പ്രത്യേകാനുമതി മന്ത്രി അനൂപ് ജേക്കബ്

കഴിഞ്ഞ സീസണില്‍ കരാറിലേര്‍പ്പെട്ടതും നിശ്ചിതസമയത്തിനകം നെല്ല് കുത്തല്‍ (മില്ലിംഗ്) പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുമായ മില്ലുകളുമായി കരാറില്‍ ഏര്‍പ്പെടാന്‍ സപ്‌ളൈേകാക്ക്് നിബന്ധനകളോടെ പ്രത്യേക അനുമതി നല്‍കിയതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ഇതു സംബന്ധിച്ച ശിപാര്‍ശ സപ്‌ളൈകോ ഭക്ഷ്യവകുപ്പിനു നല്‍കിയിരുന്നു.
2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കേണ്ടതും യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതിന്‍െ്‌റ ആവശ്യകതയും കണക്കിലെടുത്താണു നടപടി. ഇതോടെ നെല്ല് സംഭരണം സംബന്ധിച്ചു നിലവിലുള്ള ആശങ്കകള്‍ക്കു വിരാമമാകുമെന്നു മന്ത്രി അറിയിച്ചു.മില്ലുകളുമായുള്ള കരാറുകള്‍ എത്രയും വേഗം നടപ്പാക്കേണ്ടതുണ്ട്. മില്ലിംഗ് കാലയളവ് നീട്ടല്‍ അനുമതി കേന്ദ്ര സര്‍ക്കാരിന്‍െ്‌റ അംഗീകാരത്തിനു വിധേയമായിരിക്കും. 2025- 26 ഖാരീഫ് സീസണിലെ നെല്ല് കുത്തിത്തീര്‍ക്കുന്നതിനുള്ള സമയം ജൂലൈ 31ന് അവസാനിച്ച സാഹചര്യത്തില്‍ 2026 ഒക്ടോബര്‍ 31 വരെ നീട്ടാന്‍ കേന്ദ്രത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. 2025-26 റാബി സീസണിലെ നെല്ല് കുത്തിതീര്‍ക്കാന്‍് 2027 ജനുവരി 31 വരെ സമയം കേന്ദ്ര സര്‍ക്കാര്‍ നിലവില്‍ അനുവദിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രനിര്‍ദ്ദേശങ്ങള്‍ സപ്ലൈകോ കര്‍ശനമായി പാലിക്കണം. കേന്ദ്രം നിശ്ചയിച്ചിട്ടുള്ള ഔട്ട്-ടേണ്‍ അനുപാതം ഉള്‍പ്പെടെയുള്ള എല്ലാ വ്യവസ്ഥകളും പാലിക്കണം.
കഴിഞ്ഞ സീസണിലെ മില്ലിംഗ് പൂര്‍ണ്ണമായും പൂര്‍ത്തിയാകുംവരെ കാത്തിരിക്കുന്നതു നെല്ല് സംഭരണം ആരംഭിക്കാന്‍ തടസമാകുമെന്നു വിലയിരുത്തിയാണു വ്യവസ്ഥകള്‍ക്കു വിധേയമായി അനുമതി നല്‍കിയത്. കഴിഞ്ഞ ഖാരിഫ് സീസണിലെ മില്ലിംഗ് കാലയളവ് ജൂലൈ 31 ന് അവസാനിച്ചെങ്കിലും, വിവിധ കാരണങ്ങളാല്‍ സമയപരിധിക്കകം മില്ലിംഗ് പൂര്‍ത്തിയാക്കാനായില്ല.
