
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡന്റും സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ.പത്മകുമാർ, മുൻ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്റെ അറിവോടെയാണ് കട്ടിളപ്പാളി പോറ്റിക്ക് നൽകിയതെന്ന് നിർണായക മൊഴി നൽകി. ഇതോടെ കേസിൽ മുൻമന്ത്രി കുടുങ്ങാൻ സാധ്യതയേറി.
2019-ലെ സ്വർണക്കൊള്ളക്കേസിലാണ് പത്മകുമാറിന്റെ അറസ്റ്റ്. സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റി അന്നത്തെ മന്ത്രിക്ക് നൽകിയ അപേക്ഷയാണ് ബോർഡിന് മുന്നിലെത്തിയത്.
സർക്കാർ അനുമതിയോടെയാണ് കട്ടിളപ്പാളികൾ കൊടുത്തുവിടുന്നതെന്ന് ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പത്മകുമാർ പ്രത്യേക അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.
കേസിൽ അറസ്റ്റിലാകുന്ന ആറാമത്തെ പ്രതിയും രണ്ടാമത്തെ ബോർഡ് പ്രസിഡന്റുമാണ് പത്മകുമാർ. മുൻ പ്രസിഡന്റ് എൻ.വാസു നേരത്തേ റിമാൻഡിലാണ്.
ഇന്നലെ രാത്രിയോടെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ പത്മകുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് തിരുവനന്തപുരം സബ് ജയിലിലടച്ചു. എസ്.ഐ.ടി കസ്റ്റഡിയിൽ വാങ്ങും.ചോദ്യം ചെയ്യലും അറസ്റ്റും
പലതവണ നോട്ടീസയച്ചിട്ടും ഹാജരാകാതിരുന്ന പത്മകുമാർ, കസ്റ്റഡിയിലെടുക്കുമെന്ന് അന്ത്യശാസനം നൽകിയതോടെയാണ് ഇന്നലെ രാവിലെ ചോദ്യം ചെയ്യലിനെത്തിയത്.
ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എ.ഡി.ജി.പി എച്ച്.വെങ്കടേശിന്റെ നേതൃത്വത്തിൽ പത്തരയോടെ ചോദ്യംചെയ്തു തുടങ്ങി.
വൈകിട്ട് മൂന്നരയോടെ അറസ്റ്റ് രേഖപ്പെടുത്തി. ജനറൽ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് കൊല്ലത്തേക്ക് കൊണ്ടുപോയത്.
പോറ്റിക്ക് ഒത്താശചെയ്തതിൽ പത്മകുമാറിന് പങ്കുണ്ടെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ. സ്വർണം പൊതിഞ്ഞ ചെമ്പുപാളികളെ 'വെറും ചെമ്പുപാളികൾ' എന്ന് രേഖപ്പെടുത്തിയത് ഇതിന്റെ ഭാഗമായിട്ടാണ്.
പോറ്റിയുമായി ആറന്മുളയിലെ വീട്ടിലും പലവട്ടം കൂടിക്കാഴ്ച നടത്തിയതിന് തെളിവുണ്ട്. പത്മകുമാറിന്റെയും കുടുംബാംഗങ്ങളുടെയും സാമ്പത്തിക ഇടപാട് വിവരങ്ങളും എസ്.ഐ.ടി കണ്ടെത്തിയിട്ടുണ്ട്.
കുരുക്കായി രേഖകളും തെളിവുകളും
ഗൂഢാലോചന വീട്ടിൽ: സ്വർണക്കൊള്ളയുടെ ഗൂഢാലോചന പത്മകുമാറിന്റെ വീട്ടിൽ നടന്നെന്നും തട്ടിപ്പിലൂടെ സാമ്പത്തികനേട്ടമുണ്ടാക്കിയെന്നും എസ്.ഐ.ടി കണ്ടെത്തി. പോറ്റിയുമായി സാമ്പത്തിക, ഭൂമിയിടപാട് നടന്നു. പത്മകുമാറിന്റെ സെക്രട്ടറിയായിരുന്ന ശ്രീകുമാറും നിർണായകമൊഴി നൽകി.
രേഖ തിരുത്തിയത്: സ്വർണം പൊതിഞ്ഞതാണെന്ന് 2019 ഫെബ്രുവരി 16-ന് എക്സിക്യുട്ടീവ് ഓഫീസറുടെ കത്തിലുണ്ടായിരുന്നു. ഇത് തിരുത്തി 'ചെമ്പുപാളികൾ' എന്നാക്കിയത് പത്മകുമാറിന്റെ നിർദ്ദേശപ്രകാരമാണെന്നാണ് അന്നത്തെ കമ്മിഷണറായിരുന്ന എൻ.വാസുവിന്റെ മൊഴി.
സ്വർണ്ണത്തിന്റെ തെളിവ്: സ്വർണക്കൊള്ളയ്ക്ക് പോറ്റിയുമായി ചേർന്ന് തിരക്കഥയുണ്ടാക്കിയത് പത്മകുമാറാണ്. 1998-99-ൽ വിജയമല്യ ശ്രീകോവിലും ഭാഗങ്ങളും 30.291 കിലോഗ്രാം സ്വർണം പൊതിഞ്ഞ രേഖകൾ ബോർഡ് പൂഴ്ത്തിവച്ചിരുന്നത് എസ്.ഐ.ടി പിടിച്ചെടുത്തതോടെ സ്വർണക്കൊള്ളയ്ക്ക് തെളിവായി.
കുരുക്കായി ചിത്രവും
ശ്രീകോവിലിലേത് ചെമ്പുപാളികൾ തന്നെയെന്ന് മാദ്ധ്യമങ്ങളോട് ആവർത്തിച്ചിരുന്നു പത്മകുമാർ. എന്നാൽ, ദ്വാരപാലക ശിൽപ്പങ്ങളിൽ പത്മകുമാർ ചാരിനിൽക്കുന്ന ചിത്രത്തിൽ സ്വർണം പൊതിഞ്ഞ കട്ടിള വ്യക്തമായി കാണാം. ഈ ചിത്രം എസ്.ഐ.ടി തെളിവായി ശേഖരിച്ചിട്ടുണ്ട്.











