10:33pm 30 September 2026
NEWS
പഹൽഗാം ഭീകരാക്രമണത്തിന്റെ അവസാന സൂത്രധാരനും കൊല്ലപ്പെട്ടു; ലഷ്കർ ഭീകരൻ മൂസയെ വധിച്ച് സുരക്ഷാസേന
30/09/2026  10:29 AM IST
nila
പഹൽഗാം ഭീകരാക്രമണത്തിന്റെ അവസാന സൂത്രധാരനും കൊല്ലപ്പെട്ടു; ലഷ്കർ ഭീകരൻ മൂസയെ വധിച്ച് സുരക്ഷാസേന

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സുരക്ഷാസേന തിരയുകയായിരുന്ന അവസാന ഭീകരനെയും വധിച്ചതായി റിപ്പോർട്ട്. ജമ്മു കശ്മീരിലെ ബദ്‌ഗാം ജില്ലയിൽ ഇന്നലെ രാത്രി ആരംഭിച്ച ഏറ്റുമുട്ടലിലാണ് ലഷ്കർ-ഇ-തൊയ്ബ ഭീകരൻ മൂസ കൊല്ലപ്പെട്ടത്. പുലർച്ചെയോടെയാണ് ഭീകരനെ വധിച്ചതായി സുരക്ഷാസേന സ്ഥിരീകരിച്ചത്.

ബദ്‌ഗാം ജില്ലയിലെ ഒരു പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാസേന നടത്തിയ പരിശോധനയ്ക്കിടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. രാത്രി തുടങ്ങിയ ഓപ്പറേഷൻ പുലർച്ചെ വരെ നീണ്ടു. ഏറ്റുമുട്ടലിനൊടുവിലാണ് മൂസയെ വധിച്ചത്.

പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നേരത്തെ നാല് ഭീകരരുടെ ചിത്രങ്ങൾ സുരക്ഷാസേന പുറത്തുവിട്ടിരുന്നു. ഇവരിൽ രണ്ട് പേരെ ഓപ്പറേഷൻ മഹാദേവിലൂടെ സുരക്ഷാസേന വധിച്ചിരുന്നു. തുടർന്ന് ബദ്‌ഗാമിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ മൂന്നാമത്തെ ഭീകരനെയും വധിച്ചു. നാലാമനായ മൂസയെ കണ്ടെത്താനുള്ള തിരച്ചിൽ സുരക്ഷാസേന തുടരുകയായിരുന്നു.

2022 മുതൽ കശ്മീർ മേഖലയിൽ വിവിധ ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ഭീകരനാണ് മൂസയെന്നാണ് സുരക്ഷാസേനയുടെ വിലയിരുത്തൽ. ഇയാളെ വധിച്ചതായി ബദ്‌ഗാം എസ്‌എസ്‌പിയും മലയാളിയുമായ ഐപിഎസ് ഉദ്യോഗസ്ഥൻ കെ.കെ. ഹരിപ്രസാദ് സ്ഥിരീകരിച്ചു.

മൂസയെ വധിച്ചത് ജമ്മു കശ്മീർ പോലീസിനും മറ്റ് സുരക്ഷാസേനകൾക്കും വലിയ നേട്ടമാണെന്ന് കെ.കെ. ഹരിപ്രസാദ് പ്രതികരിച്ചു. ഓപ്പറേഷനുമായി ബന്ധപ്പെട്ട മറ്റ് നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img