
കാട്ടുപന്നി കുറുകെചാടിയതോടെ കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. പാലക്കാട് ചിറ്റൂർ റോഡിലെ കല്ലിങ്കൽ ജംക്ഷനു സമീപം ഇക്കഴിഞ്ഞ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. പാലക്കാട് നൂറടി റോഡ് രഞ്ജിത്തിന്റെ മകൻ റോഹൻ (24), നൂറണി സ്വദേശി സന്തോഷിന്റെ മകൻ റോഹൻ സന്തോഷ് (22), യാക്കര സ്വദേശി ശാന്തകുമാറിന്റെ മകൻ സനൂഷ് (19) എന്നിവരാണ് മരിച്ചത്. മൂന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കാർ ഓടിച്ച ചന്ദ്രനഗർ സ്വദേശി ആദിത്യൻ (23), യാക്കര സ്വദേശി ഋഷി (24), നെന്മാറ സ്വദേശി ജിതിൻ (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
ചിറ്റൂരിൽ നിന്ന് പാലക്കാട്ടേക്കു വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാട്ടുപന്നിയെ ഇടിക്കാതിരിക്കാൻ ഡ്രൈവർ വെട്ടിച്ചപ്പോൾ വാഹനം നിയന്ത്രണംവിട്ടു. ആദ്യം റോഡരികിലെ മൈൽക്കുറ്റിയിലും തുടർന്ന് സമീപത്തെ മരത്തിലും ഇടിച്ച കാർ താഴെയുള്ള പാടത്തേക്ക് മറിഞ്ഞു. ഇടിയുടെ ആഘാതത്തിൽ വാഹനം തകർന്നു.
വാഹനത്തിൽ കുടുങ്ങിയ ആറുപേരെയും അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്ന് പുറത്തെടുത്തു. മൂന്നു പേർ അപ്പോഴേക്കും മരിച്ചിരുന്നു. മരിച്ച സനൂഷ് വിദ്യാർത്ഥിയായിരുന്നു. സുഹൃത്തുക്കളായ ഇവർ ആഴ്ചാവസാനങ്ങളിൽ പാലക്കാട്ടെത്തി കൂട്ടായ്മകൾ നടത്താറുണ്ടായിരുന്നുവെന്നാണ് വിവരം. മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.











