
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്ന കേസിൽ കൊല്ലം സ്വദേശിനിയായ യുവതി അറസ്റ്റിൽ. കൊല്ലം കല്ലട സ്വദേശി ചിഞ്ചു അനീഷാണ് അറസ്റ്റിലായത്. കൊച്ചിയിൽ നിന്നാണ് ഇവരെ പുനലൂർ പൊലീസ് പിടികൂടിയത്. പുനലൂർ കറവൂർ സ്വദേശി നിഷാദിന്റെ പരാതിയിലാണ് നടപടി. കപ്പലിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പല തവണയായി പതിനൊന്നര ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. കേസിലെ നാലാം പ്രതിയാണ് ചിഞ്ചു അനീഷ്. ഒന്നാം പ്രതി ബിനിലിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. രണ്ടും, മൂന്ന് പ്രതികൾ ഒളിവിലാണ്.
മാസം രണ്ടു ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന കപ്പൽ ജോലി വാഗ്ദാനം ചെയ്താണ് സംഘം നിഷാദിൽ നിന്നും പണം തട്ടിയത്.വായ്പ എടുത്താണ് നിഷാദ് പണം നൽകിയത്. സമൂഹ മാധ്യമത്തിലൂടെ പരസ്യം കണ്ടാണ് ജോലിക്ക് അപേക്ഷിച്ചത്. ഗുഗിൾ മീറ്റ് വഴിയായിരുന്നു ചിഞ്ചു അപേക്ഷകരോട് സംസാരിച്ചിരുന്നത്. ഇത്തരത്തിൽ ജോലി വാഗ്ദാനം ചെയ്ത് കോടികളാണ് ഇവരടങ്ങുന്ന സംഘം പല ചെറുപ്പക്കാരിൽ നിന്നും തട്ടിയെടുത്തത്.
2023 മേയ് മുതൽ നവംബർ വരെ പലതവണയായിട്ടാണ് നിഷാദ് ഇവർക്ക് പണം നൽകിയിരുന്നത്. വലിയതോതിലുള്ള പരാതി ഉയർന്നതോടെ എറണാകുളത്ത് ഇവർക്കുണ്ടായിരുന്ന ടാലന്റ് വീസ എച്ച്ആർ കൺസൾട്ടൻസി എന്ന സ്ഥാപനം അടച്ചുപൂട്ടിയിരുന്നു.











