
കൊച്ചി: സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട മികച്ച റിപ്പോർട്ടിന് ഏർപ്പെടുത്തിയ ഡോ. എം.പി. സത്യനാരായണൻ മെമ്മോറിയൽ മാധ്യമ അവാർഡ് മാധ്യമം കൊച്ചി ബ്യൂറോ ചീഫ് പി.പി. കബീറിന്. മാധ്യമത്തിൽ പ്രസിദ്ധീകരിച്ച ‘മരുന്ന് തിന്ന് മരിക്കുന്ന മലയാളി’ എന്ന അന്വേഷണ പരമ്പരയിലൂടെ മരുന്നുകളുടെ അമിതോപഭോഗത്തെക്കുറിച്ച് ഗൗരവതരവും അത്യന്തം ആനുകാലിക പ്രസക്തവുമായ നിരീക്ഷണങ്ങൾ പൊതുജന ശ്രദ്ധയിൽ കൊണ്ടുവന്ന മികച്ച മാധ്യമ ഇടപെടലിനാണ് പുരസ്കാരം എന്ന് കെ.ജി.എം.ഒ.എ ഭാരവാഹികൾ അറിയിച്ചു. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം ജനുവരി 25 ന് രാവിലെ 11.30ന് തിരുവനന്തപുരം ഐ.എം.എ ഹെഡ് ക്വാർട്ടേഴ്സിൽ കെ.ജി.എം.ഒ.എ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജ് സമ്മാനിക്കും.
ഇടുക്കി തൊടുപുഴ ചിലവ് പുത്തൻവീട്ടിൽ പരേതരായ പി കെ പരീത്- നബീസ ദമ്പതികളുടെ മകനാണ് കബീർ. 1999 മുതൽ മാധ്യമം പത്രാധിപ സമിതി അംഗമാണ്. ഖത്തർ ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷൻ മാധ്യമ പുരസ്കാരം, 2018ലെ കെ.ജി.എം.ഒ എ മാധ്യമ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: ഷൈനിമോൾ. മകൾ: അസ്ന കബീർ.







