
ദോഹ: ഒൻപതും പത്തും ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ടെറ്റനസ്, ഡിഫ്തീരിയ, പെർട്ടുസിസ് (ടിഡാപ്പ്) പ്രതിരോധ കുത്തിവയ്പ് നൽകുന്നതിനുള്ള വാർഷിക ദേശീയ ക്യാമ്പയിന് ഖത്തറിൽ തുടക്കമായി. പൊതുജനാരോഗ്യ മന്ത്രാലയം, വിദ്യാഭ്യാസ–ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപ്പറേഷൻ, പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ എന്നിവയുടെ സഹകരണത്തിലാണ് 2026ലെ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
രാജ്യത്തെ സർക്കാർ, സ്വകാര്യ, കമ്മ്യൂണിറ്റി സ്കൂളുകളിലായി 278 സ്ഥാപനങ്ങളിലെ 51,772 വിദ്യാർത്ഥികൾക്കാണ് വാക്സിൻ നൽകുന്നത്. ക്യാമ്പയിൻ പ്രവർത്തനങ്ങൾ സ്കൂളുകളിൽ ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചു. കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനുള്ള രക്ഷിതാക്കളുടെ സമ്മതപത്രങ്ങളും വിതരണം ചെയ്തിട്ടുണ്ട്.
2011ൽ ആരംഭിച്ച ടിഡാപ്പ് വാക്സിനേഷൻ പദ്ധതി കഴിഞ്ഞ 15 വർഷത്തിനിടെ വലിയ മുന്നേറ്റം കൈവരിച്ചതായി വ്യക്തമാക്കി. ആരോഗ്യപ്രവർത്തകരുടെ സമർപ്പിത സേവനവും പങ്കാളി സ്ഥാപനങ്ങളുടെ പിന്തുണയും സമൂഹത്തിന്റെ സഹകരണവുമാണ് ഉയർന്ന വാക്സിൻ കവറേജ് നിലനിർത്താൻ സഹായിച്ചതെന്ന്
പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഹെൽത്ത് പ്രൊട്ടക്ഷൻ ആൻഡ് കമ്മ്യൂണിക്കബിൾ ഡിസീസ് കൺട്രോൾ വിഭാഗം ഡയറക്ടർ ഡോ. ഹമദ് ഈദ് അൽ-റൊമൈഹിപറഞ്ഞു.
2024–2030 ദേശീയ ആരോഗ്യ തന്ത്രത്തിന്റെ ഭാഗമായാണ് ഈ ക്യാമ്പയിൻ നടപ്പാക്കുന്നത്. ജനങ്ങളുടെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ലക്ഷ്യമിട്ട് ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. വാക്സിനുകളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റുകയും പ്രതിരോധ സംസ്കാരം വളർത്തുകയും ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇതിനോടനുബന്ധിച്ച്, ഏകദേശം 240 മെഡിക്കൽ–നഴ്സിംഗ് വിദഗ്ധരുടെ പങ്കാളിത്തത്തോടെ ബോധവത്കരണ വർക്ക്ഷോപ്പും സംഘടിപ്പിച്ചു. വാക്സിൻ നൽകുന്നതിലെ പുതിയ ശാസ്ത്രീയ പുരോഗതികളും ചെറിയ പാർശ്വഫലങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനവും വർക്ക്ഷോപ്പിൽ ഉൾപ്പെടുത്തിയിരുന്നു. രക്ഷിതാക്കൾക്ക് വീട്ടിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും നിർദേശങ്ങൾ നൽകി.











