
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് വീണ്ടും ചർച്ചകൾ സജീവമാകുന്നു. ഇന്നലെ ചേർന്ന ക്ഷേത്ര ഉപദേശക സമിതിയുടെയും ഭരണസമിതിയുടെയും സംയുക്ത യോഗത്തിലാണ് ഈ വിഷയം ചർച്ചയായത്. നിലവറ തുറന്ന് പരിശോധിക്കണമെന്ന നിർദ്ദേശം ഭരണസമിതിയിലെ സർക്കാർ പ്രതിനിധി അഡ്വ. എ. വേലപ്പൻ നായരാണ് മുന്നോട്ടുവെച്ചത്. നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഭരണസമിതിക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്നാൽ, യോഗത്തിൽ ക്ഷേത്ര തന്ത്രി പങ്കെടുക്കാത്തതുകൊണ്ടും കൊട്ടാരം പ്രതിനിധി ഈ നിർദ്ദേശത്തോട് യോജിക്കാത്തതുകൊണ്ടും കൂടുതൽ ചർച്ചകൾ നടന്നില്ല. ഈ വിഷയത്തിൽ ക്ഷേത്ര തന്ത്രിയുടെ അഭിപ്രായം നിർണായകമാണ്.
2011-ൽ സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം ക്ഷേത്രത്തിലെ മറ്റ് നിലവറകൾ തുറന്ന് അമൂല്യ ശേഖരങ്ങളുടെ മൂല്യം നിർണയിച്ചിരുന്നു. എന്നാൽ ബി നിലവറ തുറന്നാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമെന്നും വിശ്വാസങ്ങളെ ലംഘിക്കുമെന്നുമുള്ള വാദങ്ങൾ ഉയർന്നതിനെ തുടർന്ന് അന്ന് അത് തുറന്നിരുന്നില്ല. ബി നിലവറ തുറക്കാൻ ശ്രമിക്കുന്നതിനിടെ അന്നത്തെ വിദഗ്ദ്ധ സമിതി അംഗമായിരുന്ന ജസ്റ്റിസ് സി.എസ്. രാജന്റെ കാൽ മുറിഞ്ഞതും ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.ബി നിലവറ തുറന്നാൽ കടൽവെള്ളം കയറുമെന്നും, അറയിൽ വലിയ തുരങ്കമുണ്ടെന്നും, നിധിശേഖരത്തിന് നാഗങ്ങളുടെ കാവലുണ്ടെന്നുമൊക്കെയാണ് നിലവിലുള്ള വിശ്വാസങ്ങൾ.











