
ഫരീദാബാദ്: വിവാഹം കഴിക്കാൻ തയ്യാറാകാത്തതിലുള്ള വിരോധം മൂലം പെയിന്റിങ് തൊഴിലാളിയായ കാമുകനെ കൊലപ്പെടുത്തിയ കേസിൽ 33-കാരിയായ യുവതി അറസ്റ്റിൽ. മധ്യപ്രദേശിലെ രേവ സ്വദേശിനിയായ അനിതയെയാണ് ഹരിയാനയിലെ ഫരീദാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. സദാഖത് എന്ന യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി എന്നാണ് കേസ്. അനങ്പൂർ ഗ്രാമത്തിലെ വാടകമുറിയിൽ നിന്ന് യുവാവിന്റെ ജീർണിച്ച മൃതദേഹം കണ്ടെത്തിയതോടെയാണ് കേസിലെ ചുരുളഴിഞ്ഞത്.
പൊലീസ് അന്വേഷണത്തിൽ, കൊല്ലപ്പെട്ട സദാഖതുമായി തനിക്ക് അടുപ്പമുള്ള ബന്ധമുണ്ടായിരുന്നുവെന്ന് യുവതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പലതവണ വിവാഹാഭ്യർഥന നടത്തിയിട്ടും ഇയാൾ അത് നിരന്തരം നീട്ടിക്കൊണ്ടുപോയിരുന്നുവെന്നും അനിത പറഞ്ഞതായി അധികൃതർ അറിയിച്ചു. ജൂലൈ 25-നാണ് അനിത സദാഖതിനെ തന്റെ വാടകമുറിയിലേക്ക് വിളിച്ചുവരുത്തിയത്. ഇരുവരും ചേർന്ന് മദ്യം കഴിച്ച ശേഷം അർധരാത്രിയോടെ സദാഖത് ഉറങ്ങിയപ്പോൾ കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മുറി പുറത്തുനിന്ന് പൂട്ടി അനിത സ്ഥലത്തുനിന്ന് കടന്നുകളഞ്ഞതായും അന്വേഷണത്തിൽ വ്യക്തമായി.
ഫരീദാബാദിലെ ഒരു റെസിഡൻഷ്യൽ സൊസൈറ്റിയിലായിരുന്നു ഇരുവരും ജോലി ചെയ്തിരുന്നത്. സദാഖത് പെയിന്റിങ് തൊഴിലാളിയും അനിത ശുചീകരണ തൊഴിലാളിയുമായിരുന്നു. ഇരുവരും മുമ്പ് വിവാഹിതരായവരാണ്. അനിതയെ ഭർത്താവ് ഉപേക്ഷിച്ചിരുന്നുവെന്നാണ് വിവരം.
ഇരുവരും നേരത്തെ അനങ്പൂർ ഗ്രാമത്തിലെ ഒരു വാടകമുറിയിൽ ഒരുമിച്ചായിരുന്നു താമസം. എന്നാൽ ബന്ധത്തെക്കുറിച്ച് അറിഞ്ഞ വീട്ടുടമ മുറിയൊഴിയാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഏകദേശം 15 ദിവസം മുമ്പ് അനിത ഡോംക മൊഹല്ലയിൽ പുതിയ മുറി വാടകയ്‌ക്കെടുത്തു. പിന്നീട് സദാഖത് പതിവായി അവിടെ എത്താറുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.
സദാഖതിന്റെ സഹോദരൻ നസാകത് അലി നൽകിയ പരാതിയാണ് കേസിൽ നിർണായകമായത്. ജൂലൈ 23-ന് അലിഗഡിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ സദാഖത് പിന്നീട് തിരിച്ചെത്തിയില്ലെന്നും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും പരാതിയിൽ പറയുന്നു. അനിതയോട് അന്വേഷിച്ചപ്പോൾ സദാഖത് തന്റെ മുറിയിലെത്തിയിട്ടില്ലെന്നായിരുന്നു മറുപടി.
എന്നാൽ വ്യാഴാഴ്ച ഡോംക മൊഹല്ലയിലെ വാടകമുറിയിൽ മൃതദേഹമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് സദാഖതിന്റെ മൃതദേഹം കണ്ടെത്തിയത്. ഉത്തർപ്രദേശിലെ അലിഗഡ് സ്വദേശിയായ സദാഖതിന്റെ മൃതദേഹം മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തറുത്ത നിലയിലായിരുന്നു.
നസാകത് അലിയുടെ പരാതിയിൽ സൂരജ്കുണ്ഡ് പൊലീസ് സ്റ്റേഷനിൽ കൊലപാതകക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് വെള്ളിയാഴ്ച രാത്രി അനിതയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. മണിക്കൂറുകൾക്കുള്ളിൽ കേസ് തെളിയിക്കാനായെന്നും പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും ഫരീദാബാദ് പൊലീസ് അറിയിച്ചു.










