02:59am 11 November 2026
NEWS
കൊടിയായാലും വടിയായാലും അച്ചടക്കം ലംഘിച്ചാൽ പിണറായി സർക്കാർ നടപടിയെടുക്കുമെന്ന് പി.ജയരാജൻ
04/08/2025  04:22 PM IST
nila
കൊടിയായാലും വടിയായാലും അച്ചടക്കം ലംഘിച്ചാൽ പിണറായി സർക്കാർ നടപടിയെടുക്കുമെന്ന് പി.ജയരാജൻ

കൊടിയായാലും വടിയായാലും അച്ചടക്കം ലംഘിച്ചാൽ നടപടിയെടുക്കുമെന്ന് സിപിഎം നേതാവ് പി.ജയരാജൻഅതാണു പിണറായി സർക്കാരിന്റെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു. ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട കൊടി സുനിക്ക് കോടതിയിൽ പോകവേ മദ്യപാനത്തിന് സൗകര്യം ഒരുക്കിയ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു പി ജയരാജന്റെ പ്രതികരണം. 
വാർത്ത നൽകിയതിന്റ ഫലമായല്ല ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തതെന്നും സർക്കാർ ഇന്റലിജൻസ് റിപ്പോർട്ട് അടിസ്ഥാനമാക്കിയാണു നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

തടവിന്റെ ഭാഗമായി കോടതിയിൽ ഹാജരാക്കുമ്പോൾ പൊലീസ് അകമ്പടിയുണ്ടാകും. അപ്പോൾ തെറ്റായ കാര്യം  ചെയ്താൽ സ്വാഭാവികമായും നടപടിയുണ്ടാകും. പൊലീസിന്റെ ഇന്റലിജൻസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തത്. അല്ലാതെ ആരും പരാതി നൽകിയിട്ടല്ല. ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു എന്നു മാത്രമല്ല, ഈ വ്യക്തിക്ക് പരോൾ നിഷേധിക്കുകയും ചെയ്തു. അച്ചടക്ക ലംഘനം നടത്തിയാൽ കൊടിയുടെ നിറം നോക്കാതെ നടപടി എടുക്കും എന്നാണു സർക്കാർ തെളിയിക്കുന്നത്.

ശിക്ഷിക്കപ്പെട്ടവർക്ക് പരോൾ നൽകുന്നതിന് കൃത്യമായ വ്യവസ്ഥയുണ്ട്. അതനുസരിച്ചാണു പരോൾ നൽകുന്നത്. ഉദ്യോഗസ്ഥർ തെറ്റുചെയ്താൽ അത് സർക്കാരിന്റെ തെറ്റാണെന്ന് പ്രചരിപ്പിക്കപ്പെടുന്നു. ടിപി വധക്കേസിലെ മറ്റൊരു പ്രതിക്ക് പരോൾ അനുവദിച്ചതിൽ, അർഹതപ്പെട്ടവർക്ക് പരോൾ നിഷേധിക്കാനാകില്ലെന്നും ജയരാജൻ പറഞ്ഞു. 

അതിനിടെ ടിപി വധക്കേസിലെ മറ്റൊരു പ്രതിക്ക് കൂടി പരോൾ അനുവദിച്ചു. ടി.കെ. രജീഷിനാണ് രണ്ട് ദിവസം മുമ്പ് പരോൾ അനുവദിച്ചത്. എറണാകുളം വിട്ടുപോകരുതെന്ന വ്യവസ്ഥയിലാണ് പരോൾ. കൊടി സുനിയുടെ മദ്യപാനം വിവാദമായതിനിടെയാണു രജീഷിന് പരോൾ അനുവദിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img