
പാക് ഭരണകൂടത്തിന്റെ പിന്തുണയോടെ കശ്മീരിൽ പ്രവർത്തിക്കുന്ന തീവ്രവാദ സംഘങ്ങളെ കുറിച്ച് ഗുരുതര ആരോപണവുമായി പാകിസ്ഥാനിലെ പ്രമുഖ മതപണ്ഡിതൻ രംഗത്ത്. ദേവ്ബന്ദി പണ്ഡിതനായ മുഫ്തി സയീദ് ഖാൻ ആണ് ‘കശ്മീരും നമ്മുടെ കാപട്യവും’ എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണത്തിനിടെ ഈ വെളിപ്പെടുത്തൽ നടത്തിയത്. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അടുത്ത അനുയായിയാണ് മുഫ്തി സയീദ് ഖാൻ.
സ്വയം ‘മുജാഹിദീൻ’ എന്ന് വിളിക്കുന്ന തീവ്രവാദികൾ അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്ന സ്ത്രീകളെയും പെൺകുട്ടികളെയും ക്രൂരമായി ചൂഷണം ചെയ്യുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. അടിസ്ഥാന ഭക്ഷണം പോലുമെത്താൻ കഴിയാത്ത അവസ്ഥയിൽ, ജീവൻ നിലനിർത്താൻ സ്ത്രീകൾ ലൈംഗിക ചൂഷണത്തിന് ഇരയാകേണ്ടിവരുന്ന ദാരുണ സാഹചര്യം നിലനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു റൊട്ടിക്കായി പോലും കശ്മീരി മുസ്ലിം സ്ത്രീകൾ ശരീരം വിൽക്കേണ്ടി വരുന്നതായി അദ്ദേഹം വെളിപ്പെടുത്തി.
ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ വിലയിരുത്തലനുസരിച്ച്, പാകിസ്ഥാനിലെ മത-രാഷ്ട്രീയ മേഖലയുമായി ബന്ധപ്പെട്ട ഒരാളിൽ നിന്നുള്ള ഇത്തരത്തിലുള്ള തുറന്ന വിമർശനം അപൂർവമാണ്. ഇത് ‘വിശുദ്ധ യുദ്ധം’ എന്ന പേരിൽ പാകിസ്ഥാൻ വർഷങ്ങളായി മുന്നോട്ടുവച്ച പ്രചാരണത്തിന് വലിയ തിരിച്ചടിയായും വിലയിരുത്തപ്പെടുന്നു.










