്പിടിക്കുന്ന കേരള സമൂഹത്തിന് ഇത്തരം സംഭവങ്ങൾ അംഗീകരിക്കാനാകില്ലെന്നും, ഇതിനെതിരെ കേരളം ഒന്നിച്ച് നിൽക്കണമെന്നും എം.വി. ഗോവിന്ദൻ ആഹ്വാനം ചെയ്തു.











