05:25am 04 October 2026
NEWS
കണ്ണൂർ തിരിച്ചുപിടിക്കാൻ പി. ജയരാജൻ; ദൗത്യമേൽപ്പിച്ച് സി.പി.എം സംസ്ഥാന നേതൃത്വം
03/10/2026  03:42 PM IST
പ്രദീപ് ഉഷസ്സ്
കണ്ണൂർ തിരിച്ചുപിടിക്കാൻ പി. ജയരാജൻ; ദൗത്യമേൽപ്പിച്ച് സി.പി.എം സംസ്ഥാന നേതൃത്വം

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടികൾ തന്നെയാണ് തെറ്റ്തിരുത്തൽ പ്രക്രിയയെന്ന, വിപുലീകൃത സംസ്ഥാന സമിതി യോഗത്തിലേക്ക് സി.പി.എം നേതൃത്വത്തെ എത്തിച്ചതെന്നത് വ്യക്തം. പാർട്ടിക്ക് തെറ്റ് പറ്റിയിട്ടില്ലയെന്നും, തെറ്റ് പറ്റിയത് വോട്ടു ചെയ്ത ജനങ്ങൾക്കാണെന്ന വിധത്തിലുള്ള പ്രതികരണങ്ങളുമായി ഇനിയും മുന്നോട്ടുപോയാൽ വരാനിരിക്കുന്ന തിരിച്ചടികൾ ഇതിലും വലുതായിരിക്കുമെന്ന വികാരമാണ് പാർട്ടിയണികളിൽ ഇരമ്പുന്നതെന്നാണ് യാഥാർത്ഥ്യം. അതിന്റെ അലയൊലികൾ തന്നെയാണ് സംസ്ഥാന സമിതി യോഗത്തിൽ ഉയർന്നുകേട്ടതും. താനടക്കമുള്ള സംസ്ഥാന നേതാക്കൾക്ക് തെറ്റുപറ്റിയെന്ന്, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർക്ക് സ്വയം വിമർശനപരമായി ഏറ്റുപറയേണ്ടി വന്നതും അതുകൊണ്ടുതന്നെയാണ്.

ഏത് കൊടുങ്കാറ്റിനും ഇളക്കാനാവാത്ത പാർട്ടിയുടെ ശക്തിദുർഗ്ഗങ്ങളായിരുന്നു വടക്കൻ ജില്ലകളിൽ ഏറ്റുവാങ്ങേണ്ടി വന്ന തോൽവികൾ ഏൽപ്പിച്ച ഷോക്കാകട്ടെ അത്രമേൽ വലുതുമായിരുന്നു. അസംതൃപ്തിയുടെ കൊടുങ്കാറ്റ് ആഞ്ഞടിച്ച തളിപ്പറമ്പും, പയ്യന്നൂരും, തൃക്കരിപ്പൂരുമെല്ലാം സി.പി.എം നേതൃത്വത്തിന് നൽകിയത് കനത്ത ആഘാതമായിരുന്നു. കണ്ണൂരിലാകട്ടെ എതിർശബ്ദം പോലുമുയരാത്ത ധർമ്മടത്തും, മട്ടന്നൂരിലുമെല്ലാം പാർട്ടിക്കോട്ടകളിൽ വൻവിള്ളലുകൾ വീണു. ഈ സാഹചര്യമാണ് പുനർവിചിന്തനത്തിലേക്ക് പാർട്ടി നേതൃത്വത്തെ എത്തിച്ചതെന്നത് വ്യക്തം.
എല്ലാ കണക്കുകൂട്ടലുകൾക്കുമപ്പുറത്തെ അടിമുടി നവീകരണമാണ് പാർട്ടിയുടെ സംസ്ഥാന യോഗത്തിൽ ഉണ്ടായത്. ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബിയും മറ്റ് പി.ബി അംഗങ്ങളും അതിന് ചുക്കാൻ പിടിക്കുകയും ചെയ്തു. ഈ സമ്മേളനം നൽകിയ ഉണർവിനെ ആധാരമാക്കിയാണ് കീഴ്ഘടകങ്ങളിലും നവീകരണ പ്രവർത്തനങ്ങൾ ശക്തമാക്കാനുള്ള അണിയറനീക്കങ്ങൾക്ക് സി.പി.എം നേതൃത്വം ഒരുക്കം നടത്തുന്നത്. അതിന്റെ ആദ്യഘട്ടമായി കണ്ണൂർ ജില്ലാനേതൃത്വത്തിൽ കാര്യമായ അഴിച്ചുപണികൾക്ക് അരങ്ങൊരുങ്ങുന്നത്.

തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലങ്ങളിലെ തോൽവി, പി.ബി. അംഗമായ പിണറായി വിജയന്റെയും കേന്ദ്രകമ്മിറ്റിയംഗം കെ.കെ.ശൈലജയുടെയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററുടെയെല്ലാം തട്ടകങ്ങളിൽ ഉണ്ടായ വലിയ വോട്ടുചോർച്ച സംസ്ഥാന നേതൃത്വത്തിൽ മാത്രമല്ല വലിയ ചർച്ചയായി മാറിയതി. പോളിറ്റ്ബ്യൂറോ യോഗത്തിലെ ഗൗരവമേറിയ വിഷയമായി ഇത് മാറിയതിനും വലിയ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ, പാർട്ടി നേതൃത്വത്തിനെതിരായ അടിയൊഴുക്കുകൾ കീഴ്ഘടകങ്ങൾ ചൂണ്ടിക്കാണിച്ചിട്ടും, കണ്ണൂർ ജില്ലാ നേതൃത്വം അവഗണിക്കുകയായിരുന്നുവെന്ന പരാതിയും ശക്തമാണ്.

രക്തസാക്ഷി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ നേരിടുന്ന മുൻ എം.എൽ.എ ടി. ഐ മധുസൂദനനെ, കീഴ്ഘടകങ്ങളുടെ അസംതൃപ്തി അവഗണിച്ച് സ്ഥാനാർത്ഥിയാക്കിയതും, തളിപ്പറമ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിലെ അപാകതയിലുമെല്ലാം പാർട്ടിക്കുള്ളിലെ ആശങ്കകളെ ജില്ലാനേതൃത്വം നിസ്സാരവൽക്കരിക്കുകയായിരുന്നു. ഈവിധം വിഷയത്തിൽ ജില്ലാ നേതാക്കൾ പക്വതയില്ലാതെ ഇടപെടുകയും, വിവാദ പ്രസംഗങ്ങൾ നടത്തുകയും ചെയ്തത് എതിർചേരികൾ രാഷ്ട്രീയായുധമാക്കി മാറ്റുകയും ചെയ്തു. കൂടാതെ കണ്ണൂർ ജില്ലാ ഘടകത്തിലെ പല നേതാക്കളും വ്യക്തിവൈരാഗ്യവും ഈഗോയും മുൻനിർത്തി പ്രവർത്തിക്കുന്നുവെന്ന ആരോപണവും കീഴ്ഘടകങ്ങളിൽ ശക്തമായി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കണ്ണൂർ ജില്ലാ നേതൃത്വം അടിമുടി പുതുക്കിപ്പണിയണമെന്ന തീരുമാനം സി.പി.എം സംസ്ഥാന കമ്മിറ്റി കൈക്കൊണ്ടത്.

