
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി വി അൻവറും മത്സരിച്ചേക്കുമെന്ന അഭ്യൂഹം ശക്തം. കോൺഗ്രസ് നേതൃത്വം ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചതോടെയാണ് തൃണമൂൽ കോൺഗ്രസിന്റെ ബാനറിൽ മത്സരിക്കാൻ അൻവറും തയ്യാറെടുക്കുന്നത്. നിലമ്പൂരിൽ മത്സരിക്കാൻ പി വി അൻവറിന് തൃണമൂൽ കോൺഗ്രസ് അനുമതി നൽകിയിട്ടുണ്ട്. മത്സരിക്കണമോ വേണ്ടയോ എന്ന് അൻവറിന് തീരുമാനിക്കാം എന്നാണ് ടിഎംസി ദേശീയ നേതൃത്വത്തിൻ്റെ നിലപാട്.
നേരത്തെ പി വി അൻവർ യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഡിസിസി പ്രസിഡന്റ് വി എസ് ജോയിയെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു അൻവർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അൻവറിൻ്റെ ആവശ്യം അവഗണിച്ച് ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് തീരുമാനിച്ചതിന് പിന്നാലെയാണ് അൻവർ മത്സരരംഗത്ത് ഇറങ്ങാൻ തീരുമാനിച്ചത്.
തന്നെ കോൺഗ്രസ് പൂർണ്ണമായും അവഗണിച്ചതാണ് അൻവറിൻ്റെ തീരുമാനത്തിന് പിന്നിൽ. കോൺഗ്രസിൻ്റെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തുന്നതിനൊപ്പം മുന്നണി പ്രവേശനവും പ്രഖ്യാപിക്കണമെന്ന ആവശ്യം കോൺഗ്രസ് നേതൃത്വം നിരാകരിച്ചതാണ് അൻവറിനെ പ്രകോപിച്ചിരിക്കുന്നത്.











