02:08pm 07 May 2026
NEWS

പി.സി.വിഷ്ണുനാഥ് മന്ത്രിയായേക്കും; കർണാടകത്തിലെ ഭാര്യാഗൃഹത്തിൽ ആഹ്ലാദം

07/05/2026  12:11 PM IST
വിഷ്ണുമംഗലം കുമാർ
 പി.സി.വിഷ്ണുനാഥ് മന്ത്രിയായേക്കും; കർണാടകത്തിലെ ഭാര്യാഗൃഹത്തിൽ ആഹ്ലാദം

നാലാം തവണയും എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട പി.സി.വിഷ്ണുനാഥ്  കോൺഗ്രസിലെ സൗമ്യമുഖങ്ങളിലൊന്നാണ്. രണ്ടുതവണ ചെങ്ങന്നൂരിൽ നിന്നും ഇത്തവണയും കഴിഞ്ഞ പ്രാവശ്യവും കുണ്ടറയിൽ നിന്നുമാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ എ ഐ സി സി സെക്രട്ടറിയാണ്. ഇരുപത്തിയാറാം വയസ്സിൽ കേരളത്തിൽ യൂത്ത് കോൺഗ്രസ്സ് അധ്യക്ഷനായിരിക്കെയാണ് ആദ്യമായി എംഎൽഎയായത്. കർണാടകത്തിന്റെ മരുമകനാണ് . ശിവമോഗ ജില്ല എച്ച് എം താലൂക്കിലെ തുമാരി സ്വദേശിനിയായ എച്ച് എം കനകയാണ് ഭാര്യ. പ്രശസ്ത കവി എച്ച് എം ഭട്ടിന്റെ മകൾ കനക കവിയും തീയേറ്റർ ആർട്ടിസ്റ്റുമാണ്. 2005 ൽ മഹാത്മജിയുടെ ദന്ധിയാത്രയുടെ എഴുപത്തഞ്ചാം വാർഷികത്തിൽ ഗുജറാത്തിൽ വെച്ചാണ് വിഷ്ണുനാഥ് കനകയെ പരിചയപ്പെട്ടത്. പരിചയം പ്രണയമായി വളർന്നു. 2007 ൽ ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. ഭട്ടിന്റെ സ്മരണയ്ക്കായി മകൻ രഘു ഹൽക്കറെ തുമാരിയിൽ വർഷന്തോറും സാഹിത്യോത്സവം സംഘടിപ്പിക്കാറുണ്ട്. കഴിഞ്ഞ വർഷവും വിഷ്ണുനാഥ് ആ സാഹിത്യോത്സവത്തിൽ പങ്കെടുത്തിരുന്നു. നാലാം തവണയും വിഷ്ണുനാഥ് എം എൽഎയായി തെരഞ്ഞെടുക്കപ്പെട്ടത്തോടെ ശിവമോഗയിലെ ഭാര്യാഗൃഹത്തിൽ ആഹ്ലാദം തിരതല്ലുകയാണ്. നല്ല പ്രതിഛായയുള്ള വിഷ്ണുനാഥ് ഇത്തവണ മന്ത്രിയാകുമെന്നാണ് കരുതപ്പെടുന്നത്. അങ്ങിനെയെങ്കിൽ ആദ്യമായി മന്ത്രിയാകുന്ന കർണാടകത്തിന്റെ മലയാളിയായ മരുമകനായിരിക്കും പി.സി.വിഷ്ണുനാഥ്. എന്നാൽ മന്ത്രിയാകുന്നതിനെ പറ്റിയൊന്നും അറിയില്ലെന്നാണ് കനക പ്രതികരിച്ചത്. ഇപ്പോഴും ഞങ്ങൾ തിരുവനന്തപുരത്തെ വാടകവീട്ടിലാണ് താമസിക്കുന്നതെന്ന് വിഷ്ണുനാഥിനെ പോലെത്തന്നെ സൗമ്യ സ്വഭാവക്കാരിയായ കനക പറഞ്ഞു. ഈ ദമ്പതികൾക്ക് ഒരു മകളുണ്ട്. കൊട്ടാരക്കര മാവടിയാണ് വിഷ്ണുനാഥിന്റെ സ്വദേശം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img