തളിപ്പറമ്പിലും, പയ്യന്നൂരിലും നഷ്ടമായ കരുത്ത് തിരിച്ചുപിടിച്ച് വീണ്ടുമവിടെ ചെമ്പതാക ഉയർത്തിക്കെട്ടിക്കൊണ്ട് മാത്രമേ വടക്കൻ കേരളത്തിൽ പാർട്ടിയുടെ ശക്തി തെളിയിക്കാനാവുകയുള്ളൂ. അടിത്തട്ടിലെ പ്രവർത്തകർക്കിടയിൽ അത്രമേൽ വേരോട്ടമുള്ള ജനകീയ നേതാവിലൂടെ മാത്രമേ ആ വെല്ലുവിളി മറികടക്കാൻ കഴിയുകയുള്ളൂവെന്നും പാർട്ടി നേതൃത്വത്തിന് നന്നായി അറിയാം. ദീർഘകാലമായി സംസ്ഥാന കമ്മിറ്റിയംഗം മാത്രമായി തുടരുന്ന പി. ജയരാജനെ ഇത്തവണ സംസ്ഥാന സെക്രട്ടറിയേറ്റംഗമായി ഉയർത്തിയതിന് പിന്നിൽ കൈവിട്ടുപോകുന്ന കണ്ണൂരിനെ തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യം കൂടിയാണുള്ളതെന്നാണ് യാഥാർത്ഥ്യം. അതുകൊണ്ടുതന്നെയാണ് സംസ്ഥാന സെക്രട്ടറിയേറ്റിലേക്കുള്ള പി. ജയരാജന്റെ വരവിനെ അത്യധികം ആവേശപൂർവ്വം കണ്ണൂരിലെ സി.പി.എം പ്രവർത്തകർ എതിരേറ്റത്. കണ്ണൂരിലെ ഉൾഗ്രാമങ്ങളിൽ പോലും, പടക്കം പൊട്ടിച്ചും, മധുരം വിളമ്പിയും, അഭിവാദ്യപ്രകടനങ്ങൾ നടത്തിയും അണികൾ ജയരാജനെ ഏറ്റെടുത്തത് ഒരിക്കലും വ്യക്തിപൂജയുടെ തലത്തിലായിരുന്നില്ല, 'പി.ജെ'എന്ന രണ്ടക്ഷരം ചെഞ്ചോരച്ചുവപ്പായി പ്രവർത്തകർ നെഞ്ചേറ്റിയതിന്റെ നേർക്കാഴ്ചകൾ തന്നെയായിരുന്നു അതെല്ലാം, തളിപ്പറമ്പും, പയ്യന്നൂരും തിരിച്ചുപിടിക്കാൻ പാർട്ടി ഏൽപ്പിച്ച ദൗത്യം ജനകീയ പിന്തുണയോടെ പ്രാവർത്തികമാക്കാനുള്ള നീക്കങ്ങളാണ് കണ്ണൂരിലുടനീളം പി. ജയരാജന്റെ നേതൃത്വത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

