08:38am 19 April 2026
NEWS
10 ലക്ഷത്തിലധികം ഇന്ത്യക്കാർക്ക് ട്രംപിന്റെ വക മുട്ടൻ പണി; അമേരിക്കയിൽ ഇനി ജന്മനാ പൗരത്വം ഇല്ല

22/01/2025  05:24 PM IST
nila
 10 ലക്ഷത്തിലധികം ഇന്ത്യക്കാർക്ക് ട്രംപിന്റെ വക മുട്ടൻ പണി; അമേരിക്കയിൽ ഇനി ജന്മനാ പൗരത്വം ഇല്ല

ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ ഇന്ത്യയിലേക്ക് വൻ നിക്ഷേപത്തിന് ട്രംപ് തയ്യാറെടുക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന ട്രംപ് അമേരിക്കയുടെ പ്രസിഡന്റായത് ഇന്ത്യക്ക് ​ഗുണം ചെയ്യുമെന്ന തരത്തിലുള്ള പ്രചാരണവും ശക്തമായിരുന്നു. എന്നാൽ, അമേരിക്കയിൽ നിന്നും ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ ഇന്ത്യക്കാരെ സംബന്ധിച്ച് അത്ര സുഖകരമല്ല. പ്രത്യേകിച്ച് അമേരിക്കൻ പൗരത്വം കാത്തു കഴിയുന്നവർക്ക്. പത്തു ലക്ഷത്തിലേറെ ഇന്ത്യക്കാരുടെ സ്വപ്നങ്ങൾക്കുമേൽ കരിനിഴൽ വീഴ്ത്തുന്ന ഉത്തരവാണ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ പുറപ്പെടുവിച്ചിരിക്കുന്നത്. 

അമേരിക്കയിൽ ജനിക്കുന്നവർക്ക് പൗരത്വം നൽകുന്നത് നിറുത്തലാക്കുന്നു എന്നതാണ് അമേരിക്കൻ പ്രസിഡന്റിന്റെ ഉത്തരവ്. ഇതുസംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചുകഴിഞ്ഞു. അമേരിക്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്കുള്ളിലാണ് യുഎസിൽ ജനിച്ച എല്ലാവർക്കും പൗരത്വം നൽകേണ്ടതില്ലെന്ന ഉത്തരവിൽ ഒപ്പുവെച്ചിരിക്കുന്നത്. പുതിയ ഉത്തരവനുസരിച്ച് പത്തു ലക്ഷത്തോളം ഇന്ത്യക്കാരുടെ അമേരിക്കൻ പൗരത്വം എന്ന സ്വപ്നമാണ് പൊലിയുന്നത്.

ഒരു കുട്ടിക്ക് അമേരിക്കൻ പൗരത്വം ലഭിക്കണമെങ്കിൽ കുട്ടിയുടെ ഒരു രക്ഷിതാവെങ്കിലും അമേരിക്കൻ പൗരനോ ഗ്രീൻ കാർഡ് കൈവശമുള്ളയാളോ ആയിരിക്കണം. 2022ലെ യുഎസ് സെൻസസ് അടിസ്ഥാനമാക്കി പ്യൂ റിസേർച്ച് നടത്തിയ വിശകലനത്തിൽ 48 ലക്ഷം ഇന്ത്യക്കാർ അമേരിക്കയിൽ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്, അവരിൽ 16 ലക്ഷം പേർ(34 ശതമാനം) യുഎസിൽ ജനിച്ചവരാണ്. അതായത് ഇവർക്ക് മുൻ നിയമം അനുസരിച്ച് ജന്മനാ അമേരിക്കൻ പൗരത്വം ലഭിക്കും. എന്നാൽ, പുതിയ ഉത്തരവനുസരിച്ച് നിലവിൽ അമേരിക്കയിൽ ജനിക്കാത്ത കുട്ടികളും പതിറ്റാണ്ടുകളായി ഗ്രീൻ കാർഡ് ലഭിക്കാതെ കിടക്കുന്ന കുടുംബങ്ങളിലെ കുട്ടികളും 21 വയസ്സു തികയുമ്പോൾ അമേരിക്കയിൽ നിന്നും പോകണം. അല്ലെങ്കിൽ മറ്റൊരു വിസ തിരഞ്ഞെടുക്കുകയോ ചെയ്യേണ്ടി വരും. 

തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തന്നെ ട്രംപ് പൗരത്വ പ്രശ്നം സജീവമായി ഉയർത്തിയിരുന്നു.  ‘അമേരിക്കൻ പൗരത്വത്തിന്റെ അർത്ഥവും മൂല്യവും സംരക്ഷിക്കും’ എന്നായിരുന്നു പ്രചാരണ സമയത്തെ ട്രംപിന്റെ വാ​ഗ്ദാനം. നിയമവിരുദ്ധമായി അമേരിക്കയിൽ എത്തുന്നവരുടെ കുഞ്ഞുങ്ങൾക്കുള്ള പൗരത്വം മാത്രമെ റദ്ദാക്കുകയുള്ളൂവെന്നായിരുന്നു അന്ന് ഭൂരിപക്ഷവും കരുതിയത്. എച്ച്-1 ബി വിസ പോലെയുള്ള നിയമപരമായി അമേരിക്കയിൽ എത്തിയവരെയും മറ്റ് വർക്ക് വിസയായ എൽ-വിസ(ഇൻട്രാ-കമ്പനി), എഫ് വിസ(സ്റ്റുഡന്റ്) എന്നിവയിൽ അമേരിക്കയിൽ എത്തിയവരെ പോലും ബാധിക്കില്ലെന്നായിരുന്നു പല ഇന്ത്യൻ കുടുംബങ്ങളുടെയും വിശ്വാസം. എന്നാൽ, ട്രംപിന്റെ പുതിയ നടപടി അവരിൽ കടുത്ത ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.

