12:11am 12 November 2026
NEWS
മുൻ മന്ത്രിയെ കുരുക്കി പത്മകുമാർ അകത്ത്, 14 ദിവസം റിമാൻഡിൽ
21/11/2025  10:06 AM IST
സുരേഷ് വണ്ടന്നൂർ
മുൻ മന്ത്രിയെ കുരുക്കി പത്മകുമാർ അകത്ത്, 14 ദിവസം റിമാൻഡിൽ

​തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡന്റും സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അം​ഗവുമായ എ.പത്മകുമാർ, മുൻ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്റെ അറിവോടെയാണ് കട്ടിളപ്പാളി പോറ്റിക്ക് നൽകിയതെന്ന് നിർണായക മൊഴി നൽകി. ഇതോടെ കേസിൽ മുൻമന്ത്രി കുടുങ്ങാൻ സാധ്യതയേറി.
​2019-ലെ സ്വർണക്കൊള്ളക്കേസിലാണ് പത്മകുമാറിന്റെ അറസ്റ്റ്. സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റി അന്നത്തെ മന്ത്രിക്ക് നൽകിയ അപേക്ഷയാണ് ബോർഡിന് മുന്നിലെത്തിയത്.

​സർക്കാർ അനുമതിയോടെയാണ് കട്ടിളപ്പാളികൾ കൊടുത്തുവിടുന്നതെന്ന് ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പത്മകുമാർ പ്രത്യേക അന്വേഷണ സംഘത്തോട്  വെളിപ്പെടുത്തി.
​കേസിൽ അറസ്റ്റിലാകുന്ന ആറാമത്തെ പ്രതിയും രണ്ടാമത്തെ ബോർഡ് പ്രസിഡന്റുമാണ് പത്മകുമാർ. മുൻ പ്രസിഡന്റ് എൻ.വാസു നേരത്തേ റിമാൻഡിലാണ്.

​ഇന്നലെ രാത്രിയോടെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ പത്മകുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് തിരുവനന്തപുരം സബ് ജയിലിലടച്ചു. എസ്.ഐ.ടി കസ്റ്റഡിയിൽ വാങ്ങും.ചോദ്യം ചെയ്യലും അറസ്റ്റും
​പലതവണ നോട്ടീസയച്ചിട്ടും ഹാജരാകാതിരുന്ന പത്മകുമാർ, കസ്റ്റഡിയിലെടുക്കുമെന്ന് അന്ത്യശാസനം നൽകിയതോടെയാണ് ഇന്നലെ രാവിലെ ചോദ്യം ചെയ്യലിനെത്തിയത്.

​ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എ.ഡി.ജി.പി എച്ച്.വെങ്കടേശിന്റെ നേതൃത്വത്തിൽ പത്തരയോടെ ചോദ്യംചെയ്തു തുടങ്ങി.
​വൈകിട്ട് മൂന്നരയോടെ അറസ്റ്റ് രേഖപ്പെടുത്തി. ജനറൽ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് കൊല്ലത്തേക്ക് കൊണ്ടുപോയത്.
​പോറ്റിക്ക് ഒത്താശചെയ്തതിൽ പത്മകുമാറിന് പങ്കുണ്ടെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ. സ്വർണം പൊതിഞ്ഞ ചെമ്പുപാളികളെ 'വെറും ചെമ്പുപാളികൾ' എന്ന് രേഖപ്പെടുത്തിയത് ഇതിന്റെ ഭാഗമായിട്ടാണ്.
​പോറ്റിയുമായി ആറന്മുളയിലെ വീട്ടിലും പലവട്ടം കൂടിക്കാഴ്ച നടത്തിയതിന് തെളിവുണ്ട്. പത്മകുമാറിന്റെയും കുടുംബാംഗങ്ങളുടെയും സാമ്പത്തിക ഇടപാട് വിവരങ്ങളും എസ്.ഐ.ടി കണ്ടെത്തിയിട്ടുണ്ട്.

 കുരുക്കായി രേഖകളും തെളിവുകളും

​ഗൂഢാലോചന വീട്ടിൽ: സ്വർണക്കൊള്ളയുടെ ഗൂഢാലോചന പത്മകുമാറിന്റെ വീട്ടിൽ നടന്നെന്നും തട്ടിപ്പിലൂടെ സാമ്പത്തികനേട്ടമുണ്ടാക്കിയെന്നും എസ്.ഐ.ടി കണ്ടെത്തി. പോറ്റിയുമായി സാമ്പത്തിക, ഭൂമിയിടപാട് നടന്നു. പത്മകുമാറിന്റെ സെക്രട്ടറിയായിരുന്ന ശ്രീകുമാറും നിർണായകമൊഴി നൽകി.

​രേഖ തിരുത്തിയത്: സ്വർണം പൊതിഞ്ഞതാണെന്ന് 2019 ഫെബ്രുവരി 16-ന് എക്സിക്യുട്ടീവ് ഓഫീസറുടെ കത്തിലുണ്ടായിരുന്നു. ഇത് തിരുത്തി 'ചെമ്പുപാളികൾ' എന്നാക്കിയത് പത്മകുമാറിന്റെ നിർദ്ദേശപ്രകാരമാണെന്നാണ് അന്നത്തെ കമ്മിഷണറായിരുന്ന എൻ.വാസുവിന്റെ മൊഴി.

​സ്വർണ്ണത്തിന്റെ തെളിവ്: സ്വർണക്കൊള്ളയ്ക്ക് പോറ്റിയുമായി ചേർന്ന് തിരക്കഥയുണ്ടാക്കിയത് പത്മകുമാറാണ്. 1998-99-ൽ വിജയമല്യ ശ്രീകോവിലും ഭാഗങ്ങളും 30.291 കിലോഗ്രാം സ്വർണം പൊതിഞ്ഞ രേഖകൾ ബോർഡ് പൂഴ്‌ത്തിവച്ചിരുന്നത് എസ്.ഐ.ടി പിടിച്ചെടുത്തതോടെ സ്വർണക്കൊള്ളയ്ക്ക് തെളിവായി.

​കുരുക്കായി ചിത്രവും

​ശ്രീകോവിലിലേത് ചെമ്പുപാളികൾ തന്നെയെന്ന് മാദ്ധ്യമങ്ങളോട് ആവർത്തിച്ചിരുന്നു പത്മകുമാർ. എന്നാൽ, ദ്വാരപാലക ശിൽപ്പങ്ങളിൽ പത്മകുമാർ ചാരിനിൽക്കുന്ന ചിത്രത്തിൽ സ്വർണം പൊതിഞ്ഞ കട്ടിള വ്യക്തമായി കാണാം. ഈ ചിത്രം എസ്.ഐ.ടി തെളിവായി ശേഖരിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img