അണികളുടെ സ്വന്തം പി.ജെ

സംസ്ഥാന സമിതി നവീകരിച്ചപ്പോൾ, പുതിയ നേതാക്കൾ കൂടി എത്തിയിട്ടുണ്ടെങ്കിലും അതിൽ ഏറ്റവും ശ്രദ്ധേയം പി. ജയരാജന്റെ സെക്രട്ടറിയേറ്റിലേക്കുള്ള വരവ് തന്നെയാണ്. ശാരീരികാവശതകൾ ഒട്ടേറെയുണ്ടായിട്ടും, അതൊന്നും കൂസാതെ പ്രവർത്തനരംഗത്ത് നിറഞ്ഞുനിൽക്കുന്ന പി. ജയരാജൻ കണ്ണൂരിലെ സഖാക്കൾക്ക് വേറിട്ട വികാരമാണ് അന്നും ഇന്നും. പാർട്ടിയുടെ പ്രതിസന്ധി ഘട്ടങ്ങളിൽ 'പി.ജെയെ വിളിക്കൂ; പാർട്ടിയെ രക്ഷിക്കൂ...' മുദ്രാവാക്യങ്ങളുമായി പ്രവർത്തകർ തെരുവിൽ ഇറങ്ങിയത് അതുകൊണ്ടുതന്നെയാണ്...
അണികൾക്ക് അത്രമേൽ പ്രിയംകരനായിട്ടും, നേതൃനിരയിലെ ചിലർ ബോധപൂർവ്വം പി. ജയരാജനെ ഒതുക്കുകയായിരുന്നുവെന്ന വികാരം പ്രവർത്തകരിൽ വേരുറപ്പിച്ചിരുന്നുവെന്നതും കാണാതെ വയ്യ.. കാരണം പലകുറി അദ്ദേഹത്തെ നേതൃത്വം ബോധപൂർവ്വം തഴഞ്ഞത് നേരിട്ട് അനുഭവിച്ചവരാണല്ലോ അവർ. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ പി. ജയരാജനെ തഴഞ്ഞത് പ്രായപരിധി ചൂണ്ടിക്കാണിച്ചായിരുന്നു. സംസ്ഥാന കമ്മിറ്റിയിലെ മുതിർന്ന അംഗമായ പി. ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പരിഗണിക്കാതിരുന്നത് നീതികേടാണെന്ന വികാരം അന്നുതന്നെ ഉണ്ടായിരുന്നു.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ നിന്ന് പി. ജയരാജൻ മത്സരിച്ചുവെങ്കിലും വിജയിച്ചില്ല. സി.പി.എമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരിക്കെയാണ്, ആ സ്ഥാനം രാജിവെച്ച് അദ്ദേഹമന്ന് മത്സരരംഗത്തെത്തിയത്. എന്നാൽ വടകരയിലെ മത്സരത്തിനുശേഷം ജില്ലാ സെക്രട്ടറി സ്ഥാനം അദ്ദേഹത്തിന് തിരിച്ചുനൽകിയില്ല. അതേസമയം, കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന വി.എൻ. വാസവനും സമാനരീതിയിൽ മത്സരിക്കുകയും പരാജയപ്പെടുകയും ചെയ്തിരുന്നു. എന്നിട്ടും വി.എൻ. വാസവൻ കോട്ടയം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തുകയായിരുന്നു. പി. ജയരാജന്റെ ത്യാഗമോ പ്രവർത്തന പാരമ്പര്യമോ പാർട്ടി പരിഗണിക്കുന്നില്ലെന്ന വികാരമാണ് കണ്ണൂരിലെ വലിയ വിഭാഗം പാർട്ടിയണികളിലും അന്ന് അലയടിച്ചത്.

മാധ്യമങ്ങൾക്ക് മുന്നിലോ, മറ്റ് പൊതുവേദികളിലോ പാർട്ടി നിലപാടുകൾക്കെതിരെ പരസ്യമായ ഒരു പ്രതികരണവും പി. ജയരാജന്റെ ഭാഗത്തുനിന്ന് ഉണ്ടാകാറില്ല. അതേസമയം പാർട്ടിക്കുള്ളിലാകട്ടെ നേതൃനിലപാടുകൾക്കെതിരെ അതിശക്ത വിമർശനങ്ങൾ ഉയർത്തുകയും ചെയ്യും. ഇ.പി. ജയരാജനെതിരെ അദ്ദേഹം പാർട്ടിക്കുള്ളിൽ ഉയർത്തിയ ആരോപണ പെരുമഴകൾ വിസ്മരിക്കാൻ കഴിയില്ലല്ലോ. പാർട്ടിയെ ഏറെ പ്രതിസന്ധിയിലാഴ്ത്തിയ ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയിലും പി. ജയരാജൻ നിലകൊണ്ടത് സാജന്റെ കുടുംബങ്ങൾക്ക് ഒപ്പമായിരുന്നു. സമീപകാലത്ത് തളിപ്പറമ്പിലും, പയ്യന്നൂരിലുമുണ്ടായ സ്ഥാനാർത്ഥിനിർണ്ണയമടക്കമുള്ള വിഷയങ്ങളിൽ പാർട്ടി നേതൃത്വം കൈക്കൊണ്ട തീരുമാനങ്ങളോട് കടുത്ത വിയോജിപ്പാണ് പി.ജയരാജന് ഉണ്ടായിരുന്നത്. എന്നാൽ പൊതുവേദിയിലത് പരസ്യമാക്കിയില്ലെന്ന് മാത്രം. കൂടാതെ പാർട്ടി നിർദ്ദേശമനുസരിച്ച് തെരഞ്ഞെടുപ്പ് പ്രവർത്തനരംഗങ്ങളിൽ അദ്ദേഹം സജീവമായി ഇടപെടുകയും ചെയ്തു. അടിത്തട്ടിലെ അണികളുടെ അസംതൃപ്തി തിരിച്ചറിഞ്ഞ് പി. ജയരാജൻ പാർട്ടിക്കുള്ളിൽ ചൂണ്ടിക്കാണിച്ച വസ്തുതകൾ ശരിയായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടെ വ്യക്തമാവുകയും ചെയ്തു.

