വ്യോമസേന രൂപീകരിക്കാൻ പാക് താലിബാൻ; ആശങ്കയോടെ പാകിസ്ഥാൻ

ഇസ്ലാമാബാദ്: പാകിസ്ഥാന്റെ ആഭ്യന്തര സുരക്ഷയ്ക്ക് കടുത്ത വെല്ലുവിളിയുയർത്തി പാക് താലിബാൻ എന്നറിയപ്പെടുന്ന തെഹ്‌രീകെ താലിബാൻ പാകിസ്ഥാൻ (ടിടിപി). 2026 ഓടെ സ്വന്തമായി ഒരു വ്യോമസേന രൂപീകരിക്കുമെന്നാണ് പാക് താലിബാന്റെ പ്രഖ്യാപനം. ഇതോടെ പാക് സുരക്ഷാ ഏജൻസികൾ കൂടുതൽ ജാഗ്രതയിലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പാക് സർക്കാരിനും സൈന്യത്തിനുമെതിരായ ആക്രമണങ്ങൾ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സൈനിക വിഭാഗം രൂപീകരിക്കുന്നതെന്ന് ടിടിപി വ്യക്തമാക്കുന്നു. മൗലാന സലീം ഹഖാനിയുടെ നേതൃത്വത്തിലായിരിക്കും ഈ വ്യോമഘടകം പ്രവർത്തിക്കുക. സംഘടനാ തലവൻ മുഫ്തി നൂർ വാലി മെഹ്‌സൂദിന് ശേഷം ടിടിപിയിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിൽ ഒരാളാണ് ഹഖാനി.
സൈനിക പ്രഖ്യാപനത്തിനൊപ്പം സംഘടനയുടെ ഭരണഘടനയും ടിടിപി പുതുക്കിയിട്ടുണ്ട്. ‘പടിഞ്ഞാറൻ മേഖല’യും ‘മധ്യ മേഖല’യുമെന്നിങ്ങനെ രണ്ട് മേൽനോട്ട മേഖലകൾ രൂപീകരിച്ചു. ബലൂചിസ്ഥാൻ ഉൾപ്പെടുന്ന പ്രദേശങ്ങൾ പടിഞ്ഞാറൻ മേഖലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കശ്മീർ, ഗിൽജിത്–ബാൾട്ടിസ്ഥാൻ എന്നിവയെ ടിടിപി തങ്ങളുടെ ‘നിഴൽ പ്രവിശ്യകൾ’ എന്ന വിഭാഗത്തിലേക്ക് ഉൾപ്പെടുത്തിയതും ശ്രദ്ധേയമാണ്.
സംഘടനാ തലത്തിൽ പ്രധാന നിയമനങ്ങളും നടന്നു. രാഷ്ട്രീയ കമ്മീഷന്റെ തലവനായി അസ്മത്തുള്ള മെഹ്‌സൂദിനെ നിയമിച്ചപ്പോൾ, സൈനിക മേഖലകളുടെ ചുമതലകളും പുതുക്കി. പാകിസ്ഥാനിലുടനീളം സ്വാധീനം വർധിപ്പിക്കുകയാണ് ഈ പുനഃസംഘടനയുടെ മുഖ്യലക്ഷ്യം.
അഫ്ഗാനിസ്ഥാൻ അതിർത്തിയോട് ചേർന്ന ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് ടിടിപിയുടെ സ്വാധീനം ഏറ്റവും ശക്തം. പല മേഖലകളിലും സംഘടന സമാന്തര ഭരണകൂടത്തെപ്പോലെ പ്രവർത്തിക്കുന്നുവെന്നാണ് പാക് സുരക്ഷാ വൃത്തങ്ങളുടെ വിലയിരുത്തൽ. ഇതാണ് ടിടിപിയെ രാജ്യത്തെ ഏറ്റവും ഗുരുതരമായ സുരക്ഷാ ഭീഷണികളിലൊന്നാക്കി മാറ്റുന്നത്.
ടിടിപിയെ ‘ഫിത്‌ന-അൽ-ഖവാരിജ്’ എന്ന പേരിലാണ് പാകിസ്ഥാൻ വിശേഷിപ്പിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ താലിബാൻ ടിടിപിക്ക് സഹായം നൽകുന്നുവെന്ന ആരോപണം പാകിസ്ഥാൻ ആവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ, കാബൂൾ ഭരണകൂടം ഇത് സ്ഥിരമായി നിഷേധിക്കുകയാണ്. ഒരുകാലത്ത് ചെറിയ സംഘമായി ആരംഭിച്ച ടിടിപി ഇന്ന് സ്വന്തം സൈനിക ഘടനകളും ഭരണാവകാശങ്ങളും പ്രഖ്യാപിക്കുന്ന നിലയിലേക്ക് വളർന്നുവെന്നതാണ് പാക് ഭരണകൂടത്തെ ഏറ്റവും കൂടുതൽ ആശങ്കപ്പെടുത്തുന്നത്.











