
സിന്ധു നദീജല കരാർ റദ്ദാക്കിയാൽ ഇത്രയും വെള്ളം നമ്മൾ എവിടെ സംഭരിക്കുമെന്ന ചോദ്യം ഉയർത്തി ഓൾ ഇന്ത്യ മജിലിസ്-ഇ- ഇതെഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) നേതാവ് അസദുദ്ദീൻ ഒവൈസി. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ റദ്ദാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം ചൂണ്ടിക്കാട്ടിയായിരുന്നു ഒവൈസിയുടെ ചോദ്യം. അതേസമയം, പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ എടുക്കുന്ന ഏതു തീരുമാനത്തെയും പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പഹൽഗാം ആക്രമണത്തോട് ശക്തമായി പ്രതികരിക്കാൻ അന്താരാഷ്ട്ര നിയമം ഇന്ത്യയ്ക്ക് അവകാശം നൽകിയിട്ടുണ്ടെന്നും ന്യൂഡൽഹിയിൽ കേന്ദ്രസർക്കാർ വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഒവൈസി ചൂണ്ടിക്കാട്ടി.
'സിന്ധു നദീജല കരാർ താൽക്കാലികമായി നിറുത്തിവച്ചത് വളരെ നല്ല കാര്യമാണ്. ഇതൊരു രാഷ്ട്രീയ പ്രശ്നമല്ല. കേന്ദ്രസർക്കാർ എന്തുതീരുമാനമെടുത്താലും ഞങ്ങൾ അതിനെ പിന്തുണയ്ക്കും. ഭീകര ഗ്രൂപ്പുകൾക്ക് അഭയം നൽകുന്ന രാഷ്ട്രത്തിനെതിരെ കേന്ദ്രസർക്കാരിന് നടപടിയെടുക്കാം. പാകിസ്ഥാനെതിരെ സ്വയരക്ഷയ്ക്കായി വ്യോമ, നാവിക ഉപരോധം ഏർപ്പെടുത്താനും അവർക്ക് ആയുധം നൽകുന്നത് നിറുത്തലാക്കാനും അന്താരാഷ്ട്രാ നിയമം നമ്മെ അനുവദിക്കുന്നുണ്ട്'- ഒവൈസി പറഞ്ഞു.
സഞ്ചാരികളെ മതം ചോദിച്ച് വെടിവച്ച് കൊലപ്പെടുത്തിയതിനെ കുറിച്ചും ഒവൈസി പ്രതികരിച്ചു. ആഴത്തിലുള്ള വർഗീയതാണ് തീവ്രവാദികൾ ലക്ഷ്യം വച്ചതെന്നായിരുന്നു ഒവൈസിയുടെ പ്രതികരണം. അതേസമയം, പഹൽഗാമിലെ സുരക്ഷാ വീഴ്ചയും ഒവൈസി ചൂണ്ടിക്കാട്ടി. എന്തുകൊണ്ടാണ് ബൈസാരൻ പുൽമേട്ടിൽ സിആർപിഎഫിനെ വിന്യസിക്കാത്തത്. എന്തുകൊണ്ടാണ് ക്വിക്ക് റിയാക്ഷൻ ടീം അവിടെയെത്താൻ ഒരുമണിക്കൂറോളം എടുത്തത് തുടങ്ങിയ ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചു.