ഈവിധത്തിൽ നിലപാടുകളിലെ വീഴ്ചകളെ നിരന്തരം ചോദ്യം ചെയ്തതിനാലാണ് പി. ജയരാജൻ നേതൃനിരയിലെ പലർക്കും അനഭിമതനായതെന്നാണ് യാഥാർത്ഥ്യം. കഴിഞ്ഞ പാർട്ടി സമ്മേളനത്തിൽ ബോധപൂർവ്വം തഴയപ്പെട്ട പി. ജയരാജൻ ഇക്കുറി സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെത്തിയതിൽ രാഷ്ട്രീയപ്രാധാന്യം ഏറുന്നത് ഈ സാഹചര്യത്തിലാണ്.

ആർ.എസ്.എസിനെ ഞെട്ടിച്ച അമ്പാടി സഖാക്കൾ

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് കനത്ത ഷോക്കേൽപ്പിച്ച ജില്ലകൾ ആയിരുന്നു കണ്ണൂരും, കാസർഗോഡും. അന്നും ഇന്നും സി.പി.എമ്മിന്റെ ഉറച്ചക്കോട്ടകൾ തന്നെയാണിവിടം. പക്ഷേ തെരഞ്ഞെടുപ്പിലാകട്ടെ കാലിടറി; കനത്ത തിരിച്ചടി പാർട്ടി അനുഭാവികളും അണികളും നൽകുകയും ചെയ്തു. പയ്യന്നൂരിലും, തളിപ്പറമ്പിലും, തൃക്കരിപ്പൂരിലുമെല്ലാം ഏറ്റുവാങ്ങേണ്ടി വന്ന തിരിച്ചടി അത്രമേൽ വലുതായിരുന്നു. അടിത്തട്ടിലെ പ്രവർത്തകരുടെ വികാരം തിരിച്ചറിഞ്ഞ് പാർട്ടിയെ ശക്തിപ്പെടുത്താൻ പി. ജയരാജനെപ്പോലെയുള്ള ഒരു ജനകീയ നേതാവിനെ രംഗത്തിറക്കിയേ പറ്റൂവെന്ന യാഥാർത്ഥ്യം വൈകിയെങ്കിലും സി.പി.എം നേതൃത്വം അംഗീകരിക്കുകയായിരുന്നു. വിപുലീകൃത സംസ്ഥാന സമ്മേളനത്തിൽ നിരീക്ഷകരായി എത്തിയ പി.ബി അംഗം അശോക് ധാവ്‌ളേയെപ്പോലെയുള്ള നേതാക്കൾ ഇക്കാര്യത്തിൽ ഉറച്ച് നിന്നതോടെയാണ് പി. ജയരാജന് സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് വഴിയൊരുങ്ങിയതും പാർട്ടി പ്രവർത്തകർ വർദ്ധിതാവേശത്തോടെയത് ഏറ്റെടുത്തതും.

