
ഇന്ത്യയുമായി പൂർണയുദ്ധത്തിലേക്ക് നീങ്ങാനുള്ള സാധ്യത നിരാകരിക്കാനാകില്ലെന്ന് പാകിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് വ്യക്തമാക്കി. ഇന്ത്യയെ ഒരിക്കലും അവഗണിക്കാൻ കഴിയില്ലെന്നും ഖ്വാജ ആസിഫ് മാധ്യമങ്ങളോട് പറഞ്ഞു. അതിർത്തിക്കപ്പുറത്തുനിന്നുള്ള അക്രമങ്ങൾ ഉൾപ്പെടെ ഏതുവിധ ഭീഷണിയും നേരിടാൻ പാകിസ്ഥാൻ പരമാവധി ജാഗ്രതയിലാണെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാൻ വഴി ഇന്ത്യ ആക്രമണങ്ങൾ നടത്താനുള്ള സാധ്യതയിലേക്കും പാക് പ്രതിരോധ മന്ത്രി വിരൽചൂണ്ടുന്നു. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഇടയിലെ പ്രശ്നപരിഹാരം ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും ആസിഫ് ആരോപിച്ചു.
ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ ‘ഓപ്പറേഷൻ സിന്ദൂർ 88 മണിക്കൂർ നീണ്ട ട്രെയിലറാണ്’ എന്ന പ്രസ്താവനയ്ക്കു പിന്നാലെയാണ് പാകിസ്ഥാന്റെ പ്രതികരണം. പാകിസ്ഥാൻ ഏതെങ്കിലും തരത്തിലുള്ള പ്രകോപനത്തിന് ശ്രമിച്ചാൽ അതിശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും ദ്വിവേദി മുന്നറിയിപ്പ് നൽകിയിരുന്നു. ഇരു രാജ്യങ്ങളും കടുത്ത വാക്പോര് തുടരുന്ന പശ്ചാത്തലത്തിൽ അതിർത്തി മേഖലയിലെ അസ്ഥിരത ഉയരുകയാണ്.











