
അതിർത്തിയിൽ പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു. രൂക്ഷമായ സംഘർഷാവസ്ഥയ്ക്കൊടുവിൽ ഇന്ത്യാ - പാക് വെടിനിർത്തൽ ധാരണ ഇന്നലെ വൈകിട്ടോടെ നിലവിൽ വന്നെങ്കിലും മണിക്കൂറുകൾക്കുള്ളിൽ പാകിസ്ഥാൻ സൈന്യം ആ ധാരണയും ലംഘിക്കുകയായിരുന്നു. ജമ്മുവിലെ നഗ്രോട്ടയിൽ സൈനിക യൂണിറ്റിനു നേരെ പാക് വെടിവയ്പ്പുണ്ടായെന്ന് സൈന്യം സ്ഥിരീകരിച്ചു. ഇതിനും പിന്നാലെ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി രാത്രിയിൽ പ്രത്യേക വാർത്താ സമ്മേളനം വിളിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ രാത്രി 10.45നാണ് വിക്രം മിസ്രി പ്രത്യേക വാർത്താ സമ്മേളനം വിളിച്ചത്. പാകിസ്ഥാൻ വെടിനിർത്തൽ ധാരണ ലംഘിച്ചെന്നും തിരിച്ചടിക്കാൻ ഇന്ത്യൻ സൈന്യത്തിന് നിർദ്ദേശം നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. കര, വ്യോമ, നാവിക സേനാ നടപടികളെല്ലാം നിർത്തിവയ്ക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ ധാരണ നിലവിൽവന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ വീണ്ടും തുടർച്ചയായി പാകിസ്ഥാന്റെ പ്രകോപനമുണ്ടായെന്നാണ് വിക്രം മിസ്രി വെളിപ്പെടുത്തിയത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചെന്നും ഉചിതമായ രീതിയിൽ പ്രതികരിക്കാൻ സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാൻ ഈ വിഷയത്തിൽ ഉത്തരവാദിത്തത്തോടെ ഉടൻ ഇടപെടണമെന്നും വിക്രം മിസ്രി ആവശ്യപ്പെട്ടു
വൈകിട്ട് അഞ്ച് മണിക്ക് വെടിനിർത്തൽ കരാർ നിലവിൽ വന്നെങ്കിലും പാകിസ്ഥാൻ സേന ഇന്ത്യൻ അതിർത്തിയിൽ കശ്മീരിലെ വിവിധ ഭാഗങ്ങളിൽ ഡ്രോൺ ആക്രമണം നടത്തുകയായിരുന്നു. ജമ്മു കശ്മീരിൽ നിയന്ത്രണരേഖയിൽ വിവിധയിടങ്ങളിൽ പാകിസ്ഥാൻറെ ഭാഗത്ത് നിന്ന് മോർട്ടാർ ഷെല്ലിങ്ങും ഡ്രോൺ ആക്രമണ ശ്രമങ്ങളും ഉണ്ടായതായാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. ഉധംപുരിൽ പാകിസ്ഥാനി ഡ്രോൺ ആക്രമണശ്രമം വ്യോമസേന പരാജയപ്പെടുത്തിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തിരുന്നു.











