04:26am 21 June 2026
NEWS
പത്മഭൂഷൺ വെള്ളാപ്പള്ളി നടേശന് 24ന് എറണാകുളത്ത് സ്വീകരണം
20/06/2026  07:26 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പത്മഭൂഷൺ വെള്ളാപ്പള്ളി നടേശന് 24ന് എറണാകുളത്ത് സ്വീകരണം

കൊച്ചി: ജൂൺ 23ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം തിരിച്ചെത്തുന്ന എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി  വെള്ളാപ്പള്ളി നടേശന് ജൂൺ 24ന്  എറണാകുളത്ത്  പ്രൗഢഗംഭീരമായ സ്വീകരണവും ഐക്യദാർഢ്യ പ്രഖ്യാപനവും ഒരുക്കുന്നു.വൈകിട്ട് 4ന് എറണാകുളം  ടൗൺഹാളിലാണ് സ്വീകരണ പരിപാടി. ജില്ലയിലെ എസ്.എൻ.ഡി.പി. യോഗത്തിന്റെ ഒമ്പത് യൂണിയനുകളിൽ നിന്ന് പതിനായിരക്കണക്കിന് പ്രവർത്തകർ പങ്കെടുക്കും. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് വെള്ളാപ്പള്ളിയെ ടൗൺഹാളിലേക്ക് ആനയിക്കുക. യോഗം കൗൺസിൽ അംഗങ്ങളും എസ്.എൻ. ട്രസ്റ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളും ചേർന്ന് വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിക്കും. പത്മഭൂഷൺ ബഹുമതി ഏറ്റുവാങ്ങിയ ശേഷം കേരളമണ്ണിൽ നൽകുന്ന ആദ്യ സ്വീകരണമാണ് എറണാകുളത്ത് നടക്കുന്നത്. യോഗത്തിന്റെയും പോഷകസംഘടനകളുടെയും നേതാക്കളും പൗരപ്രമുഖരും പങ്കെടുക്കും.
എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി, എസ്.എൻ.ട്രസ്റ്റ് സെക്രട്ടറി പദവികളിൽ ശ്രീ. വെള്ളാപ്പള്ളി നടേശൻ മൂന്നുപതിറ്റാണ്ട് തികയ്ക്കുന്ന വേളയിൽ അദ്ദേഹത്തെ തേടിയെത്തിയ പത്മഭൂഷൺ ബഹുമതി കേരളത്തിനും കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന പിന്നാക്ക ജനസമൂഹത്തിനും ലഭിച്ച അംഗീകാരം കൂടിയാണ്. വിദ്യഭ്യാസ മേഖലയ്ക്ക് നൽകിയ സംഭാവനകൾ വിലയിരുത്തിയാണ് വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ നൽകി രാജ്യം ആദരിക്കുന്നത്. 'വിദ്യ കൊണ്ട് പ്രബുദ്ധരാവുക' എന്ന ഗുരുദേവ വാക്യം എസ്.എൻ.ഡി.പി. യോഗം അർത്ഥവത്താക്കിയത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. 1996ൽ യോഗം ജനറൽ സെക്രട്ടറിപദത്തിലെത്തുമ്പോൾ ഉണ്ടായിരുന്ന 42 വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് 142 ആയി.  3882 ശാഖകൾ ഇന്ന് 7800 ആയി വളർന്നു. 58 യൂണിയനുകളിൽ നിന്ന് 141 യൂണിയനുകളായി യോഗം, യൂണിയൻ, ശാഖ എന്ന ത്രിതല സംവിധാനം യോഗം, യൂണിയൻ, ശാഖ, കുടുംബയൂണിറ്റ്, മൈക്രോ യൂണിറ്റുകളുമായി പഞ്ചതല സംവിധാനമായി മാറി.രാജ്യത്തിനുതന്നെ മാതൃകയാകുന്ന സാമ്പത്തിക വിപ്ലവം ആണ് യോഗം നടപ്പിലാക്കിയ മൈക്രോ ഫിനാൻസ് സ്കീം. പ്രതിമാസം മൂന്നു ലക്ഷത്തിൽപരം ചെറുതും വലുതുമായ മൈക്രോഫിനാൻസ് യൂണിറ്റുകളുടെ യോഗങ്ങൾ ചേരുന്നുണ്ട്. 12000 കോടി രൂപയുടെ ക്രയവിക്രയം നടക്കുന്ന യോഗത്തിന്റെ ഈ സാമ്പത്തിക സംവിധാനം രാജ്യത്തിന് തന്നെ മാതൃകയാണ്.വെള്ളാപ്പള്ളി നടേശൻ്റെ കർമ്മകുശലതയും ദീർഘവീക്ഷണവും നേത്യഗുണവും കൊണ്ടാണ് ഈ നേട്ടങ്ങൾ കൈവരിക്കാൻ സംഘടനയ്ക്കും സമുദായത്തിനും കഴിഞ്ഞത്. അദ്ദേഹത്തിന് ലഭിച്ച പത്മഭൂഷൺ കേരളത്തിലെ ഈഴവരാദി പിന്നാക്ക ജനവിഭാഗങ്ങൾക്കും എസ്.എൻ.ഡി.പി യോഗമെന്ന മഹത്തായ പ്രസ്ഥാനത്തിനും ലഭിച്ച അംഗീകാരം കൂടിയായി മാറുന്നു.

വാർത്താ സമ്മേളനത്തിൽ യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, പന്തളം യൂണിയൻ പ്രസിഡന്റും പബ്ളിസിറ്റികമ്മിറ്റി ചെയർമാനുമായ അഡ്വ.സിനിൽ മുണ്ടപ്പിള്ളി, കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ.സോമരാജൻ, കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ, പറവൂർ യൂണിയൻ കൺവീനർ ഷൈജു മനക്കപ്പടി എന്നിവർ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img