
പാകിസ്ഥാൻ ക്രിക്കറ്റ് താരത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് ചെയ്തു. പാകിസ്ഥാൻ ‘എ’ ടീമംഗം അംഗം ഹൈദർ അലിയാണ് ബ്രിട്ടനിൽ അറസ്റ്റിലായത്. ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് പെൺകുട്ടി നൽകിയ ബലാത്സംഗ പരാതിയിൽ ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പിന്നീട് താരത്തെ ജാമ്യത്തിൽ വിട്ടയച്ചു. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഹൈദർ അലിയെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.
ഈ മാസം മൂന്നിനാണ് ഹൈദർ അലി അറസ്റ്റിലായത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അറസ്റ്റിലായ ഹൈദറിന്റെ പാസ്പോർട്ട് പിടിച്ചെടുത്ത ശേഷമാണ് ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് പിന്നീട് ജാമ്യത്തിൽ വിട്ടയച്ചത്. ഇതിനി പിന്നാലെയാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും താരത്തിനെതിരെ നടപടി എടുത്തത്.
‘‘കേസിനെക്കുറിച്ചും അന്വേഷണത്തെക്കുറിച്ചും ഞങ്ങളോട് പറഞ്ഞിരുന്നു. അന്വേഷണം പൂർത്തിയാകുന്നതുവരെ ഞങ്ങൾ ഹൈദറിനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. യുകെയിൽ ഞങ്ങൾ സ്വന്തം നിലയിലും അന്വേഷണം നടത്തും.’’ – പിസിബി വക്താവ് പറഞ്ഞു.











