
ഇന്ത്യയുമായി സമാധാന ചർച്ചക്ക് സന്നദ്ധത അറിയിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്. സമാധാനത്തിനായി ഇന്ത്യയുമായി സംസാരിക്കാൻ തയ്യാറാണെന്നായിരുന്നു പാക് പ്രദാനമന്ത്രി വ്യക്തമാക്കിയത്. സമാധാനത്തിനുള്ള വ്യവസ്ഥകളിൽ കശ്മീർ വിഷയവും ഉൾപ്പെടുന്നുവെന്നും പാക് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ കംറ എയർ ബേസ് സന്ദർശനത്തിനിടെയാണ് ഷഹബാസ് ഷെരീഫ് സമാധാന ചർച്ചകൾക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയത്.
ഇന്ത്യയുമായുള്ള സമീപകാല സൈനിക ഏറ്റുമുട്ടലിൽ പങ്കെടുത്ത ഉദ്യോഗസ്ഥരുമായും സൈനികരുമായും സംസാരിക്കവേയാണ് ഷെഹ്ബാസ് ഷെരീഫ് സമാധാന ശ്രമങ്ങൾക്ക് സന്നദ്ധത അറിയിച്ചത്. ഉപപ്രധാനമന്ത്രി ഇസ്ഹാഖ് ദാർ, പ്രതിരോധ മന്ത്രി ഖവാജ ആസിഫ്, കരസേനാ മേധാവി ജനറൽ അസിം മുനീർ, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ സഹീർ അഹമ്മദ് ബാബർ സിദ്ദു എന്നിവർ ഷഹ്ബാസിനൊപ്പം എയർബേസിൽ എത്തിയിരുന്നു.
നാല് ദിവസത്തെ അതിർത്തി കടന്നുള്ള തീവ്രമായ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്ക് ശേഷം, സംഘർഷം അവസാനിപ്പിക്കാൻ മേയ് 10ന് ഇന്ത്യയും പാകിസ്താനും തമ്മിൽ ധാരണയിലെത്തിയതിനെ തുടർന്ന് പ്രതിരോധ കേന്ദ്രത്തിൽ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് നടത്തുന്ന രണ്ടാമത്തെ സന്ദർശനമാണിത്.











