
ന്യൂഡൽഹി: പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ പിന്തുണയോടെ പ്രവർത്തിച്ചിരുന്ന ‘ഷെഹ്സാദ് ഭട്ടി നെറ്റ്വർക്ക്’ തകർത്തതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗ്രനേഡ്, ഐഇഡി, പെട്രോൾ ബോംബ് ആക്രമണങ്ങൾക്കും കൊലപാതകങ്ങൾക്കും പിന്നിൽ പ്രവർത്തിച്ചിരുന്ന പാക്കിസ്ഥാൻ പിന്തുണയുള്ള ഭീകര ശൃംഖലയാണ് ഇതെന്ന് അധികൃതർ അറിയിച്ചു.
14 സംസ്ഥാനങ്ങളിലായി സുരക്ഷാ ഏജൻസികൾ നടത്തിയ വ്യാപക പരിശോധനയിലാണ് നെറ്റ്വർക്കുമായി ബന്ധമുള്ള 253 പേരെ അറസ്റ്റ് ചെയ്തത്. പരിശോധനയിൽ ഐഇഡികൾ, പാക്കിസ്ഥാൻ ഓർഡിനൻസ് ഫാക്ടറിയുടെ മുദ്ര പതിച്ച ഗ്രനേഡുകൾ, പിസ്റ്റളുകൾ, വെടിയുണ്ടകൾ, ചാരപ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരുന്ന സിസിടിവി ക്യാമറകൾ എന്നിവ പിടിച്ചെടുത്തതായി അമിത് ഷാ വ്യക്തമാക്കി.
സംഘത്തിനെതിരെ ഇതുവരെ 80-ലധികം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 200-ലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊലീസ്, പ്രതിരോധ സേന എന്നിവയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിരീക്ഷണം നടത്തുന്നതിനും രഹസ്യവിവരങ്ങൾ ശേഖരിക്കുന്നതിനുമായി പ്രാദേശിക ഏജന്റുമാർക്ക് പണം നൽകിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയതായി അധികൃതർ പറയുന്നു.
ഏറ്റവും കൂടുതൽ അറസ്റ്റുകൾ ഉത്തർപ്രദേശിലാണ്. ഇവിടെ 62 പേരാണ് പിടിയിലായത്. ഹരിയാനയിൽ 52, ഡൽഹിയിൽ 51, പഞ്ചാബിൽ 44, രാജസ്ഥാനിൽ 15, മഹാരാഷ്ട്രയിൽ 8, ഉത്തരാഖണ്ഡിൽ 5 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ അറസ്റ്റ്.
കർണാടക, ഗുജറാത്ത്, ബിഹാർ എന്നിവിടങ്ങളിൽ മൂന്ന് പേർ വീതവും തെലങ്കാന, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, കേരളം എന്നിവിടങ്ങളിൽ രണ്ട് പേർ വീതവും അറസ്റ്റിലായി. പാക്കിസ്ഥാൻ സ്വദേശിയെന്ന് സംശയിക്കുന്ന ഒരാളും പാക്ക് ഭീകരരുമായി ബന്ധമുള്ള ഉത്തർപ്രദേശ് സ്വദേശിയും പിടിയിലായവരിൽ ഉൾപ്പെടുന്നു.
പാക്കിസ്ഥാനിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നുമാണ് ഷെഹ്സാദ് ഭട്ടി നെറ്റ്വർക്കിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നതെന്നാണ് സുരക്ഷാ ഏജൻസികളുടെ വിലയിരുത്തൽ. സമൂഹമാധ്യമങ്ങളിലൂടെ യുവാക്കളെ ഉൾപ്പെടെയുള്ളവരെ റിക്രൂട്ട് ചെയ്തിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.
ഉത്തരേന്ത്യയിൽ നടന്ന നിരവധി ആക്രമണങ്ങളുടെ ആസൂത്രണത്തിന് പിന്നിൽ ഭട്ടിയാണെന്നാണ് സുരക്ഷാ ഏജൻസികളുടെ കണ്ടെത്തൽ. നെറ്റ്വർക്കിന്റെ സാമ്പത്തിക ഇടപാടുകളും റിക്രൂട്ട്മെന്റ് സംവിധാനവും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.










