11:40pm 09 November 2026
NEWS
പാകിസ്ഥാന്റെ വ്യോമ താവളങ്ങൾ ഇന്ത്യ ആക്രമിച്ചെന്ന് സ്ഥിരീകരിച്ച് പാക് പ്രധാനമന്ത്രി
17/05/2025  10:34 AM IST
nila
പാകിസ്ഥാന്റെ വ്യോമ താവളങ്ങൾ ഇന്ത്യ ആക്രമിച്ചെന്ന് സ്ഥിരീകരിച്ച് പാക് പ്രധാനമന്ത്രി

പാകിസ്ഥാന്റെ വ്യോമ താവളങ്ങൾ ഇന്ത്യ ആക്രമിച്ചെന്ന് സ്ഥിരീകരിച്ച് പാകിസ്ഥാൻ. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇതാദ്യമായാണ് തങ്ങളുടെ വ്യോമ താവളം ആക്രമിക്കപ്പെട്ടു എന്ന് പാകിസ്ഥാൻ സ്ഥിരീകരിക്കുന്നത്. പത്താം തീയതി പുലര്‍ച്ചെ രണ്ടരയ്ക്ക് നൂര്‍ഖാന്‍ താവളത്തിലും മറ്റു ചില സൈനിക കേന്ദ്രങ്ങളിലും ആക്രമണമുണ്ടായെന്നാണ് പാക് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ. സൈനിക മേധാവി അസിം മുനീര്‍ ആണ് ഇക്കാര്യം തന്നെ അറിയിച്ചതെന്നും പാക് പ്രധാനമന്ത്രി വ്യക്തമാക്കി. 

പാകിസ്ഥാനെ തുറന്നു കാട്ടാനുള്ള നയതന്ത്ര സര്‍വകക്ഷി സംഘവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളും പുറത്ത് വരുന്നുണ്ട്. യുഎസിലേക്കുള്ള സംഘത്തെ ശശി തരൂര്‍ നയിച്ചേക്കും. യൂറോപ്പിലേക്കോ പശ്ചിമേഷ്യയിലേക്കോ ഉള്ള സംഘത്തെ മനീഷ് തിവാരി നയിക്കും. മുന്‍കേന്ദ്രമന്ത്രി ഗുലാം നബി ആസാദ് ഒരു സംഘത്തെ നയിക്കും. പ്രിയങ്ക ചതുര്‍വേദി, സുപ്രിയ സുലെ, കനിമൊഴി, അസദുദ്ദീന്‍ ഒവൈസി എന്നിവര്‍ പ്രതിനിധി സംഘത്തിന്റെ ഭാഗമാകും. ദക്ഷിണ കിഴക്കന്‍ ഏഷ്യന്‍ സംഘത്തെ സല്‍മാന്‍ ഖുര്‍ഷിദ് നയിച്ചേക്കും. ഓരോ സംഘത്തിലും എട്ടു പേരാകും ഉണ്ടാവുക. സംഘത്തിലെ നേതാക്കളെ വിദേശകാര്യ മന്ത്രി കാണും. യാത്രയ്ക്കു മുന്‍പ് നേതാക്കളോട് നിലപാടുകള്‍ വിശദീകരിക്കും.

അതേസമയം, ഇന്ത്യ – പാക് സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച അട്ടാരി – വാഗ – അതിര്‍ത്തി തുറന്നു. അഫ്ഗാനിസ്ഥാനില്‍ നിന്നും എത്തിയ ട്രക്കുകള്‍ കടത്തിവിട്ടു. അഫ്ഗാന്‍ ട്രക്കുകള്‍ക്ക് വേണ്ടി മാത്രമാണ് അതിര്‍ത്തി തുറന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img