തൊഴിലുമായി ബന്ധപ്പെട്ട് ഗ്രീൻ കാർഡിനായി പതിറ്റാണ്ടുകളായി കാത്തുനിൽക്കുന്ന പത്ത് ലക്ഷത്തിലധികം ഇന്ത്യക്കാരുടെ ഭാവിയെ ഇത് ബാധിക്കുമെന്നാണ് കരുതുന്നത്. അമ്മ നിയമപരമായും എന്നാൽ താത്കാലികമായും(ഉദാ: ഒരു സന്ദർശക എന്ന നിലയിലോ കുടിയേറ്റേതര വിസയിലോ - അത് H-4 പോലുള്ള ആശ്രിത വിസയിലോ ജോലി വിസയിലോ എത്തിയതാണെങ്കിൽ) യുഎസിലേക്ക് കുടിയേറിയതാണെങ്കിലും അച്ഛന് ഗ്രീൻ കാർഡ് ലഭിച്ചിട്ടില്ലെങ്കിലോ അല്ലെങ്കിൽ യുഎസ് പൗരനല്ലാത്തതോ കാരണം അവർക്ക് ജനിക്കുന്ന കുട്ടിക്ക് സ്വാഭാവികമായുള്ള അമേരിക്കൻ പൗരത്വം ലഭിക്കില്ല.

യുഎസിൽ ജനിച്ച എല്ലാവർക്കും പൗരത്വം സാർവത്രികമായി നൽകുന്ന തരത്തിൽ യുഎസ് ഭരണഘടനയിലെ 14-ാം ഭേദഗതി ഒരിക്കലും വ്യാഖ്യാനിക്കപ്പെട്ടിട്ടില്ലെന്ന് ട്രംപിന്റെ എക്‌സിക്യുട്ടിവ് ഉത്തരവ് ചൂണ്ടിക്കാണിക്കുന്നു. യുഎസിൽ ജനിച്ചതെങ്കിലും അതിന്റെ അധികാരപരിധിക്ക് വിധേയമല്ലാത്ത വ്യക്തികളെ ജന്മാവകാശ പൗരത്വത്തിൽ നിന്ന് എല്ലായ്‌പ്പോഴും ഒഴിവാക്കിയിട്ടുണ്ട്.

ഈ എക്‌സിക്യുട്ടിവ് ഉത്തരവിനെ ചോദ്യം ചെയ്ത് ആദ്യം കേസ് ഫയൽ ചെയ്തത് അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ(എസിഎൽയു) പോലെയുള്ള കുടിയേറ്റ അവകാശ പ്രവർത്തകരാണ്.

മാതാപിതാക്കൾ രണ്ടുപേരും യുഎസിൽ എച്ച്-1B, എച്ച്-4(ആശ്രിത വിസ) പോലെയുള്ള നോൺ-ഇമിഗ്രന്റ് സ്റ്റാറ്റസിലുള്ളവരാണെങ്കിൽ, ട്രംപിന്റെ എക്‌സിക്യുട്ടിവ് ഉത്തരവ് പ്രകാരം സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് കുട്ടിക്ക് യുഎസ് പാസ്‌പോർട്ട് നൽകില്ല. കാരണം അവർ ഇനി അതിന്റെ അധികാരക പരിധിക്ക് ഉള്ളിൽ വരില്ല. “ട്രംപിന്റെ എക്‌സിക്യുട്ടിവ് ഉത്തരവ് കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്ന് ഉറപ്പാണ്. എന്നാൽ, ഭരണഘടനയിലെ പതിനാലാം ഭേദഗതിയെക്കുറിച്ചുള്ള ട്രംപിന്റെ വ്യാഖ്യാനത്തോട് ഭൂരിഭാഗം യാഥാത്ഥിതിക ജഡ്ജിമാരും യോജിക്കാനാണ് സാധ്യത. അതിനാൽ ട്രംപ് ഭരണകൂടം ഇത് സുപ്രീം കോടതി വരെ കൊണ്ടുപോകുമെന്നാണ് കരുതുന്നത്,” ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇമിഗ്രേഷൻ അറ്റോർണി സൈറസ് ഡി മെഹ്തയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

നിലവിൽ ഗ്രീൻ കാർഡിനായി വളരെക്കാലമായി കാത്തുനിൽക്കുന്ന നിരവധി ഇന്ത്യൻ ദമ്പതികൾ അമേരിക്കയിലുണ്ട്. തങ്ങൾക്ക് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ലഭിക്കുന്ന സ്വാഭാവികമായുള്ള ജന്മനായുള്ള പൗരത്വം ഇക്കൂട്ടർക്ക് വലിയ ആശ്വാസം നൽകിയിരുന്നു. എന്നാൽ, ഇനി അത് നടക്കില്ലെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. പൗരത്വമില്ലാത്ത, ഗ്രീൻ കാർഡ് ഉടമകളല്ലാത്ത മാതാപിതാക്കളുള്ള കുട്ടികളുടെ ഭാവി ഇനി അമേരിക്കയിലെ കോടതികളാണ് നിർണയിക്കുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img