
ദോഹ: ഔദ്യോഗിക സന്ദർശനത്തിനായി പാകിസ്ഥാൻ പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷെരീഫ് വ്യാഴാഴ്ച രാവിലെ ദോഹയിലെത്തി. ഹ്രസ്വകാല സന്ദർശനത്തിനായി എത്തിയ അദ്ദേഹത്തിന് ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്.
വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖി, ഖത്തറിലെ പാകിസ്ഥാൻ അംബാസഡർ മുഹമ്മദ് അമീർ എന്നിവർ ചേർന്ന് പ്രധാനമന്ത്രിയെയും പ്രതിനിധി സംഘത്തെയും സ്വീകരിച്ചു.ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തമാക്കുകയാണ് സന്ദർശന ലക്ഷ്യം.വ്യാപാരം, നിക്ഷേപം, ഊർജം തുടങ്ങിയ മേഖലകളിലെ സഹകരണം സംബന്ധിച്ച് ഖത്തറിലെ ഉന്നത ഉദ്യോഗസ്ഥരുമായി പാക് പ്രധാനമന്ത്രി ചർച്ച നടത്തും. പ്രധാനമന്ത്രിക്കൊപ്പം പാകിസ്ഥാനിലെ ഉന്നതതല ഉദ്യോഗസ്ഥരും ദോഹയിലെത്തിയിട്ടുണ്ട്.
ഏപ്രിൽ 15 മുതൽ 18 വരെ നീണ്ടുനിൽക്കുന്ന സൗദി അറേബ്യ, ഖത്തർ, തുർക്കിയെ എന്നീ രാജ്യങ്ങളിലേക്കുള്ള ഔദ്യോഗിക പര്യടനത്തിന്റെ ഭാഗമായാണ് അദ്ദേഹം ഖത്തറിലെത്തിയത്. മേഖലയിലെ സമാധാനവും സാമ്പത്തിക പങ്കാളിത്തവും മെച്ചപ്പെടുത്തുന്നതിൽ ഈ സന്ദർശനം നിർണ്ണായകമാകുമെന്നാണ്വിലയിരുത്തപ്പെടുന്നത്.