ആർ.എസ്.എസ്. ആക്രമണത്തിൽ ശരീരമാകെ വെട്ടിനുറുക്കപ്പെട്ട പി. ജയരാജൻ മരണത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴ വ്യത്യാസത്തിലാണ്. അതിന്റെ അവശതകളെ തെല്ലും കൂസാതെയാണ്   അദ്ദേഹം പ്രവർത്തനരംഗത്ത് നിറഞ്ഞ് നിൽക്കുന്നതും. 1972 ൽ പാർട്ടി അംഗമായ പി. ജയരാജൻ അന്നുമിന്നും സംഘപരിവാർ നിലപാടുകളോട് വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് നടത്തുന്നത്. അദ്ദേഹത്തിന്റെ തന്ത്രപരമായ നീക്കങ്ങളെ തുടർന്ന് നൂറുകണക്കിന് സജീവ ബി.ജെ.പി പ്രവർത്തകർ സംഘപരിവാർ ബന്ധമുപേക്ഷിച്ച് സി.പി.എമ്മിൽ ചേർന്നത് ശക്തമായ രാഷ്ട്രീയ അടിയൊഴുക്കുകൾക്കാണ് അന്ന് വഴിയൊരുക്കിയത്. കണ്ണൂരിൽ 'അമ്പാടി മുക്ക് സഖാക്കൾ' എന്ന കൂട്ടായ്മ രൂപം കൊണ്ടതും ഇതിനെതുടർന്നാണ്. അവരുടെ പ്രവർത്തനങ്ങൾ ആർ.എസ്.എസ് നേതൃത്വത്തിന് വലിയ തിരിച്ചടിയായി മാറുകയും ചെയ്തു. 
പത്തുവർഷം കൂത്തുപറമ്പ് ഏരിയാസെക്രട്ടറിയായിരുന്ന പി. ജയരാജൻ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിലും പിന്നീട് സംസ്ഥാന സമിതിയിലും അംഗവുമായി. 2010 ൽ കണ്ണൂർ ജില്ലാ സെക്രട്ടറിയായ ജയരാജൻ വടകര പാർലമെന്റ് തെരഞ്ഞെടുപ്പ് വേളയിൽ സെക്രട്ടറി സ്ഥാനത്തുനിന്നും മാറിനിന്നു. തുടർന്ന് ഏഴുകൊല്ലത്തോളം പാർട്ടിയുടെ മറ്റ് ഔദ്യോഗിക ചുമതലകളിൽ അദ്ദേഹം ഉണ്ടായിരുന്നില്ല. 2021 ൽ ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനത്ത് അദ്ദേഹം എത്തി.

ഇതിനിടയിൽ പി. ജയരാജനെക്കുറിച്ച് 'കണ്ണൂരിൻ താരകമല്ലോ, ചെഞ്ചോരക്കതിരല്ലോ, നാടിൻനെടുനായകനല്ലോ പി. ജയരാജൻ ധീരസഖാവ്' എന്ന് വാഴ്ത്തി സംഗീത ആൽബവുമായി ഒരു കൂട്ടം പ്രവർത്തകർ രംഗത്തു വന്നിരുന്നു. കണ്ണൂരിലെ പുല്ലൂർ പ്ലാക്കാട് പുച്ചേരി ഗ്രാമീണ കലാസമിതിയാണ് ആൽബം പുറത്തിറക്കിയത്. ഇത് വലിയ വിവാദമായി മാറി. കമ്മ്യൂണിസ്റ്റ് നയങ്ങൾക്ക് വിരുദ്ധമായി വ്യക്തിപൂജ നടത്തിയെന്ന ആരോപണം ശക്തമായി ഉയർന്നു. തുടർന്ന് പാർട്ടി സംസ്ഥാന നേതൃത്വം അത് പരിശോധിക്കുകയും, പി. ജയരാജന് അതിന്മേൽ വിശദീകരണം നൽകേണ്ടിവരികയും ചെയ്തു. ഇത് 2017 ൽ നടന്ന സംഭവമാണ്. എന്നാൽ അതിനുശേഷം സി.പി.എമ്മിൽ ഒട്ടേറെ വ്യക്തിപൂജാഗാനങ്ങളും, സംഗീത ശിൽപ്പങ്ങളും, തിരുവാതിരക്കളികളുമെല്ലാം അരങ്ങേറിയിരുന്നുവെങ്കിലും ആരുടെ പേരിലും ഒരു വിശദീകരണം ചോദിക്കലും ഉണ്ടായതുമില്ല.

