11:11pm 28 August 2026
NEWS
ഒമ്പത് ലക്ഷം രൂപ മാത്രം ചിലവായ കാത്തിരുപ്പ് കേന്ദ്രത്തിന് എംപി ഫണ്ടിൽ നിന്നും അനുവദിപ്പിച്ചത് 17 ലക്ഷം; ബാക്കി പണം വർഷങ്ങൾക്കു ശേഷം തിരിച്ചടപ്പിച്ചു
24/03/2025  11:43 AM IST
nila
ഒമ്പത് ലക്ഷം രൂപ മാത്രം ചിലവായ കാത്തിരുപ്പ് കേന്ദ്രത്തിന് എംപി ഫണ്ടിൽ നിന്നും അനുവദിപ്പിച്ചത് 17 ലക്ഷം; ബാക്കി പണം വർഷങ്ങൾക്കു ശേഷം തിരിച്ചടപ്പിച്ചു

ഒലവക്കോട് ജംക്‌‍ഷൻ റെയിൽവേ സ്റ്റേഷനിൽ എംപി ഫണ്ട് ഉപയോ​ഗിച്ച് നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ യഥാർത്ഥ ചിലവെത്രയെന്ന് ഒടുവിൽ പുറംലോകമറിഞ്ഞു. 16.97 ലക്ഷം രൂപ ചിലവായെന്ന റയിൽവെയുടെ കണക്ക് തെറ്റാണെന്നും ഒമ്പത് ലക്ഷം രൂപ മാത്രമാണ് ചിലവായതെന്നും റയിൽവെ തന്നെ വ്യക്തമാക്കുകയായിരുന്നു. ഇതോടെ  ബാക്കി വന്ന 7,02,817 രൂപ റെയിൽവേ എംപിയുടെ ഫണ്ടിലേക്ക് കൈമാറുകയും ചെയ്തു. വി.കെ.ശ്രീകണ്ഠൻ എംപിയുടെ ഇടപെടലിലൂടെയാണ് 17 ലക്ഷം രൂപയോളം ചിലവായെന്ന് റയിൽവെ പറഞ്ഞ  ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ യഥാർത്ഥ ചിലവ് പുറത്തുവന്നതും ബാക്കി പണം തിരിച്ചടപ്പിച്ചതും.

 2021 ഒക്ടോബർ 13നാണ് ഒലവക്കോട് ജംക്‌‍ഷൻ റെയിൽവേ സ്റ്റേഷനിൽ ബസ് കാത്തിരിപ്പു കേന്ദ്രം നിർമാണം പൂർത്തീകരിച്ചത്. എംപിയുടെ പ്രാദേശിക വികസന ആസ്തി ഫണ്ട് വിനിയോഗിച്ചായിരുന്നു ഇതിന്റെ നിർമ്മാണം. 16.97 ലക്ഷം രൂപ ഇതിനായി ചെലവഴിച്ചെന്നാണു റെയിൽവേ എംപിയെ അറിയിച്ചത്. ബസ് കാത്തിരിപ്പു കേന്ദ്രത്തിലെ ശിലാ ഫലകത്തിലും അത് രേഖപ്പെടുത്തിയിരുന്നു. എന്നാൽ സാധാരണ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു ഇത്രയും ചെലവാകുമോ എന്ന സംശയം ഉയർന്നതോടെ പലരും ഇതിനെ ചോദ്യം ചെയ്ത് വിവരാവകാശ നിയമ പ്രകാരം അന്വേഷിച്ചിരുന്നു. ഈ സംശയം ഉടലെടുത്ത എംപി റെയിൽവേയോട് നിർമാണ ചെലവിന്റെ കണക്ക് നൽകാൻ ആവശ്യപ്പെട്ടു. 

ഗ്രാനൈറ്റ്, സ്റ്റീൽ റോഡ്, ഗോപുരം പോലുള്ള പുതിയ ഡിസൈൻ എന്നിവ ഉൾപ്പെടുത്തിയതിനാൽ 16.97 ലക്ഷം രൂപ ചെലവ് വന്നെന്ന് റെയിൽവേ എംപിക്ക് നൽകിയ കണക്കിൽ കാണിച്ചു. നൽകിയ കണക്ക് തൃപ്തികരമല്ലാത്തതിനാൽ എംപി കലക്ടറോട് നിർമാണ ചെലവ് സംബന്ധിച്ച് അന്വേഷിക്കണമെന്ന് നിർദേശിച്ചു. വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു 9 ലക്ഷം രൂപ മാത്രമാണ് ചെലവ് വന്നതെന്ന് റെയിൽവേ അറിയിച്ചു.   ബാക്കി തുക ഡിപ്പോസിറ്റ് എന്ന പേരിൽ റെയിൽവേ തന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നു. എംപിയുടെ ഇടപെടലുകളെ തുടർന്ന് ബാക്കി വന്ന 7,02,817 രൂപ റെയിൽവേ എംപിയുടെ ഫണ്ടിലേക്ക് കൈമാറി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad
img