
ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈന(AVIC) സന്ദർശിച്ച് പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി. ചൈനയിലെ അതിനിഗൂഢ സൈനിക കേന്ദ്രം എന്നാണ് എവിഐസി അറിയപ്പെടുന്നത്. പുതുപുത്തൻ യുദ്ധവിമാനങ്ങൾ ഉൾപ്പെടെ തങ്ങളുടെ പ്രത്യേക ആയുധങ്ങൾ ചൈന അതീവ രഹസ്യമായി സൂക്ഷിക്കുന്നത് ഇവിടെയെന്നാണ് പറയപ്പെടുന്നത്. ആദ്യമായാണ് ഒരു വിദേശ രാഷ്ട്രത്തലവൻ എവിഐസി സന്ദർശിക്കുന്നത്.
പാക് ഭരണഘടന അനുസരിച്ച് പാകിസ്ഥാൻ സൈന്യത്തിന്റെ തലവനാണ് പ്രസിഡന്റ്. 10 ദിവസത്തെ സന്ദർശനത്തിനാണ് സർദാരി ചൈനയിലെത്തിയത്. എവിഐസി സമുച്ചയത്തിൽ ഞയറാഴ്ച്ചയാണ് സർദാരി എത്തിയത്. ഏറ്റവും നൂതനമായ ആയുധങ്ങൾ, യുദ്ധവിമാനങ്ങൾ, അത്യാധുനിക സംവിധാനങ്ങൾ എന്നിവയെ കുറിച്ച് ചൈനീസ് അധികൃതർ പാക് പ്രസിഡന്റിനോട് വിവരിച്ചെന്ന് പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി, പ്രഥമ വനിത അസീഫ ഭൂട്ടോ സർദാരി എന്നിവരും ആസിഫ് അലി സർദാരിക്കൊപ്പമുണ്ടായിരുന്നു.
പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്, സൈനിക മേധാവി അസിം മുനീർ എന്നിവരുടെ ചൈനീസ് സന്ദർശനത്തിനു പിന്നാലെയാണ് ആസിഫ് അലി സർദാരിയും ചൈന സന്ദർശിക്കുന്നത്. ഇന്ത്യ – പാക്കിസ്ഥാൻ സംഘർഷ സമയത്ത് പാക്കിസ്ഥാൻ ഉപയോഗിച്ച 81ശതമാനം യുദ്ധോപകരണങ്ങളും ചൈന നൽകിയതാണെന്ന് സ്റ്റോക്ഹോം ഇന്റർനാഷനൽ പീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.