
തിരുവനന്തപുരം : റെയിൽവേയുമായി ബന്ധപ്പെട്ട പാർലമെന്ററി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി) യോഗത്തിന് പിന്നാലെ, കമ്മിറ്റി ചെയർമാൻ കെ.സി. വേണുഗോപാൽ എം.പിയുടെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ അപ്രതീക്ഷിത പരിശോധന നടത്തി.
യാത്രക്കാർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ റെയിൽവേയുടെ ഭാഗത്തുനിന്ന് ഗുരുതരമായ അനാസ്ഥയുണ്ടെന്ന വിമർശനം രാവിലെ ചേർന്ന പി.എ.സി യോഗത്തിൽ ഉയർന്നിരുന്നു. യാത്രക്കാർക്ക് മിനിമം സൗകര്യങ്ങൾ പോലും ഉറപ്പാക്കുന്നതിൽ റെയിൽവേ കാണിക്കുന്ന വീഴ്ചയിൽ കമ്മിറ്റി കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് റെയിൽവേ അധികൃതരെ മുൻകൂട്ടി അറിയിക്കാതെ പി.എ.സി സംഘം സ്റ്റേഷനിൽ മിന്നൽ പരിശോധന നടത്തിയത്. വിശ്രമകേന്ദ്രം, ശുചിമുറികൾ, ഭക്ഷണശാല എന്നിവയുൾപ്പെടെ യാത്രക്കാർക്കായി ഒരുക്കിയിട്ടുള്ള വിവിധ സൗകര്യങ്ങൾ സംഘം നേരിട്ട് സന്ദർശിച്ച് വിലയിരുത്തി.
Photo Courtesy - Google