'വ്യക്തികൾക്ക് ചുറ്റുമല്ല, പാർട്ടിയിലാണ് ആളുകളെ അണിനിരത്തേണ്ടത്' എന്ന് കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലെ പ്രവർത്തനറിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത് പി. ജയരാജനെ ലക്ഷ്യമിട്ടായിരുന്നുവെന്ന് പ്രതിനിധി ചർച്ചയിൽ അന്ന് ഉയർന്നുവന്നിരുന്നു. അന്ന് സംസ്ഥാന കമ്മിറ്റിയിൽ മാത്രം ഒതുക്കിനിർത്തിയ, ജയരാജനെ ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റിൽ എത്തിക്കാൻ പാർട്ടി നേതൃത്വം നിർബന്ധിതരായത്, അണികളുടെ വികാരം തിരിച്ചറിഞ്ഞുതന്നെയാണ്.
വടക്കൻ മേഖലകളിൽ പാർട്ടിയുടെ അടിത്തറ ഉലഞ്ഞ് തുടങ്ങിയിടത്തെല്ലാം പാർട്ടിയെ അടിമുടി നവീകരിച്ച് പ്രവർത്തന സജ്ജരാക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് പാർട്ടി നേതൃത്വം ഇപ്പോൾ പി. ജയരാജനെ ഏൽപ്പിച്ചിരിക്കുന്നത്.

