05:10am 22 April 2025
NEWS
ബലൂച് ലിബറേഷന്‍ ആര്‍മി റാഞ്ചിയ ട്രെയിനിലെ മുഴുവൻ യാത്രക്കാരെയും മോചിപ്പിച്ചെന്ന് പാകിസ്ഥാൻ പട്ടാളം

13/03/2025  05:08 AM IST
nila
ബലൂച് ലിബറേഷന്‍ ആര്‍മി റാഞ്ചിയ ട്രെയിനിലെ മുഴുവൻ യാത്രക്കാരെയും മോചിപ്പിച്ചെന്ന് പാകിസ്ഥാൻ പട്ടാളം

ബലൂച് ലിബറേഷൻ ആർമി റാഞ്ചിയ ട്രെയിനിലെ മുഴുവൻ യാത്രക്കാരെയും മോചിപ്പിച്ചെന്ന് പാകിസ്ഥാൻ പട്ടാളം. സൈനിക നീക്കത്തിലൂടെയാണ്  ബലൂച് ലിബറേഷൻ ആർമി ബന്ദികളാക്കിയവരെ മോചിപ്പിച്ചത്. ബലൂച് ലിബറേഷൻ ആർമിയുടെ 33 ചാവേറുകളെ കൊലപ്പെടുത്തിയെന്നും പാകിസ്ഥാൻ പട്ടാളം അറിയിച്ചു.  21 യാത്രക്കാരും നാലു സൈനികരും കൊല്ലപ്പെട്ടു. 50 യാത്രക്കാരെ വധിച്ചെന്ന് ബലൂച് ലിബറേഷൻ ആർമിയും അവകാശപ്പെട്ടു. 

ചൊവ്വാഴ്ച്ചയാണ് ബിഎൽഎ ട്രെയിൻ പിടിച്ചെടുത്തത്. ക്വറ്റയിൽനിന്നു പെഷാവാറിലേക്കുള്ള ട്രെയിനിൽ 9 കോച്ചുകളിലായി 425 യാത്രക്കാരാണുണ്ടായിരുന്നത്. ബലൂചിസ്ഥാൻ തലസ്ഥാനമായ ക്വറ്റയിൽനിന്നു 160 കിലോമീറ്റർ അകലെ പർവതമേഖലയിൽ ബോലൻ എന്ന സ്ഥലത്തുവച്ച് പാളം തകർത്തശേഷമാണ് സായുധ സംഘം ട്രെയിൻ പിടിച്ചെടുത്തത്. ബലൂച്ച് ലിബറേഷൻ ആർമിയുടെ മജീദ് ബ്രിഗേഡും ഫത്തേഹ് സ്‌ക്വാഡുമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.

ബലൂചിസ്ഥാന്റെ വിമോചനത്തിനായി പോരാടുമെന്ന് പ്രഖ്യാപിച്ച് തീവ്ര സ്വഭാവത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ് ബലൂച്ച് ലിബറേഷൻ ആർമി. 1948 മാർച്ചിൽ പാകിസ്ഥാൻ സർക്കാർ ബലമായി ബലൂച് പിടിച്ചടക്കിയതാണെന്നും മുൻ രാജാവായ കലാത്ത് ഖാനെ ബലം പ്രയോഗിച്ച് കരാർ ഒപ്പുവപ്പിച്ചാണ് ഈ പ്രദേശം കൈയടക്കിയതെന്നും ബലൂച്ച് ലിബറേഷൻ ആർമി വാദിക്കുന്നു. പതിറ്റാണ്ടുകളായി ബലൂചിസ്ഥാനെ വിമോചിപ്പിക്കുന്ന എന്ന ആവശ്യമുന്നയിച്ച് ആക്രമണങ്ങൾ നടത്തുന്ന ഈ സംഘടനയെ യുഎസും പാകിസ്താനും തീവ്രവാദ സംഘടനകളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.