03:35pm 31 January 2026
NEWS
കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയ് ജീവനൊടുക്കിയത് ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്കിടെ
30/01/2026  08:06 PM IST
nila
കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയ് ജീവനൊടുക്കിയത് ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്കിടെ

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയ് ജീവനൊടുക്കിയത് ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്കിടെ. തൃശ്ശൂർ സ്വദേശിയായ ചിരിയങ്കണ്ടത്ത് ജോസഫ് റോയ് എന്ന സി.ജെ റോയ് സ്വന്തം തോക്ക് കൊണ്ട് സ്വയം വെടിയുതിർക്കുകയായിരുന്നു. ബെംഗളൂരുവിലെ കോൺഫിഡന്റ് ഗ്രൂപ്പിന്റെ കോർപറേറ്റ് ഓഫീസിൽ ഇന്നു വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. 

സിനിമ നിർമാതാവ് കൂടിയാണ് സി ജെ റോയ്. റിയൽ എസ്‌റ്റേറ്റ് പ്രോജക്ടുകളിലൂടെയാണ് ഇദ്ദേഹം വ്യവസായ രംഗത്ത് പ്രശസ്തനാവുന്നത്. വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി, ഏവിയേഷൻ, എന്റർടെയിൻമെന്റ്, റീട്ടെയിൽ രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് അപ്രതീക്ഷിതമായി ജീവിതം അവസാനിപ്പിച്ചത്. ഇദ്ദേഹത്തിന്റെ സ്ഥാപനങ്ങളിൽ കുറച്ചുദിവസങ്ങളായി പരിശോധനകൾ നടന്നുവരികയായിരുന്നു. ഇതിൽ അദ്ദേഹം മാനസിക സമ്മർദത്തിലായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. 

നേരത്തേ നടത്തിയ പ്രധാന പരിശോധനയുടെ തുടർനടപടികളുടെ ഭാ​ഗമായാണ് ഇന്നും ആദായനികുതി വകുപ്പ് ഉദ്യോ​ഗസ്ഥർ എത്തിയത്. ഇത്തരം പരിശോധനകളിൽ അറസ്റ്റിനുള്ള സാഹചര്യമില്ല. പരിശോധനയ്ക്കിടെ വാക്കുതർക്കമോ ശബ്ദമുയർത്തിയുള്ള സംസാരം പോലുമോ സംഭവിച്ചിട്ടില്ലെന്നും ആദായ നികുതി വകുപ്പു വൃത്തങ്ങൾ പറയുന്നു. പരിശോധന നടക്കുന്ന സ്ഥലത്തുനിന്ന് കോൺസൽ ഓഫിസിലേക്കു പോകാൻ റോയിയെ ഉദ്യോഗസ്ഥർ അനുവദിച്ചു എന്നതിൽനിന്ന് അവിടെ കടുത്ത നിയന്ത്രണമില്ലായിരുന്നു എന്നതു വ്യക്തമാണെന്നും അവർ പറയുന്നു. അശോക് നഗറിലെ ഹൊസൂർ റോഡിലാണ് ഓഫിസ്. സ്‌ലോവാക്യയുടെ ഓണററി കോൺസൽ ആയിരുന്ന റോയിക്ക് കമ്പനി ഓഫിസ് കെട്ടിടത്തിൽത്തന്നെ കോൺസൽ ഓഫിസും ഉണ്ടായിരുന്നു.

ആദായനികുതി നിയമഭാഷയിൽ ‘പ്രൊഹിബിറ്ററി ഓഡർ ലിഫ്റ്റ്’ ചെയ്യുക, സേർച്ച് പൂർത്തിയാക്കുക എന്ന നടപടിക്കായാണ് ഉദ്യോഗസ്ഥർ റോയിയുടെ ഓഫിസിൽ എത്തിയത്. ആദായ നികുതി നിയമമനുസരിച്ച്, നേരത്തേ പരിശോധനയ്ക്ക് എടുക്കാനാവാതിരുന്ന രേഖകളുണ്ടെങ്കിൽ അവ ഉൾപ്പെടുന്ന സ്ഥലം സീൽ ചെയ്യും. അതിന് ‘പ്രൊഹിബിറ്ററി ഒാർഡർ’ ബാധകമാകും. ഈ ഒാർഡർ നീക്കി, സീൽ മാറ്റി, രേഖകളെടുത്ത് പരിശോധിക്കുന്ന നടപടി പുരോഗമിക്കുകയായിരുന്നു. ഇങ്ങനെ സേർച്ച് പൂർത്തിയാക്കുന്നതിന് ഉദ്യോഗസ്ഥർ എത്തുന്നത് മുൻകൂട്ടി അറിയിച്ചിട്ടാണ്. പരിശോധിക്കുന്ന രേഖകൾ ഉദ്യോഗസ്ഥർ കൊണ്ടുപോകുകയാണെങ്കിൽ അതിന്റെ പട്ടികയുണ്ടാക്കാനും അതു സംബന്ധിച്ച വിവരം കക്ഷിയെ അറിയിക്കാനുമടക്കം കൃത്യമായ വ്യവസ്ഥകളുണ്ട്.

കൊച്ചി സ്വദേശിയായ റോയ് ജനിച്ചു വളർന്നത് ബെംഗളുരുവിലാണ്. മെക്കാനിക്കൽ എൻജിനീയറിങ് ബിരുദത്തിനു ശേഷം സ്വിറ്റ്സർലൻഡിലെ എസ്ബിഎസ് ബിസിനസ് സ്കൂളിൽനിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ഡോക്ടറേറ്റ് നേടി. ബഹുരാഷ്ട്ര കമ്പനിയായ എച്ച്പിയിലെ ജോലി രാജിവച്ചാണ് ബിസിനസിലേക്ക് ഇറങ്ങിയത്. 2006 ൽ തുടക്കമിട്ട കോൺഫിഡന്റ് ഗ്രൂപ്പ് കേരളത്തിലും ബെംഗളൂരുവിലും റിയൽ എസ്റ്റേറ്റ് പ്രോജക്ടുകൾ നടപ്പിലാക്കിയാണ് വളർന്നത്. തുടർന്ന് ഹോസ്പിറ്റാലിറ്റി, ഏവിയേഷൻ, എന്റർടെയ്ൻമെന്റ്, വിദ്യാഭ്യാസം, റീട്ടെയിൽ തുടങ്ങിയ രംഗങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. നാലു സിനികൾ നിർമിച്ചിട്ടുണ്ട്. ജീവകാരുണ്യപ്രവർത്തനത്തിൽ തൽപരനായിരുന്നു. ഭാര്യ: ലിനി റോയ്, മക്കൾ: രോഹിത്, റിയ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img