
ശ്രീനഗർ: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രണയിനിയെ നേരിൽ കാണാനായി നിയന്ത്രണ രേഖ കടന്ന് ഇന്ത്യയിലെത്തിയ പാക് അധിനിവേശ കശ്മീരിലെ 22-കാരനെ ഇന്ത്യൻ സൈന്യം പാക്കിസ്ഥാന് കൈമാറി. മേയ് 31-ന് ഉറി സെക്ടറിലൂടെ അതിർത്തി കടക്കുന്നതിനിടെ പിടിയിലായ സീഷാൻ മിറിനെ ജൂലൈ 4-നാണ് പാക്കിസ്ഥാൻ സൈന്യത്തിന് കൈമാറിയതെന്ന് ഇന്ത്യൻ സൈന്യം എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു.
ബാരാമുള്ള ജില്ലയിലെ തുൽവാരി സ്വദേശിനിയായ യുവതിയുമായി സമൂഹമാധ്യമത്തിലൂടെയായിരുന്നു സീഷാൻ മിറിന്റെ പരിചയം. പിന്നീട് അത് പ്രണയമായി വളർന്നു. കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളും ജീവിതത്തിലെ പ്രയാസങ്ങളും സീഷാൻ യുവതിയുമായി പങ്കുവെച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്.
ഇന്ത്യയിലേക്ക് എത്താൻ യുവതിയാണ് സീഷാനെ പ്രേരിപ്പിച്ചതെന്നാണ് വിവരം. അതിർത്തി കടന്നെത്തിയ ശേഷം ഇന്ത്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങുകയും, നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ഒരുമിച്ച് ജീവിക്കാമെന്നുമായിരുന്നു ഇരുവരുടെയും പദ്ധതി.
എന്നാൽ അതിർത്തി കടന്ന ഉടൻ തന്നെ സീഷാൻ മിറിനെ ഇന്ത്യൻ സൈന്യം കസ്റ്റഡിയിലെടുത്തു. ഇയാളുടെ മൊഴിയുടെ വിശ്വാസ്യത പരിശോധിക്കുന്നതിനായി യുവതിയിൽ നിന്നുമുള്ള വിവരങ്ങളും സൈന്യം ശേഖരിച്ചു. ഇതിനിടെ, സീഷാനെ ഇന്ത്യയിൽ തുടരാൻ അനുവദിക്കണമെന്നായിരുന്നു യുവതിയുടെ അഭ്യർഥന. എന്നാൽ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ജൂലൈ 4-ന് ഇയാളെ പാക്കിസ്ഥാൻ സൈന്യത്തിന് കൈമാറുകയായിരുന്നു.











