
വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്നാവശ്യവുമായി നടി ഓവിയ. ടിവികെ റാലിയ്ക്കിടയിൽ തിക്കിലും തിരക്കിലും പെട്ട് 39 പേർ മരണമടഞ്ഞ സംഭവത്തിന് പിന്നാലെയാണ് വിജയ് യെ അറസ്റ്റ് ചെയ്യണമെന്ന് ഓവിയ ആവശ്യപ്പെട്ടിരിക്കുന്നത്. സമൂഹ മാധ്യമത്തിലൂടെയാണ് താരം ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
ഇൻസ്റ്റാഗ്രാം സ്‌റ്റോറിയിൽ ‘അറസ്റ്റ് വിജയ്’ എന്ന് എഴുതിയാണ് നടി പ്രതികരണം അറിയിച്ചത്. എന്നാൽ മണിക്കൂറുകൾക്കകം താരം സ്റ്റോറി ഡിലീറ്റ് ചെയ്തു. തുടർന്ന് സംഭവത്തിൽ തന്റെ പ്രതികരണമായി ഒരു ഉദ്ധരണി താരം പോസ്റ്റ് ചെയ്തു. ‘ജ്ഞാനികൾക്ക് ജീവിതം ഒരു സ്വപ്നമാണ്, വിഡ്ഢികൾക്ക് ജീവിതം കളിയാണ്, ധനികർക്ക് അതൊരു തമാശയാണ്, എന്നാൽ പാവപ്പെട്ടവനാവട്ടെ ദുരന്തവും’ എന്ന് എഴുതിയ ഉദ്ധരണിയാണ് ഓവിയ പങ്കുവച്ചത്.
ഓവിയക്കെതിരെ വലിയ സൈബർ ആക്രമണമാണ് വിജയ്‌യുടെ ആരാധകർ നടത്തുന്നത്. തെറികൾ അടങ്ങിയ കമന്റുകളുടെ സ്ക്രീൻഷോട്ട് ഓവിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചു. ‘ചീത്ത പറയാനാണ് വന്നത്. എന്നാൽ ചീത്ത വിളിക്കുന്ന കമന്റുകൾ കണ്ട് മനസ്സിന് സമാധാനം തോന്നുന്നു’ എന്നാണ് ഓവിയയുടെ ചിത്രത്തിന് താഴെ ഒരാൾ കുറിച്ചിരിക്കുന്നത്.











