
മുസാഫറാബാദ്: പാക് അധീന കശ്മീരിലെ മുസാഫറാബാദിന് സമീപം പാകിസ്താൻ സൈന്യത്തിന്റെ എം.ഐ-17 ഹെലികോപ്റ്റർ തകർന്നുവീണ് 21 സൈനികർ കൊല്ലപ്പെട്ടു. നീലം വാലി സെക്ടറിലേക്ക് സൈനികരെ കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടമെന്ന് പാകിസ്താൻ സൈന്യത്തിന്റെ മാധ്യമവിഭാഗമായ ഐ.എസ്.പി.ആർ അറിയിച്ചു. ഹെലികോപ്റ്ററിന് യാത്രാമധ്യേ സാങ്കേതിക തകരാർ സംഭവിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.
സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തരമായി ഹെലികോപ്റ്റർ നിലത്തിറക്കാൻ പൈലറ്റുമാർ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. അപകടത്തിൽ ഹെലികോപ്റ്ററിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി സൈന്യം സ്ഥിരീകരിച്ചു. മരിച്ചവരുടെ പേരുവിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
സംഭവത്തിൽ പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ അനുശോചനം രേഖപ്പെടുത്തി. അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായും അദ്ദേഹം അറിയിച്ചു.
അടുത്തിടെ പാകിസ്താനിൽ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സൈനിക വിമാന-ഹെലികോപ്റ്റർ അപകടങ്ങൾ രാജ്യത്തെ വ്യോമയാന സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിക്കുന്നുണ്ട്. 2025 സെപ്റ്റംബറിൽ ഗിൽഗിത്-ബാൾട്ടിസ്ഥാനിലെ ഡയാമർ ജില്ലയിൽ നടന്ന ഹെലികോപ്റ്റർ അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടിരുന്നു. അതിന് മുമ്പ് ഓഗസ്റ്റിൽ മൊഹ്മന്ദ് ജില്ലയിൽ ഉണ്ടായ മറ്റൊരു അപകടത്തിൽ രണ്ട് പൈലറ്റുമാരും മൂന്ന് ജീവനക്കാരും മരണപ്പെട്ടിരുന്നു.










