
പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകാൻ ഇന്ത്യ തയ്യാറെടുക്കുന്നതിനിടെ പാകിസ്ഥാൻ ഭയന്ന് പരക്കം പായുന്നു. പാകിസ്ഥാനിലെ വിവിധ നേതാക്കൾ ഇന്ത്യക്കെതിരെ പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്നുണ്ടെങ്കിലും പാകിസ്ഥാൻ ഭരണകൂടം ഇന്ത്യയുടെ ആക്രമണം ഒഴിവാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇന്ത്യ - പാക് സംഘർഷം ഉണ്ടാകാതിരിക്കാൻ അന്താരാഷ്ട്ര ഇടപെടൽ തേടുകയാണ് പാക് ഭരണകൂടം. ഇതിന്റെ ഭാഗമായി സൗദി അറേബ്യ, യുഎഇ, കുവൈത്ത് എന്നീ രാജ്യങ്ങളുടെ സ്ഥാപനപതിമാരുമായി പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോർട്ട്.
പാകിസ്ഥാനിലെ സൗദി സ്ഥാനപതി നവാസ് ബിൻ സയ്ദ് അൽ മാൽകി, യുഎഇ സ്ഥാനപതി ഹമാദ് ഒബൈദ് ഇബ്രാഹിം സലിം അൽ സാബി, കുവൈത്ത് സ്ഥാനപതി നാസ്സർ അബ്ദുൽ റഹ്മാൻ ജാസ്സർ എന്നിവരുമായി ഷരീഫ് ചർച്ച നടത്തിയെന്നാണ് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാന്റെ ഭാഗം ഷരീഫ് സ്ഥാനപതിമാരെ ധരിപ്പിച്ചതായാണ് വിവരം. ദക്ഷിണേഷ്യയിൽ സമാധാനവും സ്ഥിരതയും നിലനിർത്താനാണ് പാകിസ്ഥാൻ ആഗ്രഹിക്കുന്നതെന്ന് ഷരീഫ് ഗൾഫ് രാജ്യങ്ങളിലെ സ്ഥാനപതിമാരെ അറിയിച്ചു. സൗദി ഉൾപ്പെടെയുള്ള സുഹൃദ് രാജ്യങ്ങൾ ഇടപെട്ട് ഇന്ത്യയുമായുള്ള സംഘർഷം ലഘൂകരിക്കാൻ സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതിനിടെ, ആസന്നമായ ഇന്ത്യൻ ആക്രമണത്തെ നേരിടാൻ പാകിസ്ഥാൻ സജ്ജമാകുകയാണ്. പാക് അധിനിവേശ കശ്മീരിലെ (പിഒകെ) ജനങ്ങളോട് ഭക്ഷണവും അവശ്യസാധനങ്ങളും കരുതിവയ്ക്കാൻ ഭരണകൂടം നിർദേശം നൽകി. ഇന്ത്യയുടെ ആക്രമണമുണ്ടാകുമെന്നും അതിനുവേണ്ടി തയാറെടുക്കണമെന്നുമാണ് പാക് അധിനിവേശ കശ്മീർ പ്രധാനമന്ത്രി ചൗധരി അൻവറുൾ ഹഖ് നിർദേശം നൽകിയത്.
നിയന്ത്രണരേഖയ്ക്ക് സമീപം താമസിക്കുന്നവർ ചുരുങ്ങിയത് രണ്ടുമാസത്തേക്കെങ്കിലും ഉള്ള അവശ്യസാധനങ്ങൾ സംഭരിക്കണമെന്നാണ് നിർദ്ദേശം. സർവകക്ഷിയോഗത്തിനു ശേഷമാണ് ചൗധരി അൻവറുൾ ഹഖ് ഇക്കാര്യം നിർദ്ദേശിച്ചത്. കൂടാതെ നീലം താഴ്വരയിലേക്കും നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള പ്രദേശങ്ങളിലേക്കും വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.











