
പത്മജ വേണുഗോപാലിന് പിന്നാലെ ബിജെപിക്ക് മറ്റൊരു തിരിച്ചടി. അർജുന അവാർഡ് ജേതാവും മുൻ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ പത്മിനി തോമസും ബിജെപി വിടാൻ തീരുമാനിച്ചു. സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് രാജിക്ക് കാരണമെന്നാണ് സൂചന. കോൺഗ്രസിലേക്ക് മടങ്ങാനാണ് ആഗ്രഹമെന്നും ഇന്ന് തന്നെ രാജിക്കത്ത് കൈമാറുമെന്നും പത്മിനി മാധ്യമങ്ങളോട് വ്യക്തമാക്കി.
കായികമേഖലയിൽ പ്രവർത്തിക്കാനും കായികതാരങ്ങൾക്കായി കൂടുതൽ കാര്യങ്ങൾ ചെയ്യാനുമുള്ള ലക്ഷ്യത്തോടെയാണ് ബിജെപിയിൽ ചേർന്നതെന്നും എന്നാൽ പാർട്ടിയിൽ അതിനുള്ള അവസരം ലഭിച്ചില്ലെന്നും പത്മിനി പറഞ്ഞു. ബിജെപിയിലേക്കുള്ള പ്രവേശനം എടുത്തുചാട്ടമായിരുന്നുവെന്നും പാർട്ടിയിൽ ചേരുമ്പോൾ പ്രത്യേക ഉപാധികളൊന്നും മുന്നോട്ടുവച്ചിരുന്നില്ലെന്നും അവർ വ്യക്തമാക്കി.
ഒരു വർഷം മുമ്പുതന്നെ പാർട്ടി വിടുന്നതിനെക്കുറിച്ച് ആലോചിച്ചുതുടങ്ങിയിരുന്നുവെന്ന് പത്മിനി വെളിപ്പെടുത്തി. കോൺഗ്രസ് കുടുംബത്തിൽനിന്ന് ചില പ്രശ്നങ്ങളെത്തുടർന്ന് മാറിനിന്നതാണെന്നും ഇപ്പോൾ വീണ്ടും സ്വന്തം കുടുംബത്തിലേക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നതെന്നും അവർ പറഞ്ഞു. ബിജെപിയിൽ ചേർന്നപ്പോൾ സ്വന്തം കുടുംബത്തിൽപെട്ട പലരും തന്നോട് സംസാരിക്കാതിരുന്ന സാഹചര്യമുണ്ടായെന്നും ഇനി അതിന് മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പത്മിനി കൂട്ടിച്ചേർത്തു.
പാർട്ടി വിടാനുള്ള തീരുമാനം വ്യക്തിപരമാണെന്നും തെറ്റുകൾ സംഭവിച്ചാൽ തിരുത്താനുള്ള മനസും വേണമെന്നും പറഞ്ഞ പത്മിനി, വരും ദിവസങ്ങളിൽ ബിജെപിയിൽ നിന്ന് കൂടുതൽ പേർ പുറത്തേക്കു വരുമെന്നും അവകാശപ്പെട്ടു.
2024ലാണ് പത്മിനി തോമസ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. തുടർന്ന് ബിജെപി ന്യൂനപക്ഷ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റായി പ്രവർത്തിച്ചുവരികയായിരുന്നു.










