
ദോഹ: ബലിപെരുന്നാൾ (ഈദുൽ അദ്ഹ) അവധിക്കാലത്ത് ഖത്തറിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ (PHCC) ചികിത്സ തേടിയെത്തിയത് 18,700-ലധികം രോഗികളെന്ന് പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ ഔദ്യോഗികമായി അറിയിച്ചു. അവധിദിനങ്ങളിൽ റൊട്ടേഷൻ അടിസ്ഥാനത്തിൽ പ്രവർത്തിച്ച ഹെൽത്ത് സെന്ററുകളിലൂടെയും, '16000' എന്ന ഹോട്ട്‌ലൈൻ വഴിയുള്ള വെർച്വൽ മെഡിക്കൽ കൺസൾട്ടേഷനുകളിലൂടെയുമാണ് ഇത്രയും പേർക്ക് വേഗത്തിൽ മികച്ച വൈദ്യസഹായം ലഭ്യമാക്കിയത്.
അവധിദിനങ്ങളിൽ പ്രവർത്തിച്ച 21 ഹെൽത്ത് സെന്ററുകളിലെ ഫാമിലി മെഡിസിൻ ക്ലിനിക്കുകൾ വഴി 7,255 രോഗികൾക്കും, ജനറൽ ഡെന്റൽ ക്ലിനിക്കുകൾ വഴി 888 രോഗികൾക്കും സേവനം നൽകി. കൂടാതെ, അടിയന്തിര ചികിത്സാ വിഭാഗങ്ങൾ (Urgent Care Units) പ്രവർത്തിച്ച 15 ഹെൽത്ത് സെന്ററുകളിലായി 8,566 കേസുകളാണ് കൈകാര്യം ചെയ്തത്.
മുൻകൂട്ടി അപ്പോയിന്റ്‌മെന്റുകൾ എടുക്കാതെ '16000' എന്ന ഹോട്ട്‌ലൈൻ നമ്പറിലേക്ക് വിളിച്ച രോഗികൾക്കായി പി.എച്ച്.സി.സിയുടെ കമ്മ്യൂണിറ്റി കോൾ സെന്റർ വഴി 1,032 വെർച്വൽ മെഡിക്കൽ കൺസൾട്ടേഷനുകൾ (വീഡിയോ, വോയ്‌സ് കോളുകൾ വഴി) നൽകി. അടിയന്തിര സാഹചര്യങ്ങളിൽ രോഗികൾക്ക് താമസമില്ലാതെ വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാനും മരുന്നുകൾ കുറിച്ചു നൽകാനും ഈ സംവിധാനം ഏറെ സഹായകരമായി.
ദേശീയ അവധിദിനങ്ങളിലും മറ്റ് ആഘോഷവേളകളിലും ജനങ്ങൾക്ക് യാതൊരുവിധ താമസമോ തടസ്സമോ കൂടാതെ ഗുണമേന്മയുള്ള ആരോഗ്യസേവനങ്ങൾ ഉറപ്പാക്കാൻ പി.എച്ച്.സി.സി പൂർണ്ണ സജ്ജമാണെന്നും, ഉപഭോക്താക്കളുടെ ആവശ്യങ്ങൾ കൃത്യമായി നിറവേറ്റാൻ കഴിഞ്ഞിട്ടുണ്ടെന്നും കോർപ്പറേഷൻ പ്രസ്താവനയിൽ വ്യക്തമാക്കി.