നേതൃനിരയിലെത്തിയ എൻ. സുകന്യ

പയ്യന്നൂരിലും, തളിപ്പറമ്പിലും, സ്ഥാനാർത്ഥി നിർണ്ണയത്തിൽ വീഴ്ചകൾ സംഭവിച്ചുവെന്ന് ഒടുവിൽ സംസ്ഥാന നേതൃത്വത്തിന് ഏറ്റുപറയേണ്ടി വന്നു എന്നാണ് കോഴിക്കോട് നടന്ന വിപുലീകൃത സംസ്ഥാന സമ്മേളനത്തിലെ പ്രധാന വസ്തുത. സംസ്ഥാന സമ്മേളനത്തിന് തൊട്ടുമുമ്പ് കണ്ണൂരിലെ പ്രധാന കേന്ദ്രങ്ങളിൽ നടന്ന വിശദീകരണ പൊതുയോഗങ്ങളിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും, യോഗങ്ങളിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും, കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷുമൊക്കെ പ്രസംഗിച്ചത് പാർട്ടിക്ക് വീഴ്ച സംഭവിച്ചിട്ടില്ലാ എന്നവിധത്തിലായിരുന്നു. അണികൾക്ക് വലിയ തോതിൽ തെറ്റിദ്ധാരണ ഉണ്ടായി എന്നും, തെറ്റുതിരുത്തി അവർ തിരിച്ചുവരണമെന്ന വിധത്തിലായിരുന്നു പി.ബി. അംഗം കൂടിയായ പിണറായി വിജയൻ നടത്തിയ പ്രസംഗം. കെ.കെ. രാഗേഷ് ആകട്ടെ സി.പി.എമ്മിനെതിരെ മത്സരിച്ച സ്ഥാനാർത്ഥികളെ വ്യക്തിപരമായി അപഹസിക്കുകയാണ് ചെയ്‌തെന്ന വികാരമാണ് സി.പി.എം അണികൾപോലും പങ്കുവച്ചത്. അതേസമയം എതിർസ്ഥാനാർത്ഥികൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ ജില്ലാസെക്രട്ടറി കെ.കെ. രാഗേഷ് തയ്യാറായതുമില്ല. എന്നാൽ ഈവിധം നിലപാടുകൾ വിപുലീകൃത സംസ്ഥാന സമ്മേളനത്തിൽ അടിമുടി തകർന്നടിഞ്ഞു. പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ അടക്കം അവധാനതയോടെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഇടപെട്ടിരുന്നുവെങ്കിൽ വടക്കൻ കേരളത്തിൽ ഇത്ര വലിയ തിരിച്ചടി ഉണ്ടാകുമായിരുന്നില്ല എന്ന വികാരമാണ് പ്രതിനിധികൾ മുന്നോട്ടുവച്ചത്. ഒടുവിൽ നേതാക്കൾക്ക് അത് അംഗീകരിക്കേണ്ടതായും വന്നു. അതിന്റെ തുടർച്ചയായാണ് എൻ. സുകന്യ സംസ്ഥാന കമ്മിറ്റിയിൽ എത്തിച്ചേർന്നതും.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെട്ടിരുന്ന എൻ. സുകന്യ അവസാന നിമിഷമാണ് മാറ്റിനിർത്തപ്പെട്ടത്. അവിടെ പി.കെ. ശ്യാമള സ്ഥാനാർത്ഥിയാവുകയും ചെയ്തു. തന്റെ പിൻഗാമിയായി ഭാര്യ ശ്യാമളയെ പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ സ്ഥാനാർത്ഥിയാക്കിയതാണെന്ന ആരോപണം യു.ഡി.എഫ് കേന്ദ്രങ്ങൾ ഉയർത്തിയത് പാർട്ടിക്ക് വലിയ തിരിച്ചടിയായി മാറുകയും ചെയ്തു. പി.കെ. ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തെ പരസ്യമായി എതിർത്തുകൊണ്ട് സി.പി.എം നേതാവ് ടി.കെ. ഗോവിന്ദൻ രംഗത്തുവരികയും യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച് ജയിക്കുകയും ചെയ്തു. ഈ വസ്തുത കണ്ണൂരിലെ സി.പി.എമ്മിന്റെ കെട്ടുറപ്പിനേൽപ്പിച്ച ക്ഷീണം അത്രയധികം വലുതായിരുന്നു. ഇപ്പോൾ എൻ. സുകന്യയെ സംസ്ഥാന കമ്മിറ്റിയിലെത്തിച്ചതിലൂടെ പാർട്ടി നടത്തിയത് മറ്റൊരു തെറ്റുതിരുത്തൽ കൂടിയാണെന്ന വികാരമാണ് വലിയ വിഭാഗം പാർട്ടി അണികളിലും ഇപ്പോഴുള്ളത്.
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ സംഘടനാപ്രവർത്തനരംഗത്തെത്തിയ എൻ. സുകന്യ, ജനാധിപത്യമഹിളാ അസോസിയേഷന്റെ ദേശീയ കമ്മിറ്റിയംഗമാണിപ്പോൾ. പി. ജയരാജനും, എൻ. സുകന്യക്കും പാർട്ടിയുടെ നേതൃതലത്തിൽ ലഭിച്ചിട്ടുള്ള ഈ സ്വീകാര്യത കണ്ണൂരിലെ സി.പി.എം അണികളിൽ പകർന്നിട്ടുള്ളത് അത്രയധികം വലിയ ആത്മവിശ്വാസമാണെന്ന് പറയാതെ വയ്യ. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img