
ഇസ്ലാമാബാദ്: പാക്ക് അധിനിവേശ കശ്മീരിൽ (പിഒകെ) തിരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ ഡിജിറ്റൽ മാധ്യമങ്ങൾക്കെതിരെ കടുത്ത നിയന്ത്രണങ്ങളുമായി പാക്കിസ്ഥാൻ ഭരണകൂടം. രാജ്യാന്തര വാർത്താ ശൃംഖലയായ അൽ ജസീറ ഇംഗ്ലിഷ് ഉൾപ്പെടെ നിരവധി ഡിജിറ്റൽ വാർത്താ പ്ലാറ്റ്ഫോമുകൾക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. പിഒകെയിലെ ജനകീയ പ്രതിഷേധങ്ങളും സുരക്ഷാസേനയുടെ നടപടികളും തുടർച്ചയായി റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് മാധ്യമനിയന്ത്രണം ശക്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ.
അൽ ജസീറ ഏകപക്ഷീയമായ വാർത്തകളാണ് നൽകുന്നതെന്നും, മുസാഫറാബാദിലെ ചില പോളിങ് സ്റ്റേഷനുകളിൽ നിന്നുള്ള ദൃശ്യങ്ങൾ ഉപയോഗിച്ച് വോട്ടെടുപ്പ് തെറ്റായി ചിത്രീകരിച്ചെന്നുമാണ് പാക്കിസ്ഥാൻ വിവരസാങ്കേതിക മന്ത്രാലയത്തിന്റെ ആരോപണം. ഓഗസ്റ്റ് 10 വരെ വിവിധ ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കുകയാണ്. ജൂൺ മുതൽ തുടരുന്ന സംഘർഷങ്ങളിൽ 80-ലധികം പേർ കൊല്ലപ്പെട്ടതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 43 മരണങ്ങൾ ജൂലൈ 27ന് ശേഷമാണ് റിപ്പോർട്ട് ചെയ്തത്. നാല് പൊലീസ് ഉദ്യോഗസ്ഥരും മരിച്ചവരിൽ ഉൾപ്പെടുന്നു.
മേഖലയിൽ 50 ദിവസത്തിലേറെയായി ഇന്റർനെറ്റ് സേവനം തടസ്സപ്പെട്ടിരിക്കുകയാണെന്നും, വാർത്ത ശേഖരണവും സംപ്രേഷണവും കടുത്ത പ്രതിസന്ധിയിലാണെന്നും അൽ ജസീറ അറിയിച്ചു. മുസാഫറാബാദിൽ വോട്ടർമാർ വ്യാപകമായി ബഹിഷ്കരണം നടത്തിയതായും, വിപണികളും പൊതുഗതാഗതവും നിലച്ചതായും ചാനൽ റിപ്പോർട്ട് ചെയ്തു. ഇതിനിടെ, ജൂലൈയിൽ ചില യൂട്യൂബ് ചാനലുകൾ ബ്ലോക്ക് ചെയ്യാൻ ഇസ്ലാമാബാദ് കോടതി ഉത്തരവിട്ടതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്ന ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി സുരക്ഷാസേനയുടെ നടപടികൾ ആരോപിച്ച് ദൃശ്യങ്ങൾ പുറത്തുവിട്ടു. മുസാഫറാബാദിൽ ഒരു സാധാരണക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥർ തെരുവിലൂടെ വലിച്ചിഴച്ച് മർദിക്കുന്ന ദൃശ്യങ്ങളും, സിവിൽ വസ്ത്രം ധരിച്ച ഒരാൾ സുരക്ഷാസേനയ്ക്കൊപ്പം നിന്ന് പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർക്കുന്നതായുള്ള ആരോപണവും കമ്മിറ്റി ഉയർത്തിയിട്ടുണ്ട്.
പിഒകെയിൽ ആരംഭിച്ച പ്രതിഷേധം ഇപ്പോൾ പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലേക്കും റാവൽപിണ്ടിയിലേക്കും വ്യാപിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ടെന്നും പാക്കിസ്ഥാൻ അധികൃതർ അറിയിച്ചു.











