
ഇന്ത്യക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും ആക്രമണം നടത്തിയിരുന്ന പാകിസ്ഥാൻ നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയെന്ന റിപ്പോർട്ടുകളാണ് ആ രാജ്യത്തുനിന്നും പുറത്തുവരുന്നത്. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ ശക്തമായ സൈനിക നടപടികൾ സ്വീകരിക്കുകയാണ്. ഇന്നലെ കശ്മീരിൽ പാകിസ്ഥാൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് പിന്നാലെ തലസ്ഥാന നഗരമായ ഇസ്ലാമാബാദിലും തുറമുഖ നഗരമായ ലാഹോറിലും ഉൾപ്പെടെ ഇന്ത്യ അതിശക്തമായ വ്യോമാക്രമണ് നടത്തിയത്. പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ വസതിക്ക് സമീപത്തുവരെ മിസൈലാക്രമണം ഉണ്ടായി.
ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ ഒതുങ്ങുന്നതല്ല പാകിസ്ഥാൻ നേരിടുന്ന പ്രതിസന്ധി. ആ രാജ്യം രൂക്ഷമായ ആഭ്യന്തര യുദ്ധത്തെയും നേരിടുകയാണ്. കാലങ്ങളായി പാകിസ്ഥാനിൽ നിന്നും സ്വതന്ത്രമാകാനായി പോരാടുന്ന ബലൂച് വിമോചന പോരാളികളും ആക്രമണം ശക്തമാക്കി. അഞ്ചിടങ്ങളിൽ ബലൂച് ആർമി പാക് സൈനികരുമായി നേരിട്ട് ഏറ്റുമുട്ടി എന്നാണ് വിവരം. ബലൂചിസ്ഥാന്റെ തലസ്ഥാനമായ ക്വറ്റ പിടിച്ചെന്ന് ബലൂച് ലിബറേഷൻ ആർമി അവകാശപ്പെടുന്നുണ്ട്. തലസ്ഥാന നഗരത്തിന്റെ നിയന്ത്രണം പൂർണമായും കയ്യടക്കിയെങ്കിൽ ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യ പ്രഖ്യാപനവും ഉടനുണ്ടാകും.
ബലൂചിസ്ഥാൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചാൽ പാകിസ്ഥാന് ഭൂമിശാസ്ത്രപരമായ നഷ്ടം മാത്രമല്ല സാമ്പത്തിക പ്രതിസന്ധിയും വലുതായിരിക്കും. ഇപ്പോൾ തന്നെ വിലക്കയറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന പാകിസ്ഥാനെ സംബന്ധിച്ച് ബലൂചിസ്ഥാൻ വേർപെടുന്നത് സർവനാശത്തിന് തുല്യമാണ്.
അതിനിടെയാണ് കൂനിന്മേൽ കുരു എന്നതുപോലെ പാകിസ്ഥാൻ സൈന്യത്തിനുള്ളിലെ ചക്കളത്തിപ്പോര്. പാക് സൈനിക മേധാവി അസിം മുനീറിനെ സൈന്യം തന്നെ കസ്റ്റഡിയിലെടുത്തെന്ന വിവരമാണ് പുറത്തുവരുന്നത്. സൈന്യത്തിലെ മറ്റു മുതിർന്ന ഉദ്യോഗസ്ഥർ മുനീറിന്റെ രാജി ആവശ്യപ്പെട്ടെന്നുമാണ് സൂചന. പാകിസ്ഥാന്റെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ ചെയർമാൻ ജനറൽ സാഹിർ ഷംഷദ് മിർസയാണ് മുനീറിനെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. അങ്ങനെയെങ്കിൽ പാകിസ്ഥാനിൽ പട്ടാളത്തിനിടയിലും കലാപം പൊട്ടിപ്പുറപ്പെട്ടേക്കാം.
ഇന്ത്യയെ തകർക്കാൻ ശ്രമിച്ച് സമ്പൂർണ നാശത്തിലേക്ക് വഴുതി വീഴുന്ന പാകിസ്ഥാന്റെ നേർചിത്രമാണ് ഇപ്പോൾ ലോകം കാണുന്നത്. നിലവിൽ ഇന്ത്യയുമായുള്ള സംഘർഷം അവസാനിച്ചാലും ആ രാജ്യത്തിന് അത്ര പെട്ടെന്നൊന്നും സാധാരണ ജീവിതത്തിലേക്ക് തിരികെ വരാനാകില്ല.











