
പാകിസ്ഥാൻ ഇന്ത്യയെ ലക്ഷ്യംവെച്ച് നീങ്ങുകയാണെന്നും ശക്തമായി തിരിച്ചടിക്കുമെന്നും സൈന്യം. ഇന്ത്യക്കെതിരെ അതിവേഗ മിസൈലുകളും ഡ്രോണുകളും പാകിസ്ഥാൻ ഉപയോഗിച്ചെന്നും എന്നാൽ അവയെല്ലാം ഇന്ത്യ പ്രതിരോധിച്ചെന്നും വാർത്താ സമ്മേളനത്തിൽ വിങ് കമാൻഡർ വ്യോമിക സിങ്, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണൽ സോഫിയ ഖുറേഷി എന്നിവർ വ്യക്തമാക്കി. അതിർത്തിയിൽ പാകിസ്ഥാൻ നിരന്തരം പ്രകോപനം സൃഷ്ടിക്കുകയാണെന്നും സൈന്യം വ്യക്തമാക്കി.
ഇന്ത്യയിലെ ആരോഗ്യ കേന്ദ്രങ്ങളും സ്കൂളുകളും ആരാധനാലയങ്ങളും പാകിസ്ഥാൻ ലക്ഷ്യംവെച്ചെന്നും സൈന്യം പറഞ്ഞു. പാക് ആക്രമണത്തെ ഇന്ത്യ ശക്തമായി പ്രതിരോധിച്ചു. കനത്ത തിരിച്ചടിയാണ് പാകിസ്ഥാന് നൽകിയതെന്നും സൈന്യം അറിയിച്ചു. ഇന്ത്യയുടെ വ്യോമസേനാ താവളങ്ങൾ സുരക്ഷിതമാണെന്നും സൈന്യം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പാകിസ്ഥാൻ വെടിനിർത്തൽ കരാർ തുടർച്ചയായി ലംഘിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യ കനത്ത തിരിച്ചടി നൽകി. പാകിസ്ഥാന്റെ വ്യോമാക്രമണ ശ്രമം ഇന്ത്യ തകർത്തു. യാത്രാവിമാനങ്ങളെ മറയാക്കി ആക്രമണത്തിന് ശ്രമിച്ചെങ്കിലും അത് ഇന്ത്യ തകർത്തു. ഇതിന്റെ തെളിവുകളുണ്ട്. തുടരെത്തുടരെ ജനവാസ മേഖലകളിലേക്കാണ് പാക് ലക്ഷ്യം വെക്കുന്നത്. ഇന്ത്യയിലെ 26-ലധികം പ്രദേശങ്ങൾക്ക് നേരെ ആക്രമണം നടത്തി. അതിനെയെല്ലാം സൈന്യം തടഞ്ഞു.
പടിഞ്ഞാറെ അതിർത്തികളിൽ പാകിസ്ഥാൻ നിരന്തരം ആക്രമണം നടത്തുകയാണ്. ഡ്രോണുകൾ, ദീർഘദൂരായുധങ്ങൾ, യുദ്ധവിമാനങ്ങളടക്കമുള്ളവ ഉപയോഗിച്ച് ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ തകർക്കാൻ ശ്രമിച്ചു. നിരവധി ആക്രമണങ്ങളെ ഇന്ത്യ നിർവീര്യമാക്കി. 26 ലധികം സ്ഥലങ്ങളിൽ നുഴഞ്ഞു കയറാൻ ശ്രമിച്ചു. ഉധംപുർ, ഭുജ്, പത്താൻകോട്ട്, ബട്ടിൻഡ തുടങ്ങിയ വ്യോമതാവളങ്ങളിലെ ഉപകരണങ്ങൾ പാക് ആക്രമണത്തിൽ കേടുപാടുപറ്റി. കഴിഞ്ഞ ദിവസം രാത്രി 1.40 ഓടെ അതിവേഗ മിസൈലുകളാണ് പാകിസ്താൻ ഉപയോഗിച്ചത്. പഞ്ചാബ് വ്യോമതാവളമായിരുന്നു ലക്ഷ്യം. ആരോഗ്യകേന്ദ്രങ്ങളും സ്കൂളുകളും അവർ ആക്രമിച്ചെന്ന് കേണൽ സോഫിയ ഖുറേഷി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പാക് സൈന്യം ഇന്ത്യ ലക്ഷ്യംവെച്ച് നീങ്ങുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത് കൂടുതൽ ആക്രമണം ലക്ഷ്യംവെച്ചുള്ളതാണെന്ന് സൂചിപ്പിക്കുന്നു. ഇന്ത്യൻ സായുധ സേന സർവസജ്ജമാണ്. ശത്രുക്കളുടെ എല്ലാ നടപടികളും ഫലപ്രദമായി ചെറുക്കുകയും കൃത്യമായി തിരിച്ചടിക്കുകയും ചെയ്തിട്ടുണ്ടെന്ന് വിങ് കമാൻഡർ വ്യോമിക സിങ് പറഞ്ഞു.











