01:57am 17 June 2026
NEWS
'ഭരണത്തിന്റെ അന്തകൻ, പലിശ രാജാവ്'; വെള്ളാപ്പള്ളി നടേശനെതിരെ പി ശശിയുടെ നിയമനടപടി
16/06/2026  10:08 AM IST
nila
ഭരണത്തിന്റെ അന്തകൻ, പലിശ രാജാവ്; വെള്ളാപ്പള്ളി നടേശനെതിരെ പി ശശിയുടെ നിയമനടപടി

കണ്ണൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ പരാമർശങ്ങൾക്കെതിരെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായ പി ശശി നിയമനടപടി ആരംഭിച്ചു. വെള്ളാപ്പള്ളി നടേശൻ വാർത്താസമ്മേളനത്തിൽ നടത്തിയതായി പറയുന്ന അധിക്ഷേപകരമായ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് പി ശശി വക്കീൽ നോട്ടീസ് അയച്ചത്. മുതിർന്ന അഭിഭാഷകൻ കെ. വിശ്വൻ മുഖേനയാണ് ശശി വക്കിൽനോട്ടീസ് അയച്ചിരിക്കുന്നത്. 

രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനങ്ങളെ വിമർശിക്കുന്നതിനിടെ, ഭരണത്തിന്റെ "അന്തകൻ" എന്നും "പലിശ രാജാവ്" എന്നും പരാമർശിച്ച് വെള്ളാപ്പള്ളി നടത്തിയ പ്രസ്താവനകൾ അപകീർത്തികരമാണെന്നാണ് നോട്ടീസിൽ പറയുന്നത്. പി ശശിയുടെ നിയന്ത്രണത്തിലായിരുന്ന ഓഫീസാണ് സർക്കാരിന്റെ തകർച്ചയ്ക്ക് കാരണമായതെന്ന തരത്തിലുള്ള ആരോപണവും വെള്ളാപ്പള്ളി ഉന്നയിച്ചിരുന്നു.

വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾ ദുരുദ്ദേശപൂർവം തേജോവധം ലക്ഷ്യമിട്ട് നടത്തിയതാണെന്ന് പി ശശി ആരോപിക്കുന്നു. പരാമർശങ്ങൾ പിൻവലിക്കുകയും പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും വേണമെന്നാണ് പി ശശിയുടെ ആവശ്യം. വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾക്കെതിരെ നേരത്തെ സിപിഎം നേതൃത്വം രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് പി ശശി വ്യക്തിപരമായ നിയമനടപടിയുമായി മുന്നോട്ടുപോയത്.

ഇതിനുമുമ്പ് മുൻ എംഎൽഎ പി വി അൻവർ ഉന്നയിച്ച ആരോപണങ്ങൾക്കും പി ശശി നിയമപരമായി മറുപടി നൽകിയിരുന്നു. തനിക്കെതിരെ ഉന്നയിച്ച 16 ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി അവ പിൻവലിക്കണമെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് നൽകിയിരുന്നു. നോട്ടീസിന് മറുപടി ലഭിക്കാതിരുന്നതിനെ തുടർന്ന് പി ശശി ക്രിമിനൽ മാനനഷ്ടക്കേസ് ഫയൽ ചെയ്യുകയും ചെയ്തിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img