
പാലക്കാട് : പ്രശസ്ത സംവിധായകൻ പി. ചന്ദ്രകുമാർ രചനയും സംവിധാനവും നിർവഹിച്ച
കാർഷിക നൻമയുടെ കഥപറയുന്ന "വേലോത്സവം " എന്ന സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രത്തിൻ്റെ പ്രിവ്യൂ ഷോ 6 ന്. ചിറ്റൂർ കൈരളി തിയേറ്ററിൽ തിങ്കളാഴ്ച കാലത്ത് 8.30 നാണ് പ്രദർശനം.
മുംബൈ മലയാളികളും അഭിനേതാക്കളുമായ അഡ്വ. പാലൂർ രാജ്കുമാർ , കൃഷ്ണനുണ്ണി മേനോൻ , ഷാജിൻ കല്പക, അനിത നമ്പ്യാർ, രാജൻ നമ്പ്യാർ, അമൃതജ്യോതി, ഗോപാലകൃഷ്ണൻ, സതി ഗോപാലകൃഷ്ണൻ എന്നിവരോടൊപ്പം
ശ്രീ ശുഭ , സന സുമേഷ്, സെന്തിൽ, സുമേഷ് കുട്ടപ്പൻ, ടോണി, വിഷ്ണു, വിനോദ് , സന്ദീപ്, ജിയോ ജോൺ തുടങ്ങിയ നിരവധി പുതുമുഖങ്ങളും അഭിനയിച്ച ചിത്രത്തിൽ സംവിധായകൻ പി. ചന്ദ്രകുമാറും പ്രധാന വേഷത്തിൽ എത്തുന്നു.
മണ്ണിനേയും മനുഷ്യനേയും സ്നേഹിക്കുന്ന നിഷ്കളങ്കരായ ഗ്രാമീണരുടെ കഥ പറയുന്ന വേലോത്സവം വരുംതലമുറയ്ക്ക് വരാനിരിക്കുന്ന വൻ ദുരന്തത്തെക്കുറിച്ച് ഒരു ഓർമപ്പെടുത്തലാണ്.
മുംബൈയിലേയും കേരളത്തിലേയും പുതുമുഖങ്ങളെ ഉൾപ്പെടുത്തി കോവിഡ് കാലത്ത് രൂപീകരിച്ച ഓൺലൈൻ ക്ലബ് ഹൗസിലൂടെ ഒന്നിച്ചവരുടെ കൂട്ടായ്മയിൽ രൂപീകരിച്ച ഫേസ് ഗുരുവിന്റെ നേതൃത്വത്തിൽ തമിഴിലും മലയാളത്തിലുമായാണ് ചിത്രം നിർമിച്ചിട്ടുള്ളത്. തമിഴിൽ പുത്തൻ പുതു നേരവും മലയാളത്തിൽ വേലോത്സവം എന്ന പേരിലുമാണ് ചിത്രം പ്രദർശനത്തിനെത്തുക. പാലക്കാട്ടുകാരിയും യുവതലമുറയിലെ അറിയപ്പെടുന്ന ഗായികയുമായ മാതംഗി അജിത് കുമാർ ആലപിച്ച വേലോത്സവത്തിലെ ഗാനങ്ങൾ തമിഴിലും മലയാളത്തിലും ഏറെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. തമിഴിലും മലയാളത്തിലുമായി ചിത്രം ഉടൻ പ്രദർശനത്തിനെത്തുമെന്ന്അണിയറ പ്രവർത്തകർ അറിയിച്ചു.










