08:26am 25 June 2026
NEWS
ഭർത്താവ് മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നു; മോദിയോട് സഹായം അഭ്യർത്ഥിച്ച് പാകിസ്ഥാനി യുവതി
07/12/2025  07:29 AM IST
nila
ഭർത്താവ് മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നു; മോദിയോട് സഹായം അഭ്യർത്ഥിച്ച് പാകിസ്ഥാനി യുവതി

പാകിസ്ഥാനിൽ ഉപേക്ഷിക്കപ്പെട്ട ശേഷം ഭർത്താവ് ഇന്ത്യയിൽ രഹസ്യമായി മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുകയാണെന്ന ആക്ഷേപവുമായി യുവതി രം​ഗത്ത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടൽ ആവശ്യപ്പെട്ടാണ് കറാച്ചി സ്വദേശിനിയായ നികിത രം​ഗത്തെത്തിയിരിക്കുന്നത്.  സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് യുവതി ഇക്കാര്യം പറഞ്ഞത്. 

പാകിസ്ഥാൻ വംശജനായ വിക്രം നാഗ്ദേവുമായി 2020 ജനുവരി 26-ന് കറാച്ചിയിൽ ഹിന്ദു ആചാരപ്രകാരം വിവാഹം കഴിച്ചതായാണ് നികിതയുടെ വാദം. പിന്നീടൊരു മാസം കൊണ്ട് തന്നെ വിക്രം അവളെ ഇന്ത്യയിലേക്ക് കൊണ്ടുവന്നെങ്കിലും, കുറച്ച് മാസങ്ങൾക്കുള്ളിൽ തന്നെ ജീവിതം തകർന്നുവെന്ന് നികിത പറയുന്നു. വിസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി 2020 ജൂലൈ 9-ന് തന്റെ സമ്മതമില്ലാതെ തന്നെ പാക്കിസ്ഥാനിലേക്ക് തിരികെ അയച്ചുവെന്നതാണ് നികിതയുടെ പ്രധാന ആരോപണം. പിന്നീട് ഇന്ത്യയിലേക്ക് മടങ്ങാൻ അപേക്ഷിച്ചിട്ടും വിക്രം അതിന് തയ്യാറായില്ലെന്നും അവൾ പറയുന്നു.

വിവാഹത്തിനു പിന്നാലെ അനുഭവിച്ച ഞെട്ടിക്കുന്ന സംഭവങ്ങളെക്കുറിച്ചും നികിത വീഡിയോയിൽ പങ്കുവച്ചു. പാകിസ്ഥാനിൽ നിന്ന് തിരികെ ഭർതൃവീട്ടിലെത്തിയപ്പോൾ ഭർത്താവിന്റെ പെരുമാറ്റം പൂർണമായും മാറിയിരുന്നു. വിക്രത്തിനു മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയം പറഞ്ഞപ്പോൾ, ‘ആൺകുട്ടികൾക്ക് അത്തരത്തിലുള്ള ബന്ധങ്ങൾ സാധാരണമാണ്’ എന്ന മറുപടിയായിരുന്നു ഭർത്താവിന്റെ പിതാവിൽ നിന്നുണ്ടായതെന്നും നികിത പറയുന്നു.

ലോക്ക്ഡൗൺ സമയത്ത് തന്നെയാണ് പാകിസ്ഥാനിലേക്ക് തിരികെ പോകാൻ വിക്രം നിർബന്ധിച്ചതെന്നും ഇപ്പോൾ ഇന്ത്യയിലേക്കുള്ള പ്രവേശനവും തടയുകയാണെന്നും നികിത ആരോപിക്കുന്നു. കറാച്ചിയിൽ തിരിച്ചെത്തിയതിനു ശേഷമാണ് വിക്രം ഡൽഹിയിൽ മറ്റൊരു സ്ത്രീയുമായി വിവാഹം ചെയ്യാൻ തയ്യാറാകുന്നതായി വിവരം ലഭിച്ചതെന്നും അവൾ പറയുന്നു.

2025 ജനുവരി 27-ന് നികിത രേഖാമൂലെപരാതി നൽകിയെങ്കിലും ഒത്തുതീർപ്പ് ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് നീതി തേടി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img