
പാലാ നഗരസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഈ മാസം 16-ന്. മായാ രാഹുൽ നഗരസഭാ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഉപാധ്യക്ഷ സ്ഥാനം രാജി വെച്ചിരുന്ന ഒഴിവിലേക്കാണ് ഈ തിരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസ് വിമതരും എൽ.ഡി.എഫും ചേർന്നു രൂപീകരിച്ച നഗര വികസന മുന്നണിയുടെ സ്ഥാനാർത്ഥിയായാണ് മായാ രാഹുൽ അധ്യക്ഷയായത്. കോൺഗ്രസ് വിമതരായ ടോണി തെപ്പറമ്പിൽ, ബിജു മാത്യൂസ് എന്നിവരാണ് പ്രധാനമായും ഉപാധ്യക്ഷ സ്ഥാനത്തിനായി രംഗത്തുള്ളത്. ഇവർ തമ്മിൽ ഉപാധ്യക്ഷ സ്ഥാനത്തിനായി രൂക്ഷമായ തർക്കം നിലനിൽക്കുന്നുണ്ട്. ഇതിനുപുറമേ, കോൺഗ്രസ് വിമത കൗൺസിലർ രജിത പ്രകാശിനെയും ഉപാധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള സാധ്യതയുമുണ്ട്. സ്ഥാനാർത്ഥിയെ സംബന്ധിച്ച് കോൺഗ്രസ് വിമത കൗൺസിലർമാരുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് കേരള കോൺഗ്രസ് (എം) പാർലമെൻ്ററി പാർട്ടി ലീഡർ ബിജു പാലുപ്പടവൻ വ്യക്തമാക്കിയിട്ടുണ്ട്. ആകെയുള്ള 26 അംഗ നഗരസഭയിൽ നഗരവികസന മുന്നണിക്ക് 16 പേരുടെ പിന്തുണയാണുള്ളത്. ഇതിൽ കേരള കോൺഗ്രസ് (എം)-ന് 10 അംഗങ്ങളും, സി.പി.ഐ.എമ്മിന് 2 അംഗങ്ങളുമാണുള്ളത്. ഇതിനോടൊപ്പം കോൺഗ്രസ് വിമതരായ 3 പേരും സ്വതന്ത്രയായി ജയിച്ച അധ്യക്ഷ മായാ രാഹുലും ഈ മുന്നണിയുടെ ഭാഗമായുണ്ട്.
Photo Courtesy - Google







