
ഇന്ത്യയ്ക്കെതിരെ പാകിസ്ഥാൻ സൈനിക നീക്കം പ്രഖ്യാപിച്ചു. ‘ബുര്യാൻ ഉൽ മസൂർ’(‘തകർക്കാനാകാത്ത മതിൽ’) എന്നാണ് ഇന്ത്യക്കെതിരായ സൈനിക നടപടിക്ക് പാകിസ്ഥാൻ നൽകിയിരിക്കുന്ന പേര്. പാകിസ്ഥാനിലെ നാല് വ്യോമ താവളങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയെന്ന് പാക് ഭരണകൂടം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ത്യക്കെതിരായ സൈനിക നടപടിയും പ്രഖ്യാപിച്ചിരിക്കുന്നത്. പാകിസ്ഥാന്റെ തുടർച്ചയായ ഡ്രോൺ - മിസൈൽ ആക്രമണങ്ങൾക്ക് മറുപടിയായാണ് ഇന്ത്യ ആക്രമണം നടത്തിയത്.
അതിനിടെ, കശ്മീർ അതിർത്തിയിൽ ഇന്ത്യ–പാക് പോർവിമാനങ്ങൾ പരസ്പരം ആക്രമണം നടത്തുന്നെന്നും (ഡോഗ് ഫൈറ്റ്) റിപ്പോർട്ടുകളുണ്ട്. പാക് വ്യോമസേനയുടെ രണ്ടു യുദ്ധവിമാനങ്ങൾ ഇന്ത്യ വെടിവച്ചിട്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ജമ്മു കശ്മീരിലെയും രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെയും അതിർത്തി മേഖലകളിൽ പാക് പ്രകോപനം തുടരുകയാണ്. കശ്മീരിലെ രജൗറിയിൽ പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ജമ്മുകശ്മീർ അഡിഷനൽ ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കമ്മിഷണർ രാജ്കുമാർ ഥാപ്പ കൊല്ലപ്പെട്ടു.
പാക്കിസ്ഥാനിലെ റാവിൽപിണ്ടിയിലുള്ള നുർ ഖാൻ, ചക്വാലിലെ മുറിദ്, ഝാങ്ങിലെ റഫീഖി വ്യോമതാവളങ്ങളിൽ ആക്രമണമുണ്ടായെന്ന് പാക് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് പാക്കിസ്ഥാൻ വ്യോമപാത പൂർണമായി അടച്ചു. ഇസ്ലാമാബാദിൽനിന്നും 10 കിലോമീറ്ററിൽ താഴെ മാത്രം അകലെയാണ് നുർ ഖാൻ വ്യോമതാവളം. വൻ സ്ഫോടനത്തെ തുടർന്ന് നുർ ഖാൻ വ്യോമതാവളത്തിൽ തീ പടരുന്നതിന്റെ ദൃശ്യങ്ങൾ പാകിസ്ഥാൻ മാധ്യമങ്ങൾ പുറത്തുവിടുന്നുവെന്നാണ് വിവരം. എന്നാൽ ഇവയുടെ ആധികാരികത ഉറപ്പാക്കാനായിട്ടില്ല. ചക്ലാല വ്യോമതാവളമെന്ന് നേരത്തെ അറിയപ്പെട്ടിരുന്ന നുർ ഖാൻ പാക്കിസ്ഥാന്റെ സുപ്രധാന വ്യോമതാവളങ്ങളിലൊന്നാണ്.