കഴിഞ്ഞ സീസണില്‍ നെല്ല് സംഭരിച്ച ബന്ധപ്പെട്ട ഒരോ മില്ലിലും ലഭ്യമായ നെല്ലിന്റെ സ്റ്റോക്ക്, കരാറില്‍ ഏര്‍പ്പെടുംമുമ്പ് സപ്ലൈകോ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു വിലയിരുത്തും. മുന്‍ സീസണിലെ ബാക്കി നെല്ലും അനുബന്ധ ബാധ്യതകളും കൃത്യമായി കണക്കില്‍പ്പെടുത്തിയിട്ടുണ്ടെന്നും, നിശ്ചിത കാലയളവിനകം മില്ലിംഗ് പൂര്‍ത്തിയാക്കുമെന്നും, അരി സപ്ലൈകോ/സര്‍ക്കാരിന് എത്തിക്കുമെന്നുമുള്ള സത്യവാങ്മൂലം മില്‍ ഉടമ സപ്ലൈകോയ്ക്കു സമര്‍പ്പിക്കണം. കരാറില്‍ മില്ലുകളെ ഉള്‍പ്പെടുത്തുന്നത് അവയുടെ സ്റ്റോക്ക് പരിശോധനയ്ക്കും സത്യവാങ്മൂലവും പരിഗണിച്ചാവും.
കഴിഞ്ഞ സീസണുകളിലെ സ്റ്റോക്ക്, മില്ലിംഗ്, അരി വിതരണ അക്കൗണ്ടുകള്‍ പ്രത്യേകമായും വ്യക്തമായും സൂക്ഷിക്കണം. ബാക്കി നെല്ല്/ അരി കൂട്ടിക്കലര്‍ത്തുകയോ പരസ്പരം മാറ്റി കണക്കാക്കുകയോ ചെയ്യരുത്.
പ്രത്യേക അനുമതിയില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന മില്ലുകളുടെ പട്ടിക കൃത്യമായി പരിശോധിച്ചുറപ്പിച്ച രേഖകളുടെ അടിസ്ഥാനത്തിലാണെന്നും 2025-26 ഖാരിഫ്, റാബി സീസണുകളുമായി ബന്ധപ്പെട്ട ബാക്കി നെല്ല്, മില്ലിംഗ് നില, ബാധ്യതകള്‍ എന്നിവയുടെ വിശദാംശങ്ങള്‍ കൃത്യമായും വെവ്വേറെയും പരിപാലിക്കുന്നുണ്ടെന്നും സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ ഉറപ്പാക്കണം.
പ്രത്യേകാനുമതി ഉത്തരവില്‍ ഉള്‍പ്പെട്ട മില്ലുകളുടെ വിശദാംശങ്ങള്‍, ഓരോ മില്ലിലും ലഭ്യമായ നെല്ലിന്റെ സ്റ്റോക്ക്, അതത് വിള സീസണുകളില്‍ മില്ലിംഗ് ചെയ്യാന്‍ ശേഷിക്കുന്ന അളവ്, അനുബന്ധ മില്ലിംഗ്, ബാധ്യതകളുടെ അവസ്ഥ എന്നിവ ഉള്‍ക്കൊള്ളുന്ന സംയോജിത പ്രസ്താവന സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ സര്‍ക്കാരിനു സമര്‍പ്പിക്കണമെന്നു നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
അധിക വിവരങ്ങള്‍
നെല്ല് സംഭരണ സീസണ്‍ രണ്ടു വിളകളായി തിരിച്ചിരിക്കുന്നു. ഇതില്‍ ഒന്നാം വിള (ഖാരിഫ്) 2025 സെപ്റ്റംബര്‍ മുതല്‍ 2026 മാര്‍ച്ച് 31 വരെ സംഭരണം നടത്തി 2026 ജൂലൈ 31-നകം മില്ലിംഗ് പൂര്‍ത്തിയാക്കണം. 2026 ഏപ്രില്‍ 1 മുതല്‍ 2026 ജൂലൈ 31-നകം സംഭരണം നടക്കുന്നു.രണ്ടാം വിള (റാബി) 2027 ജനുവരി 31-നകം മില്ലിംഗ് പൂര്‍ത്തിയാക്കുന്നു. രണ്ട് വിളകള്‍ക്കും പ്രത്യേക രേഖകള്‍ സൂക്ഷിക്കുന്നു. ഏതെങ്കിലും വിളയുടെ മില്ലിംഗ് അനുവദനീയമായ സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയായില്ലെങ്കില്‍, മില്ലിംഗ് കാലയളവ് നീട്ടുന്നതിനുള്ള അനുമതി ഭക്ഷ്യ-പൊതുവിതരണ വകുപ്പില്‍ നിന്ന് നേടേണ്ടതുണ്ട്.
Photo Courtesy - Google










