
ഡൽഹിയിലെ നാവികസേനാ ആസ്ഥനത്ത് പാകിസ്ഥാൻ ചാരൻ അറസ്റ്റിലായി. ഹരിയാന സ്വദേശി വിശാൽ യാദവിനെയാണ് രാജസ്ഥാൻ പൊലീസ് പിടികൂടിയത്. പാക് ചാരസംഘടനയായ ഐഎസ്ഐക്ക് വേണ്ടി ഇയാൾ പല രഹസ്യവിവരങ്ങളും കൈമാറിയെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് രാജസ്ഥാൻ പോലീസിന്റെ ഇന്റലിജൻസ് വിങ് ഇയാളെ പിടികൂടിയത്.
പിടിയിലായ വിശാൽ വർഷങ്ങളായി നാവികസേനാ ആസ്ഥാനത്ത് ജോലി ചെയ്യുന്നുണ്ട്. ഓപ്പറേഷൻ സിന്ദൂറിന്റേതടക്കം നിർണായകമായ പല രഹസ്യവിവരങ്ങളും പിടിയിലായ യുവാവ് പാകിസ്ഥാന് കൈമാറിയിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഐഎസ്‌ഐ നിയോഗിച്ച ഒരു യുവതിക്കാണ് ഇയാൾ വിവരങ്ങൾ ചോർത്തി നൽകിയിരുന്നത്. നാവികസേനയുമായി ബന്ധപ്പെട്ട സുപ്രധാന രേഖകൾക്ക് പുറമേ മറ്റ് പ്രതിരോധ സംവിധാനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഇയാൾ യുവതിക്ക് കൈമാറിയിരുന്നു. പണത്തിനായാണ് ഇയാൾ ചാരവൃത്തി നടത്തിയത്.
ചാരവൃത്തിയിൽ വിശാലിനൊപ്പം കൂടുതൽപേർ പങ്കുചേർന്നിട്ടുണ്ടോ, ഇയാൾ ഏതെങ്കിലും പ്രത്യേകസംഘത്തിൽ അംഗമാണോ എന്നതടക്കമുള്ള വിവരങ്ങൾ ശേഖരിച്ചുവരികയാണ്. ചാരവൃത്തിക്കായി ശത്രുരാജ്യങ്ങൾ സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കുന്നതിന്റെ തെളിവാണ് ഇത്. ജനങ്ങൾ ഇത്തരം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധചെലുത്തുകയും സംശയാസ്പദമായി എന്തെങ്കിലും ശ്രദ്ധയിൽപെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.











