
പാകിസ്ഥാനിൽ ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ ചാവേർ ആക്രമണം. പാക് സൈന്യത്തിന്റെ വാഹനവ്യൂഹത്തിന് നേരേയാണ് ആക്രമണമുണ്ടായത്. പാക് സൈനികർ സഞ്ചരിച്ചിരുന്ന ബസിലേക്ക് കാർ ഇടിച്ചുകയറ്റി പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിലൂടെ 90 പാകിസ്ഥാൻ സൈനികരെ വധിച്ചെന്ന് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി അവകാശപ്പെട്ടു.
ബലൂചിസ്ഥാനിലെ നോഷ്കി ജില്ലയിൽ ദേശീയപാത–40ൽ ആയിരുന്നു ബിഎൽഎയുടെ ആക്രമണം. ഒപ്പമുണ്ടായിരുന്ന മറ്റൊരു സൈനിക വാഹനവും ആക്രമിക്കപ്പെട്ടു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്കു മാറ്റി. ആക്രമണമുണ്ടായെന്ന് പാക് സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, അഞ്ചുപേർ കൊല്ലപ്പെട്ടെന്നും പത്തുപേർക്ക് പരിക്കേറ്റു എന്നുമാണ് പാകിസ്ഥാൻ സൈന്യം പറയുന്നത്.
കഴിഞ്ഞദിവസം ട്രെയിൻ റാഞ്ചിയ ബിഎൽഎ നാനൂറിലേറെ യാത്രക്കാരെ ബന്ദികളാക്കിയിരുന്നു. 26 ബന്ദികളെ ഇവർ കൊലപ്പെടുത്തിയെന്നും രക്ഷാപ്രവർത്തനത്തിനിടെ 33 അക്രമികളെ വധിച്ചതായും പാക്ക് സർക്കാർ അറിയിച്ചു.