
ലാഹോർ: ട്രെയിൻ റാഞ്ചി ബന്ദികളാക്കിയ മുഴുവൻ ആളുകളെയും മോചിപ്പിച്ചെന്ന പാക് സൈന്യത്തിന്റെ അവകാശവാദം തള്ളി ബലൂചിസ്ഥാൻ ലിബറേഷൻ ആർമി. തങ്ങൾ ബന്ദികളാക്കിയ 214 ട്രെയിൻ യാത്രക്കാരെ വധിച്ചെന്നാണ് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി വെളിപ്പെടുത്തുന്നത്. ബിഎൽഎ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ബന്ദികളെ കൈമാറുന്നതിന് പകരമായി, ജയിലിൽ അടയ്ക്കപ്പെട്ട ബലൂചിസ്ഥാൻ വിമോചന പ്രവർത്തകരെ വിട്ടയക്കുന്നതിന് സമയം അനുവദിച്ചിട്ടും സൈന്യം വഴങ്ങാതെ വന്നതോടെയാണ് ബന്ദികളെ കൊലപ്പെടുത്തിയതെന്നും ബിഎൽഎ പറയുന്നു.
ജയിലിലടക്കപ്പെട്ട വിമോചന പ്രവർത്തകരെ കൈമാറാനായി പാകിസ്താൻ സൈന്യത്തിന് 48 മണിക്കൂർ സമയം അനുവദിച്ചിരുന്നു. എന്നാൽ സൈന്യം ഇതിന് വഴങ്ങിയില്ല. പാക് സൈന്യം ധിക്കാരപൂർവമായ സമീപനമാണ് സ്വീകരിച്ചത്. അതിന്റെ ഫലമായി 214 ബന്ദികളെയും കൊലപ്പെടുത്തിയെന്നാണ് ബിഎൽഎ പ്രസ്താവനയിൽ പറയുന്നത്. എന്നാൽ, ഇത് സ്ഥിരീകരിക്കാൻ തക്ക യാതൊരു തെളിവുകളും ബിഎൽഎ പുറത്തുവിട്ടിട്ടില്ല.
അതേസമയം, ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ അവകാശവാദം പാക് ഭരണകൂടം തള്ളി. 33 ഭീകരരെ വധിക്കുകയും 354 ബന്ദികളെ രക്ഷപ്പെടുത്തിയെന്നുമാണ് നേരത്തേ പാകിസ്താൻ സൈന്യത്തിന്റെ വക്താവ് അറിയിച്ചത്. ബലൂചിസ്താൻ പ്രവിശ്യയിലാണ് കഴിഞ്ഞ ദിവസം ബലൂചിസ്താൻ ലിബറേഷൻ ആർമി 450 യാത്രക്കാരുമായി ക്വെറ്റയിൽ നിന്ന് പുറപ്പെട്ട ജാഫർ എക്‌സ്പ്രസ് റാഞ്ചിയത്. ബോലാനിലെ ഒരു തുരങ്കത്തിനടുത്ത് വെച്ച് റെയിൽ പാളം തകർത്താണ് ട്രെയിൻ റാഞ്ചിയത്.