
ഇസ്‍ലാമാബാദ്: സൗദി അറേബ്യയിൽ ഹൂതികൾ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ പശ്ചിമേഷ്യൻ സംഘർഷത്തിന് പുതിയ വഴിത്തിരിവാകുന്നു. സൗദിക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് തിരിച്ചടിയായി യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ പാക്കിസ്ഥാൻ വ്യോമാക്രമണം നടത്തിയേക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
സൗദിയിലെ തെക്കുപടിഞ്ഞാറൻ മേഖലയിലെ നാല് നഗരങ്ങളാണ് ഹൂതി ആക്രമണത്തിന്റെ ലക്ഷ്യമായത്. അബ്ഹ, നജ്റാൻ എന്നിവിടങ്ങളിലെ റിഫൈനറികൾക്കും ജസാനിലെ റിഫൈനറി, ഊർജനിലയം എന്നിവയ്ക്കും നേരെ മിസൈലുകൾ പതിച്ചു. വിവിധയിടങ്ങളിൽ വലിയ തീപിടിത്തമുണ്ടായതായും റിപ്പോർട്ടുകളുണ്ട്.
ഖമിസ് മുഷായത്തിലെ വ്യോമത്താവളത്തിലും ആക്രമണമുണ്ടായി. ഹൂതികളുടെ ആക്രമണത്തിൽ 70-ലേറെ പേർക്ക് പരുക്കേറ്റതായും നിരവധി കെട്ടിടങ്ങൾ തകർന്നതായും വിവരമുണ്ട്.
ആക്രമണം തുടർന്നാൽ ഇടപെടും എന്ന നിലപാടിലാണ് പാക്കിസ്ഥാൻ. സൗദിക്കെതിരായ ആക്രമണം തുടർന്നാൽ മക്കയിൽ ഒപ്പുവച്ച സംയുക്ത പ്രതിരോധ കരാർ പ്രകാരമുള്ള ബാധ്യതകൾ പാക്കിസ്ഥാൻ നിറവേറ്റുമെന്ന് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.
സൗദി അറേബ്യ, പാക്കിസ്ഥാൻ, തുർക്കി എന്നീ രാജ്യങ്ങൾ കഴിഞ്ഞ മാസം ഒപ്പുവച്ചതാണ് മക്ക സംയുക്ത പ്രതിരോധ കരാർ. സഖ്യത്തിലെ ഒരു രാജ്യത്തിനെതിരായ ആക്രമണം മൂന്ന് രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കി ഒരുമിച്ച് നേരിടണമെന്നാണ് കരാറിലെ പ്രധാന വ്യവസ്ഥ.
കരാറിലെ കൂട്ടായ പ്രതിരോധ സംവിധാനം സജീവമാക്കുന്നതിൽ യാതൊരു സംശയത്തിനും ഇടയില്ലെന്ന് ഖ്വാജ ആസിഫ് വ്യക്തമാക്കിയിരുന്നു. ഇതാണ് ഹൂതികൾക്കെതിരെ പാക്കിസ്ഥാൻ നേരിട്ട് സൈനിക നടപടി സ്വീകരിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്ക് ശക്തി പകരുന്നത്.
ഇതിനിടെ സൗദി പിന്തുണയുള്ള യെമൻ സർക്കാർ സഖ്യസേന ഹൂതികളുടെ ശക്തികേന്ദ്രമായ വടക്കൻ മേഖലകളിലേക്ക് നീങ്ങുന്നതായും റിപ്പോർട്ടുണ്ട്. പാക്കിസ്ഥാൻ കൂടി സൈനികമായി രംഗത്തെത്തിയാൽ യെമൻ സംഘർഷത്തിന്റെ ഗതി തന്നെ മാറിയേക്കും.
അതേസമയം സൗദിയിലെ എണ്ണശുദ്ധീകരണശാലകൾക്ക് നേരെയുണ്ടായ ഹൂതി ആക്രമണത്തെ ഇന്ത്യ അപലപിച്ചു. സൗദിയുടെ പരമാധികാരത്തിന് നേരെയുള്ള ആക്രമണം അംഗീകരിക്കാനാകില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് റൺധീർ ജയ്‌സ്വാൾ പറഞ്ഞു.
ഇതിനിടെ യെമനിലെ ഹൂതി നിയന്ത്രിത മേഖലയിലെ ജയിലിൽ സൗദി നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 23 ആയി ഉയർന്നതായും റിപ്പോർട്ടുണ്ട്. പരസ്പര ആക്രമണങ്ങൾ തുടരുന്നതിനിടെ പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുമോ എന്ന ആശങ്കയും ശക്തമാകുകയാണ്.










